ആറ് വയസ്സുകാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്; കാരണം വിചിത്രം, വിഡിയോ ; പ്രതിഷേധം ശക്തം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, February 27, 2020

ഒരു കൊച്ചു കുട്ടി ആരെയെങ്കിലും ഇടിച്ചതിനോ ആ കുഞ്ഞു കാലുകൊണ്ട് ആരെയെങ്കിലും തൊഴിച്ചതിനോ എന്ത് ശിക്ഷയാകും നമ്മൾ കൊടുക്കുക. വഴക്ക് പറഞ്ഞ് കുഞ്ഞിനെ കാര്യം പറഞ്ഞു മനസിലാക്കും. അങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കും. കൂടിപ്പോയാൽ രണ്ട് അടി കൊടുക്കുമായിരിക്കും.

എന്നാൽ അമേരിക്കയിലെ ഒർലാന്റോയിൽ ഈ പ്രവർത്തിയ്ക്ക് ഒരു ആറ് വയസ്സുകാരിയെ കാത്തിരുന്നത് കൈവിലങ്ങാണ്. കായ (Kaia) എന്ന കൊച്ചു പെൺകുട്ടിയെ നിർദാക്ഷിണ്യം അറസ്റ്റ് ചെയതുകൊണ്ടുപോകുന്ന പൊലീസ് ഓഫീസറുടെ വിഡിയോ വൈറലാകുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

ഒർലാന്റോ ചാർട്ടർ സ്കൂളിലെ ഉദ്യോഗസ്ഥനെ ഈ കുഞ്ഞ് ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് ഈ കുരുന്നിന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. പൊലീസ് ഓഫീസറുടെ ശരീരത്തിൽ ഘടിപ്പിച്ച വിഡിയോ പകർത്തിയ ഈ ദൃശ്യങ്ങൾ വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.

കൈവിലങ്ങ് കണ്ട് ഇതെന്തിനാണെന്ന് കുട്ടി ചോദിക്കുന്നുണ്ട്. ഇത് നിനക്കുള്ളതാണെന്ന് മറുപടിയും കേൾക്കാം. പിന്നീട് മറ്റൊരു ഓഫിസർ ആ കുഞ്ഞു കൈകൾ അവ കൊണ്ട് ബന്ധിക്കുന്നതും കാണാം. അതോടെ കായ സഹായിക്കണേ എന്ന ഉച്ചത്തിൽ കരയാൻ തുടങ്ങി.

പിന്നീട് പൊലീസ് വാഹനത്തിലേയ്ക്ക് ആ കുട്ടിയെ കൊണ്ടു പോകാനൊരുങ്ങുമ്പോൾ എനിക്ക് പൊലീസ് കാറിൽ പോകണ്ട എന്ന് അവൾ വിതുമ്പുന്നതും കേൾക്കാം. ‘നിനക്ക് പോകണ്ടേ… പോയേ മതിയാകൂ’ എന്ന് ഓഫീസർ പറയുന്നു. എനിക്ക് ഒരവസരം കൂടിത്തരൂ എന്നവൾ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു. വാഹനത്തിൽ കയറ്റി സീറ്റ് ബെൽറ്റ് ഇടുന്നതും കരച്ചിലോടെ കായ ഇരിക്കുന്നതും വിഡിയോയിൽ കാണാം. ടർണർ എന്ന ഈ പോലീസ് ഒഫീസർക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു.

അറസ്റ്റിനെ തുടർന്ന് ടർണർക്ക് ശിക്ഷാനടപടി ഉണ്ടായതായി ഒർലാന്റോ പൊലീസ് ചീഫ് അറിയിച്ചു. ഇദ്ദേഹത്തിനെതിരെ സമാനമായ കേസുകൾ മുന്‍പും ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുണ്ട്.

×