ഗുജറാത്ത് കലാപക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയ്ക്ക് പോലും രക്ഷയില്ല ? വലിയ കോടതിയില്‍ നിന്നും രാജ്യത്തെ ഏറ്റവും ചെറിയ കോടതിയിലേയ്ക്ക് സ്ഥലംമാറ്റിയപ്പോള്‍ ഗത്യന്തരമില്ലാതെ രാജി ?

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, September 6, 2019

ചെന്നൈ  : ഗുജറാത്ത് കലാപത്തിലെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയുടെ രാജി കോളിളക്കം സൃഷ്ടിച്ചേക്കും.

75 ജഡ്ജിമാരുള്ള കോടതിയില്‍ നിന്നും വെറും 3 ജഡ്ജിമാരുള്ള കോടതിയിലേയ്ക്ക് നല്‍കിയ സ്ഥലം മാറ്റം എന്ന പ്രതികാര നടപടിയാണ് രാജ്യത്തെ ഏറ്റവും വലിയ കോടതിയിലെ ചീഫ് ജസ്റ്റിസിന്‍റെ രാജിയ്ക്ക് വഴി വച്ചത് .

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപണ വിധേയരായ സംഭവമാണ് ഗുജറാത്ത് കലാപവും അതില്‍ ഉള്‍പ്പെട്ട ബില്‍ക്കീസ് ബാനുക്കേസും.

75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളില്‍ ഒന്നായ മേഘാലയയിലേക്ക് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലംമാറ്റിയിരുന്നത്. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളും നിലവില്‍ രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളുമാണ് വിജയ താഹില്‍രമണി.

തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി കൊളീജിയത്തിന് നല്‍കിയ അപേക്ഷ തള്ളിയിരുന്നു. മൂന്ന് ജഡ്ജിമാര്‍ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തു.

മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞത് താഹില്‍രമണിയാണ്. ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‌ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതി വിധി.

2002 ല്‍ നടന്ന ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രമാദമായ ബിള്‍ ക്കീസ് ബാനു കൂട്ട ബലാല്‌സംഗക്കേസില്‍ 16 പ്രതികള്‍ക്കും മുംബൈ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു .കീഴ്ക്കോടതി വെറുതെ വിട്ട അഞ്ചു പോലീസുകാരേക്കൂടി ഹൈക്കോടതി ശിക്ഷിച്ചു.

രണ്ടായിരത്തോളം മുസ്ലീങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളില്‍ നരോദാപാട്യ,ബെസ്റ്റ് ബേക്കറിക്കേസുകള്‍ കഴിഞ്ഞാല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ബിള്‍ക്കീസ് ബാനു കൂട്ട ബലാത്സ0ഗക്കേസ്.

×