/sathyam/media/post_attachments/Vb1LFQydco7eNJssJLK4.jpg)
മനസില്‍ വിഷു പകര്‍ന്നു നല്‍കുന്ന മധുരസ്മരണകളെ തലോടി കഴിയുകയാണ് ലോക്ക്ഡൗണില്‍ അകപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനാകാതെ വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഓരോ മലയാളിയും. പ്രവാസിയുടെ വിഷുവിചാരങ്ങളെക്കുറിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടി എഴുതിയ കുറിപ്പ് ഈ സാഹചര്യത്തില്‍
ശ്രദ്ധേയമാവുകയാണ്. പ്രവാസജീവിതത്തിനിടയിലും കണിയൊരുക്കിയിരുന്ന പ്രവാസി ഇന്ന് അവശ്യവസ്തുക്കള്‍ പോലും കിട്ടാതെ ഒതുങ്ങി ജീവിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു.
വിഭീഷ് തിക്കോടിയുടെ കുറിപ്പിലേക്ക്...
കോറോണ കാലത്തെ,
പ്രവാസിയുടെ വിഷു വിചാരങ്ങൾ.
വരാനിരിക്കുന്ന വർഷത്തിന്റെ സമൃദ്ധിക്കും ഐശ്വരത്തിനും വേണ്ടി നാം ആചരിക്കുന്ന വിഷു വന്നെത്തി. ഭയാനകമായ കോറോണ ഉയർത്തിവിട്ട വർത്തമാന ആശങ്കകളും ആകുലതകളും ആഘോഷത്തിന്റെ അതിർവരമ്പുകൾ വെട്ടി ചുരുക്കിയിരിക്കുകയാണ്.
പിറന്ന മണ്ണിന്റെ പുണ്യവും പേറി പ്രവാസിയായി കുവൈറ്റിന്റെ തീരമണഞ്ഞപ്പോഴും മനസ്സിൽ കെടാതെ ജ്വലിക്കുന്ന സംസ്കൃതിയുടെ അടയാളങ്ങൾ പകരുന്ന ഊർജ്ജം വളരെ വലുതാണ്. അതിജീവനത്തിന്റെ പാതയിൽ ഋഷി പരമ്പരയുടെ സൗമ്യ സുന്ദരമായ ദർശനങ്ങൾ എന്നും ജീവിതത്തിന് വെളിച്ചം വീശിയിരുന്നു. ഗതകാല സ്മരണകൾ നേഞ്ചേടു ചേർക്കുവാനായ് പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും പരിമിതികൾക്കിടയിലും ആവും പോലെ ഉത്സവങ്ങളെയും ആഘോഷങ്ങളെയും ചേർത്ത് പിടിക്കാറുണ്ട്, ആചരിക്കാറുണ്ട്.
/sathyam/media/post_attachments/8hHJCH0PZDkpi4AdELSQ.jpg)
കാലഗണനയുടെ പുസ്തകത്തിലെ ദീപ്തമായ ഒരു താൾ മാത്രമല്ല വിഷുവെന്നത്. സമരാത്ര ദിനമെന്നതിനപ്പുറം ആത്മാവിനെ ഉരുക്കുന്ന മീനചൂടിൽ നിന്നും പുതിയൊരുണർവ് പ്രദാനം ചെയ്യുന്ന പ്രയാണ കാലത്തിന്റെ തുടക്കം കൂടിയാണ് മേട സംക്രമമെന്ന വിഷു.
പ്രതീക്ഷയുടെ ആനന്ദധാര പ്രദാനം ചെയ്യുന്ന സർഗ്ഗാത്മകതയാണ് വിഷുക്കണി. ഗൃഹാതുര സ്മരണകളുടെ വേലിയേറ്റങ്ങൾ ഉള്ളകങ്ങളിലെ വിഹ്വലതകളെ മാറ്റി, ഹൃദയത്തിനേടുകളിൽ നന്മയുടെ കർണ്ണികാരം പൂക്കുമ്പോൾ നാമറിയൊതെ പ്രകൃതിയുമായ് സമരസപ്പെടും. അതു തന്നെയാണ് ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നതും.
നാട്ടിലെപ്പോലെ കണിക്കൊന്നയും ചക്കയും ,മാങ്ങയും ,കണിവെള്ളരിയും തൊടിയിൽ നിന്ന് ശേഖരിക്കുവാൻ നിർവ്വാഹമില്ലാത്ത മണൽക്കാട്ടിലെ പ്രവാസികൾക്ക് രക്ഷയാവുന്നത് കടൽ കടന്ന് വിപണിയിൽ എത്തുന്ന ഉൽപ്പന്നങ്ങൾ തന്നെയാണ്. പൊന്നു വില കൊടുത്ത് അവ വാങ്ങി കണിയൊരുക്കുക എന്നതായിരുന്നു രീതി. പക്ഷെ കാലവും നേരവും നോക്കാതെ വന്നെത്തിയ ലോക്ക് ഡൗൺ കാരണം കണി സാധനങ്ങൾ മാത്രമല്ല, അവശ്യ വസ്തുക്കൾ പോലും കിട്ടാതെ ഞെരുങ്ങി ,ഒതുങ്ങി ജീവിക്കുകയാണ് ഞങ്ങൾ ഇന്ന് .
/sathyam/media/post_attachments/cgnMFxBcmFrHcPOM9nvY.jpg)
ജീവിതാവസ്ഥകളുടെ വൈരുധ്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയെന്നത് തന്നെയാണ് കരണീയം.
എന്തൊക്കെയില്ലങ്കിലും, എല്ലാറ്റിനെയും പുഞ്ചിരിയോടെ നോക്കി കാണാൻ പഠിപ്പിച്ച ഉണ്ണി കണ്ണന്റെ പ്രതിമയക്ക് മുമ്പിൽ വീട്ടിൽ ഉള്ളത് സമർപ്പിച്ച് പ്രസാദവാന്മാരായി ജീവിക്കാനും ഈ ദശാസന്ധിയെമറികടക്കുവാനും, പ്രതിബന്ധങ്ങളെ ഇല്ലായ്മചെയ്യാനും, സമ്പൂർണ്ണ മാനവരാശിയുടെ ക്ഷേമത്തിന് വേണ്ടിയും സംക്രമ പുലരിയിൽ ദീപം തെളിയിക്കും ഞാൻ .
ഉള്ളിലെ തീക്കനലുകൾ ആറി തണുത്ത്, മനസ്സിന് സ്വാസ്ഥ്യമരുളുന്ന ദിനങ്ങൾ സ്വപ്നം കണ്ട് ഹൃദയത്തെ ശാന്തമാക്കാൻ പ്രാർത്ഥിക്കുന്നതോടൊപ്പം
നിരാലംബരായ സഹോദരങ്ങളുടെ കണ്ണീർ കണങ്ങൾ തുടച്ച് കരുണയോടെ അവർക്ക് ആവുന്ന കൈനീട്ടം നൽകുകയും ചെയ്യും. കരുതലും കനിവും തന്നെയാണ് ജീവിതം. അതിന്റെ വ്യാപ്തി സമൂഹത്തിനായ് ഉപയുക്തമാക്കുകയെന്നത് തന്നെയാണ് പ്രധാനമെന്ന തിരിച്ചറിവിലൂടെ സഞ്ചരിക്കാം പുതു വർഷത്തിലേക്ക്.
"കണികൊന്നയല്ലേ
വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ"...
വിഭീഷ് തിക്കോടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us