നരേന്ദ്രമോദി തങ്ങൾക്ക് ദൈവമെന്ന് ബീഹാറിലെ ഗ്രാമവാസികൾ: ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം മോദിയുടെ പ്രതിമയും സ്ഥാപിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

അനന്ത്‌പുർ: പ്രധാനമന്ത്രി തങ്ങൾക്ക് ദൈവമെന്ന് ബീഹാറിലെ അനന്ത്‌പുറിലെ 500 ലേറെ വരുന്ന ഗ്രാമവാസികൾ. ഇവിടെ പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമയും ഗ്രാമവാസികൾ സ്ഥാപിച്ചു.

പ്രധാനമന്ത്രിയുടെ 69ാം ജന്മദിനമായ ഇന്നലെയാണ് ഹനുമാന്റെ പ്രതിമയ്ക്ക് തൊട്ടരികിൽ മോദിയുടെ പ്രതിമയും സ്ഥാപിച്ചത്. ക്ഷേത്രത്തിൽ എത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴ്ത്തിക്കെട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് പരിഹസിച്ചു.

ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് മോദിയെ ഗ്രാമവാസികളുടെ ദൈവമാക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2014 ൽ ഗ്രാമത്തിൽ ടാർ റോഡ് നിർമ്മിച്ച ശേഷം രണ്ട് വർഷത്തിനുള്ളിൽ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് അദ്ദേഹത്തെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ അദ്ദേഹത്തിന് അർഹമായ ഇടം നൽകിയതെന്നും നാട്ടുകാർ പറഞ്ഞു.

ബംഗാളിൽ നിന്നുള്ള ഹിന്ദുക്കളാണ് ഈ ഗ്രാമത്തിലുള്ളവരിൽ ഏറെയും. മോദി ഗ്രാമത്തിലെത്തണമെന്നാണ് ഇപ്പോൾ ഇവരുടെ ആഗ്രഹം.

×