വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പലപ്പോഴും യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നു; ലാന്‍ഡ് ചെയ്ത ഉടനെ 90 ശതമാനം പേരും സീറ്റ് ബെല്‍റ്റ് നീക്കം ചെയ്ത് എഴുന്നേൽക്കുകയും ഒപ്പം ഓവർ ഹെഡ്ബിൻ തുറന്നു തങ്ങളുടെ ഹാൻഡ് ബാഗേജുകൾ കയ്യിൽ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്; പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്; ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും

New Update

കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിലെ മുൻ കാബിൻ ക്രൂ അംഗം വിൻസി വർഗീസ് എഴുതിയ കുറിപ്പ്

Advertisment

publive-image

കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്തിട്ടുള്ളവരും ഇപ്പോഴും ചെയ്യുന്നവരും ഇനി ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട
അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഞാൻ പറഞ്ഞു വരുന്നത്.

ഒരു മുൻ ക്യാബിൻ ക്രൂ എന്ന നിലയിൽ പലപ്പോഴും ഞാനും എന്റെ സഹപ്രവർത്തകരും അനുഭവിച്ചിട്ടുള്ളതും വളരെയധികം നിരാശജനകവും ആയിട്ടുള്ള ഒരു പ്രവണതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഖേദകരമെന്നു പറയട്ടെ ഇത് മലയാളികളായ യാത്രക്കാരിൽ ആണ് കൂടുതലായി കണ്ടുവരുന്നത്.

ഒരു വിമാനയാത്രയിലെ ഏറ്റവും നിർണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാൻഡിംഗും. ഇതിൽ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാറുണ്ട്. എന്നാൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പലപ്പോഴും യാത്രക്കാർ ഈ നിർദ്ദേശങ്ങൾ അവഗണിക്കാറാണ് പതിവ്.

വിമാനം ലാൻഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ്‌ ബെൽറ്റ്‌ നീക്കം ചെയ്ത് എഴുന്നേൽക്കുകയും ഒപ്പം ഓവർ ഹെഡ്ബിൻ തുറന്നു തങ്ങളുടെ ഹാൻഡ് ബാഗേജുകൾ കയ്യിൽ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്. പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഒരുപക്ഷേ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിന്റെ ആവേശം കൊണ്ടോ അല്ലെങ്കിൽ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും ഇങ്ങനെ അമിതാവേശം കാണിക്കുന്നത്.

പക്ഷേ ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും ഒരുപക്ഷേ നമ്മുടെ ജീവനുപോലും ഭീഷണിയാകാവുന്ന ഒരു പ്രവൃത്തിയാണിത്, പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല. യാത്രക്കാർ പുറത്തിറങ്ങാൻ തിക്കുംതിരക്കും കൂട്ടിക്കൊണ്ടേയിരിക്കും.

പൂർണ്ണമായും വിമാനം നില്ക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നതിലുള്ള അപകടം നിങ്ങൾ മനസ്സിലാക്കണം അഥവാ എന്തെങ്കിലും കാരണവശാൽ ലാൻഡിൽ പിഴവ് സംഭവിക്കുകയോ എന്തെങ്കിലും രീതിയിലുള്ള ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ സീറ്റ്‌ ബെൽറ്റ് ഒഴിവാക്കിയവർക്കും എഴുന്നേറ്റ് നിൽക്കുന്നവർക്കുമാണ് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയും. സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നവർക്ക് മിക്കവാറും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടാകാറുള്ളൂ.

അതുകൊണ്ട് ദയവുചെയ്ത് വിമാനം ലാൻഡ് ചെയ്ത് പൂർണ്ണമായും നിശ്ചലമാകുന്നത് വരെ സീറ്റ് ബെൽറ്റ് നീക്കം ചെയ്യുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്യരുത്. ക്യാബിൻ ക്രൂ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നുള്ള സത്യം മനസ്സിലാക്കുക. നിങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്.അകാലത്തിൽ പൊലിഞ്ഞുപോയ എല്ലാ ആത്മാക്കൾക്കും ആദരാഞ്ജലികൾ.

https://www.facebook.com/vincy.vargheset/posts/3215942301815083

Advertisment