തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയുടെ നിർദേശപ്രകാരം നൽകിയ 7 ഐ ഫോണുകളിൽ മൂന്നെണ്ണം വിജിലൻസ് പിടിച്ചെടുത്തു. യുഎഇ കോൺസുലേറ്റിലെ നറുക്കെടുപ്പിലൂടെ വിതരണം ചെയ്ത ഐ ഫോണുകളാണ് പിടിച്ചെടുത്തത്. അസി.പ്രോട്ടോകോൾ ഓഫിസർക്ക് ലഭിച്ച ഫോൺ സെക്രട്ടേറിയറ്റിലെത്തിയാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.
/sathyam/media/post_attachments/dDOiFmoO88gnLYx1uryk.jpg)
സ്വർണക്കടത്ത് വിവാദമായതിനെത്തുടർന്ന് അസി.പ്രോട്ടോകോൾ ഓഫിസർ പൊതുഭരണ സെക്രട്ടറി വഴി ഹൗസ് കീപ്പിങ് വിഭാഗത്തിനു കൈമാറിയ ഫോൺ ആ വിഭാഗത്തിലെ അഡീ.സെക്രട്ടറിയാണ് സൂക്ഷിച്ചിരുന്നത്. യുഎഇ കോൺസുലേറ്റിൽ കരാർ ജോലി ചെയ്തിരുന്ന ജീവനക്കാരനും എയർ അറേബ്യയുടെ ജീവനക്കാരനും നറുക്കെടുപ്പിലൂടെ ലഭിച്ച ഫോണുകളും പിടിച്ചെടുത്തു.
ശേഷിക്കുന്ന 4 ഫോണുകളിൽ ഒരെണ്ണം സന്തോഷ് ഈപ്പന്‍റെ കൈവശമുണ്ട്. വില 99,000രൂപ. ഒരെണ്ണം കോൺസൽ ജനറലിനു നൽകിയെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. വില 1.10ലക്ഷം. ഒരു ഫോൺ ശിവശങ്കറിനു സ്വപ്ന സമ്മാനമായി നൽകി.
വില 99,000രൂപ. ഒരു ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ഫോണിൽ ഇതുവരെ സിം ഇട്ടിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിവാദമായതിനെത്തുടർന്ന് ഉപയോഗിക്കാത്തതോ വിദേശത്തേക്കു കൊണ്ടുപോയതോ ആകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
ലൈഫ് മിഷനിൽ കോഴ വാങ്ങിയതും ലോക്കറിൽ സൂക്ഷിച്ചതും എം.ശിവശങ്കറിന് അറിയാമെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കോടതിയിൽ വിജിലൻസ് അപേക്ഷ നൽകും. ലൈഫ് മിഷനിലെ വാഹനങ്ങളുടെ യാത്രാ രേഖകൾ ഇന്ന് വിജിലൻസ് പരിശോധിക്കും.