Advertisment

അട്ടപ്പാടിക്കായി കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ; നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലെത്തണം; അട്ടപ്പാടിയിലെ ശിശുമരണം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി

New Update

പാലക്കാട്: അട്ടപ്പാടിക്കായി കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ആദിവാസികളിലെത്തണം. ആദിവാസികളെ എക്കാലത്തും ഫീഡ് ചെയ്യേണ്ടവരാക്കി നിർത്തരുത്, അവരെ സ്വയംപര്യാപ്തരാക്കണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാർഗ്ഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം, ഡിഎംഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടു.

അട്ടപ്പാടിക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി. മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തലുണ്ടാവും. അട്ടപ്പാടിക്കായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കും.

മൈക്രോ ലെവൽ പ്ലാനിലൂടെ ഓരോ ഊരിലേയും പ്രശ്നം പരിശോധിക്കും. ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം കോട്ടത്തറ ആശുപത്രിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും അറിയിച്ചു.

നാല് ദിവസത്തിൽ പോഷകാഹാരക്കുറവ് മൂലം നാല് കുഞ്ഞുങ്ങളാണ് മരിച്ചത്. അട്ടപ്പാടിയിലെ ശിശുമരണം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്നും അവർ പറഞ്ഞു.

Advertisment