Advertisment

അധ്യാപന പരിചയം ഒരു വർഷം മാത്രം, തങ്കുപൂച്ചയുമായി കുട്ടികളുടെ മനം കവർന്ന് സായി ശ്വേത; സോഷ്യൽ മീഡിയയിലും താരം

New Update

സംസ്ഥാനത്ത് തുടങ്ങിയ ഓൺലൈൻ ക്ലാസിൽ ആദ്യ ദിവസം താരമായി മാറിയത് ഒന്നാം ക്ലാസുകാർക്കായി ക്ലാസെടുത്ത സായി ശ്വേത ടീച്ചർ. തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കിട്ടു കുരങ്ങന്റെയും കഥ രസകരമായി പറഞ്ഞതിലൂടെ കൂട്ടികളെ മാത്രമല്ല, പ്രായഭേദമില്ലാതെ ഏവരെയും വിക്ടേഴ്സ് ചാനലിന് മുന്നിൽ പിടിച്ചിരുത്താൻ ടീച്ചറുടെ അവതരണത്തിനായി. തൊട്ടുമുന്നിൽ കുട്ടികൾ ഉണ്ടെന്ന രീതിയിൽ വളരെ നന്നായിട്ടാണ് ടീച്ചർ പഠിപ്പിച്ചതും. ഇതോടെ സോഷ്യൽ മീഡിയയിലും സായി ശ്വേതയായി താരം.

Advertisment

publive-image

ആയിരക്കണക്കിന് പേരാണ് സായി ശ്വേതയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. കൂടാതെ വിക്ടേഴ്സ് ചാനലിന്റെ യു ട്യൂബിൽ സായി ശ്വേതയുടെ അധ്യാപന വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്. ആഴ്ചയിൽ രണ്ട് ദിവസമാണ് സായി ശ്വേതയുടെ ക്ലാസുളളത്. ഇന്ന് 10.30നും കഥയും പാട്ടുമായി കുട്ടികൾക്കായി സായി ശ്വേത എത്തും.

കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപികയായ സായി ശ്വേത അധ്യാപികയായി പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം മാത്രമേ ആയിട്ടുളളൂ. മുതുവടത്തൂർ സ്കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്‌സ് ചാനൽ അധികൃതർ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്‌സ് ചാനലിലെത്തിച്ചത്.

വീഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാൻ ഈ അധ്യാപികയ്ക്ക് വഴിയൊരുങ്ങിയത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന മുതുവടത്തൂർ സ്വദേശി ദിലീപാണ് ഭർത്താവ്. ടിക് ടോക് വീഡിയോ, ഡാൻസ് എന്നിവ ചെയ്യാറുണ്ടെന്നും അത് ഇത്തരത്തിലുളള അധ്യാപനത്തിന് സഹായകമായെന്നും സായി ശ്വേത പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇത്തവണ അധ്യയന വര്‍ഷത്തിന്റെ തുടക്കം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ആയിരുന്നു. ഫസ്റ്റ് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സമയങ്ങളിലായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.

അധ്യാപകരെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയിലും വിക്ടേഴ്‌സ് യു ട്യൂബ് ചാനലിലും എത്തി. ഇതിനിടെ അധ്യാപകര്‍ക്കെതിരെ ട്രോളും അശ്ലീല പരാമര്‍ശവുമായി ഒരു വിഭാഗം ആളുകളും എത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. അശ്ലീല കമന്റുകളും മോശം പരാമര്‍ശങ്ങളും ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ യു ട്യൂബ് വീഡിയോയില്‍ നിന്ന് കമന്റ് രേഖപ്പെടുത്താനുളള ഓപ്ഷന്‍ നീക്കം ചെയ്തു. അശ്ലീല, അസഭ്യ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിക്ടേഴ്സ് ചാനൽ അധികൃതർ അറിയിച്ചു.

സായി ശ്വേതയുടെ ക്ലാസ് കാണാം

sai swetha class teacher class
Advertisment