ചെന്നൈ: തമിഴകത്തിന്റെ 'ഇളയ ദളപതി' വിജയ്യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. വിജയ്‌യെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.
വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായനികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിംഗ് അവസാനിപ്പിച്ചു താരം ചെന്നൈയിലേക്കു പുറപ്പെട്ടത്. തമിഴ്നാട്ടില്‍ 38 സ്ഥലങ്ങളില്‍ നടക്കുന്ന തിരച്ചില്‍ രാത്രിയിലും തുടരുകയാണ്.
സിനിമാ നിര്‍മാണത്തിനു പണം നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫീസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചുവാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനില്‍നിന്ന് 25 കോടിയുടെ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.
വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന 'ബിഗില്‍' സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും എന്നാണു സൂചന. 'ബിഗിലി'ന്റെ നിര്‍മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ബുധനാഴ്ച രാവിലെ മുതലാണു പരിശോധന തുടങ്ങിയത്. ഇതിന്റെ ഭാഗമായാണു സൂപ്പര്‍ താരത്തെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത്.
180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ 'ബിഗില്‍' തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വിജയ്യെ കസ്റ്റഡിയില്‍ എടുത്തെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.