ഇന്ന് എനിക്ക് സിനിമകൾക്കായി എഴുതാൻ സാധിക്കുന്നുണ്ടെങ്കിൽ അത് അച്ഛൻ എന്നെ പഠിപ്പിച്ചത് കൊണ്ടാണ്; മലർവാടിയുടെ പത്താം വർഷത്തിൽ വിനീത്

ഫിലിം ഡസ്ക്
Saturday, July 18, 2020

നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായി മലയാള സിനിമയിലെ സകലകലാ വല്ലഭനായി മാറിയിരിക്കുകയാണ് വിനീത്. സംവിധായകനായി പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറയുകയാണ് വിനീത്.

ആദ്യ ചിത്രം മലർവാടി ആർട്സ് ക്ലബ് പുറത്തിറങ്ങിയിട്ട് പത്ത് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ അച്ഛൻ കാരണമാണ് താനിവിടെ നിൽക്കുന്നത് എന്നാണ് വിനീത് പറയുന്നത്. മലർവാടിയിൽ തനിക്കൊപ്പം പ്രവർത്തിച്ചവർക്കും കുടുംബത്തിനും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

“മലർവാടി പുറത്തിറങ്ങിയിട്ട് പത്ത് വർഷം. നന്ദി ദിലീപേട്ടാ എന്റെ ആദ്യ ചിത്രം നിർമിച്ചതിന്. പ്രജിത്തേട്ടനും ടീമിനും നന്ദി, അന്ന് മുതൽ എനിക്കൊപ്പം പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും ടെക്നീഷ്യന്മാർക്കും നന്ദി. നന്ദി വിനോദേട്ടാ എന്നെ ​ഗൈഡ് ചെയ്തതിന്. അച്ഛനെക്കുറിച്ച് എനിക്കെന്താണ് പറയേണ്ടതെന്ന് അറിയില്ല.

ഇന്ന് എനിക്ക് സിനിമകൾക്കായി എഴുതാൻ സാധിക്കുന്നുണ്ടെങ്കിൽ അത് അച്ഛൻ എന്നെ പഠിപ്പിച്ചത് കൊണ്ടാണ്. എന്റെ ജീവിതത്തിലെ എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് സ്ത്രീകൾക്ക് നന്ദി, അമ്മയും ദിവ്യയും. എന്റെ ജീവിതത്തിലേക്കും ജോലിയിലേക്കും കടന്ന് വന്ന് മാറ്റങ്ങൾ കൊണ്ട് വന്ന ഓരോ വ്യക്തിക്കും നന്ദി. ഇത് വരെയുളളത് മനോഹരമായ യാത്രയായിരുന്നു-” വിനീത് കുറിച്ചു

×