ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി; പരീക്ഷകൾ ജൂണ്‍ 21 മുതൽ; വിദ്യാര്‍ത്ഥികൾക്ക് ആന്റിജന്‍ പരിശോധന നിർബന്ധം

New Update

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ പരീക്ഷകളും ജൂണ്‍ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment

publive-image

എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തണമെന്ന് നിര്‍ദേശം നല്‍കി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളും ആന്റിജന്‍ പരിശോധന നടത്തേണ്ടതാണ്. പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ത്ഥികളെയാണ് പ്രധാന ഹാളിലിരുത്തുക.

പരിശോധനയില്‍ പോസീറ്റീവായ വിദ്യാര്‍ത്ഥികളെ മറ്റൊരു ഹാളിലിരുത്തും. ഇവിടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതാണ്. പരീക്ഷാ ഹാളില്‍ 2 മീറ്റര്‍ അകലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ടതെന്ന് മന്ത്രി അറിയിച്ചു.

ഹോസ്റ്റലില്‍ വരേണ്ട വിദ്യാര്‍ത്ഥികള്‍ കഴിവതും നേരത്തെ കോവിഡ് പരിശോധന നടത്തി ഹോസ്റ്റലില്‍ എത്തേണ്ടതാണ്. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കുന്നതല്ല.

പോസിറ്റീവായ വിദ്യാര്‍ത്ഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്. രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടി നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളില്ലാത്തവര്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി.

പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടൈന്‍മെന്റ് സോണിലാണെങ്കില്‍ അത് അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുന്നതാണ്.

അതുപോലെ കണ്ടൈന്‍മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പോകാനും അനുമതി നല്‍കും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങള്‍ കോളേജ് തന്നെ ഒരുക്കേണ്ടതാണ്.

veena george veena george speaks
Advertisment