ദേശീയം

പണത്തിനായി അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; അമ്മയെ നടുറോഡില്‍ മകന്‍ വലിച്ചിഴക്കുമ്പോള്‍ രക്ഷിക്കാനായി വളര്‍ത്തുനായ ഓടിയെത്തി, വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 22, 2021

ചെന്നൈ: തമിഴ്‌നാട്ടിലെ പൊന്നേരിപ്പട്ടിയില്‍ പണത്തിനായി അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു. അമ്മയെ നടുറോഡില്‍ മകന്‍ വലിച്ചിഴക്കുമ്പോള്‍ രക്ഷിക്കാനായി വളര്‍ത്തുനായ ഓടിയെത്തുന്നതും കാണാം.

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ നല്ലമ്മാള്‍ ഒറ്റയ്ക്കാണ് താമസം. തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവരുടെ ഉപജീവനമാര്‍ഗം. അവരുടെ പേരിലുണ്ടായിരുന്ന ഭുമി മകന്റെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തിരുന്നു.

ജോലിക്ക് പോയി ലഭിച്ച മൂന്ന് ലക്ഷം രൂപ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. മകന്‍ ഇവരുടെ കൈയിലുണ്ടായിരുന്ന താക്കോല്‍ ലഭിക്കാനായി ഇവരെ ക്രൂരമായി വലിച്ചിഴച്ച് ആക്രമിക്കുകയായിരുന്നു. താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം ഭാര്യയും ഷണ്‍മുഖവും ഇവരെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.

പരിക്കേറ്റ നല്ലമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ വൈറലായതോടെ മകന്‍ ഷണ്‍മുഖത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ഭാര്യയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

×