ഈ മുറി തങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ, കാണിക്കാമോ ?; പ്രതികളുടെ തന്ത്രപരമായ കെണിയില്‍ ചെറിയാന്‍ വീണു ; മുറി തുറന്ന് അകത്തു കയറിയ ഉടന്‍ ജീവനെടുത്തു ; പറമ്പിലെ പണിക്കെത്തി ദമ്പതികളെ വകവരുത്താന്‍ പ്രതികള്‍ മെനഞ്ഞ തന്ത്രം ഇങ്ങനെ

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, November 16, 2019

ആലപ്പുഴ : വെൺമണി ഇരട്ടക്കൊലക്കേസ് അന്വേഷണം തുടങ്ങി 14 മണിക്കൂറിൽ പ്രതികളെ പിടികൂടിയത് ഒട്ടേറെ വെല്ലുവിളികൾ അതിജീവിച്ചെന്ന് എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയും.

ആഞ്ഞിലിമൂട്ടിൽ വീട്ടിലെ പറമ്പിൽ പണിക്കെത്തിയ പ്രതികൾ തന്ത്രപൂർവമാണു ഗൃഹനാഥൻ എ.പി.ചെറിയാനെ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ കയറ്റി കൊലപ്പെടുത്തിയത്.

ഈ മുറി തങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ, കാണിക്കാമോ എന്നു പ്രതികൾ ചെറിയാനോടു ചോദിച്ചു. ചെറിയാൻ ആ കെണിയിൽ വീണു. സ്റ്റോർ മുറി തുറന്നയുടൻ പ്രതികൾ ആക്രമിക്കുകയായിരുന്നു. പിന്നീടാണ് അടുക്കളയിൽ ലില്ലിയെ കൊലപ്പെടുത്തിയത്. പ്രതികളുടെ പരിചയക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഇവർക്കു താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തിയിരുന്നു.

അവിടെയെത്തി സ്ഥലം വൃത്തിയാക്കാൻ പറഞ്ഞെങ്കിലും ചെയ്തില്ല. കൊലയും കൊള്ളയും നടത്തി വേഗം നാട്ടിലേക്കു കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ദിവസം 650 രൂപ കൂലിക്കാണു പ്രതികൾ 2 ദിവസം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ജോലി ചെയ്തത്. വീട്ടുകാർ ആവശ്യപ്പെടാതെ തെങ്ങിൽ കയറി തേങ്ങയിട്ടിരുന്നു. അതിനു പ്രത്യേകം കൂലിയും വാങ്ങി.

ഇതര സംസ്ഥാനക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ ആലോചിക്കുമെന്നു ഡിഐജി പറഞ്ഞു.

×