യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച നടൻ വിനായകനെതിരെ കുരുക്ക് മുറുകി

ന്യൂസ് ബ്യൂറോ, വയനാട്
Thursday, November 7, 2019

കൽപറ്റ ∙ പരിപാടിക്കു ക്ഷണിക്കാനായി ഫോണിൽ വിളിച്ച യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ നടൻ വിനായകന്‍ കുടുങ്ങും. താരത്തിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ് .

വിനായകനെതിരെ കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൽപറ്റ സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

സംഭവത്തിൽ ജൂണിൽ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ശേഷം അന്വേഷണസംഘം വിട്ടയക്കുകയും ചെയ്തു. പരാതിക്കാരിയെ വിളിക്കരുതെന്നും ശല്യം ചെയ്യരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.

കഴിഞ്ഞ ഏപ്രിലിൽ കൽപറ്റയിൽ വച്ച് പരിപാടിക്കു ക്ഷണിക്കാനായി വിനായകനെ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം ലൈംഗികച്ചുവയോടെയും അശ്ലീലവാക്കുകളോടെയും സംസാരിച്ചുവെന്നാണു കോട്ടയം സ്വദേശിയും ദലിത് ആക്ടിവിസ്റ്റുമായ യുവതി പാമ്പാടി സ്റ്റേഷനിൽ നൽകിയ പരാതി.

×