ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെ, സംഘടനയുമായുളള യാത്ര അവസാനിപ്പിച്ചെന്ന് വിധു വിന്‍സെന്റ്

ഫിലിം ഡസ്ക്
Saturday, July 4, 2020

വിമെന്‍ ഇന്‍ സിനിമ കളക്ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഇതെന്നും വിധു വിന്‍സെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുളള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകും. കൂടാതെ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെ എന്നും വിധു വിന്‍സെന്റ് പറയുന്നു.

ഡബ്ല്യുസിസിയുടെ ആരംഭകാലം മുതല്‍ അവരുടെ നിലപാടുകള്‍ മാധ്യമങ്ങളിലേക്ക് എത്തിയിരുന്നത് പലപ്പോഴും വിധു വിന്‍സെന്റ് വഴിയായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ താരസംഘടനയ്ക്ക് അകത്തും പുറത്തും ഡബ്ല്യുസിസി ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. നടന്‍ ദിലീപിനെതിരെ ഈ കേസുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകള്‍ ഡബ്ല്യുസിസി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിലും വിധു വിന്‍സെന്‍റ് മുന്നിലുണ്ടായിരുന്നു.

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നി സിനിമകളുടെ സംവിധായിക കൂടിയായ വിധു വിന്‍സെന്റിനെതിരെ അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പരസ്യമായി പിന്തുണക്കുകയും ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നായകനാക്കി സിനിമ ചെയ്യുകയും ചെയ്ത ബി ഉണ്ണിക്കൃഷ്ണനുമായി ചേര്‍ന്ന് സിനിമ ചെയ്തതിനെതിരെ ആയിരുന്നു വിധുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ പ്രധാനി ബി ഉണ്ണിക്കൃഷ്ണനായിരുന്നു. മലയാള സിനിമയിലുള്ള നൂറുപേരെയെടുത്താൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ നടനുമായി(ദിലീപ്) ബന്ധമില്ലാത്ത, സൗഹൃദമില്ലാത്ത രണ്ടുപേരെങ്കിലുമുണ്ടാകുമോ എന്നും അവരുമായി മാത്രമേ സിനിമ ചെയ്യാനാവൂ എന്ന നിലപാട് എടുക്കാനുമാവില്ലെന്നുമാണ് വിധു വിൻസെന്റ് ഇതിനെക്കുറിച്ച് നേരത്തെ പ്രതികരിച്ചത്.

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് നിലപാടുകള്‍ വ്യക്തമാക്കിയ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരാൾ സംഘടനയിൽ നിന്ന് വിയോജിപ്പുകൾ അറിയിച്ച് പുറത്തേക്ക് പോകുന്നത്.

×