പമ്പ മണല്‍ക്കടത്ത്: അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം; സര്‍ക്കാരിന് കനത്ത തിരിച്ചടി; രമേശ് ചെന്നിത്തലയുടെ പോരാട്ടത്തിന് ഫലം കണ്ടു

New Update

തിരുവനന്തപുരം: പമ്പാ മണല്‍ക്കടത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. കോടതിയുടെ തീരുമാനം സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

Advertisment

publive-image

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്വേഷണക്കാര്യത്തില്‍ തീരുമാനമാകാതെ വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തത്.

2018 ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി എന്നതാണ് കേസ്. വനംവകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കം ചെയ്യുന്നതിന് ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഹര്‍ജിയിലെ പ്രധാന വാദം.

കോടികള്‍ വിലമതിക്കുന്ന മണല്‍ സൗജന്യമായി മറിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിപക്ഷമാണ് പുറത്തു കൊണ്ടു വന്നത്. വനം വകുപ്പ് ഇത് അറിഞ്ഞിരുന്നില്ല. മണല്‍ വനത്തിന് പുറത്തേക്ക് കടത്തുന്നത് വനം വകുപ്പ് തടയുകയും ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് , ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഹെലികോപ്ടറില്‍ പമ്പ സന്ദര്‍ശിച്ച് മണല്‍ നീക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം വഹിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.

Advertisment