Advertisment

പൊലീസിലെ ജോലി രാജിവെച്ചു, ഇപ്പോൾ ചാനലിൽ ജോലി ചെയ്യുന്നു; റീൽസ് താരം സ്ത്രീകളെ കബളിപ്പിച്ചത് ഇങ്ങനെ

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സം​ഗം ചെയ്ത കേസിൽ അറസ്റ്റിലായ ടിക് ടോക്, റീൽസ് താരം വിനീത് ‌നിരവധി യുവതികളെ വലയിലാക്കിയതായി സംശയം. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോ​ഗം ചെയ്യുന്നതിനായി ഉപയോ​ഗിച്ചെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. നേരത്തെ പൊലീസിലായിരുന്നു ജോലിയെന്നും ആരോ​ഗ്യപ്രശ്നങ്ങളാൽ രാജിവെച്ചെന്നുമാണ് ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നത്.  ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നുവെന്നും ഇയാൾ വിശ്വസിപ്പിച്ചു.  എന്നാൽ, ഇയാൾക്ക് ജോലിയില്ലെന്നും ഇയാൾക്കെതികെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.

കള്ളങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി വ്യക്തമായി. ഇൻസ്റ്റ​ഗ്രാം റീൽസിലൂടെയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ ഇയാളുടെ കെണിയിലകപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.  ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോകൾ എങ്ങനെ മെച്ചപ്പെടുത്താം ഫോളോവേഴ്സിന്റെ എണ്ണം എങ്ങനെ കൂട്ടാം തുടങ്ങിയ ടിപസ് നൽകി അടുപ്പം സ്ഥാപിക്കും. പിന്നീട് സെക്സ്ചാറ്റിലേക്കും വീഡിയോകോളിലേക്കും കടക്കും. നിരവധി ആരാധകരുള്ള വീനീതിനൊപ്പം സമയം ചെലവിടാൻ വിദേശത്തു നിന്ന് പോലും സ്ത്രീകൾ അടക്കമുള്ള ആളുകൾ എത്താറുണ്ട്.

ടിക് ടോകിൽ വീഡിയോകൾ പോസ്റ്റ് ചെയ്താണ് ഇയാൾ തുടങ്ങുന്നത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റ​ഗ്രാമിൽ സജീവമായി. റീൽസ് വീഡിയകളിലൂടെ വലിയ ആരാധകരെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. സ്വകാര്യ വിഡിയോകോളുകൾ സ്നാപ് ചാറ്റ് ഉപയോഗിച്ച് റിക്കോ‍‍ർഡ് ചെയ്താണ് ഭീഷണി തുടങ്ങുന്നത്. കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടാണ് കോളേജ് വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചത്. തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. നാണക്കേട് ഭയന്നാണ് പലരും പരാതിയുമായി രം​ഗത്തുവരാത്തത്.

ടിക്ടോക്കിൽ ഫിൽട്ടറിട്ട്, മീശപിരിച്ചാണ് തുടക്കം. ടിക് ടോക് നിരോധിച്ചതോടെ മറ്റിടങ്ങളിലേക്ക് ചേക്കേറി. ഇന്റ്റാഗ്രാമിൽ വിനീത്കുമാ‍ർ, വിനീത് ഒഫീഷ്യൽ, വിനീത് ഫ്ലവേഴ്സ് തുടങ്ങി നിരവധി അക്കൗണ്ടുകളിലായി പതിനായിക്കണക്കിന് ഫോളോവേഴ്സുണ്ട്. ഇപ്പോൾ പരാതിപ്പെട്ട പെൺകുട്ടിയിൽ നിന്ന് ഭീഷണിപ്പെടുത്തി 20,000 രൂപയും തട്ടിയെടുത്തെന്ന് പറയുന്നു. ഭീഷണി തുട‍ർന്നതോടെ മാനസികമായി തകർന്ന പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

സംഭവം അറിഞ്ഞശേഷം അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കിളിമാനൂരിലെ ഒരു ബാറിൽ വച്ച് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ വിനീത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പണാപഹരണ പരാതിയിൽ അന്വേഷണം തുടരുകയാണ്.

Advertisment