ആലംകോട് : നാലു സുഹൃത്തുക്കള്‍ക്കൊപ്പം വിഷ്ണുവും യാത്രയായത് 5 ദിവസം മുമ്പ് ജനിച്ച കണ്‍മണിയെ കണ്ടു കൊതിതീരും മുമ്പ് . ചൊവ്വ രാത്രി പത്തരയോടെ ദേശീയപാതയിൽ ആലംകോട് തോട്ടക്കാട് പാലത്തിന് സമീപം എതിർ ദിശകളിൽ വന്ന കാറും മീൻ ലോറിയും കൂട്ടിയിടിച്ച അപകടത്തിലാണ് അഞ്ചുയുവാക്കള്‍ ദാരുണമായി മരിച്ചത്.
/sathyam/media/post_attachments/PtiyrvUq584RUhNoP3WI.jpg)
കൊല്ലം ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻപിള്ള–പുഷ്പലത ദമ്പതികളുടെ മകൻ സുധീഷ്(25), രാജേഷ് ഭവനത്തിൽ രാമചന്ദ്രന്റെ മകൻ രാജീവ്(33), എ.വി. സദനത്തിൽ അരവിന്ദാക്ഷൻ–വിമല ദമ്പതികളുടെ മകൻ വിഷ്ണു(29), ഉദയ ഭവനിൽ പരേതനായ ഉദയകുമാർ–സുധർമ ദമ്പതികളുടെ മകൻ സൂര്യ(28), അരുൺ നിവാസിൽ മധുസൂദനൻ– സുധർമിണി ദമ്പതികളുടെ മകൻ അരുൺ(30) എന്നിവരാണ് മരിച്ചത്. മരിച്ചവർ സുഹൃത്തുക്കളും കൊല്ലം ചിറക്കര സ്വദേശികളുമാണ്. ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിച്ചു.
വിഷ്ണുവിന്റെ ഭാര്യ കല്ലുവാതുക്കൽ സ്വദേശിനി രാഖി 5 ദിവസം മുൻപു പ്രസവിച്ച കുഞ്ഞിനെ കണ്ടശേഷം ആലംകോടേക്കു പോകുമ്പോഴാണ് അപകടം. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ക്രിസ്തുദാസിനെ കസ്റ്റഡിയിൽ എടുത്തു.
കൊല്ലത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാർ നാഗർകോവിൽ നിന്നു മത്സ്യവുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന മിനി കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. രാജീവ്,വിഷ്ണു എന്നിവർ ഒഴികെ മറ്റെല്ലാവരും അവിവാഹിതരാണ്.സൂര്യ ആണ് രാജീവിന്റെ ഭാര്യ.മകൾ: ആരുഷി.
സുധീഷിനു കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു സംസ്കാരം. മറ്റു 4 പേരുടെയും സംസ്കാരവും വീട്ടുവളപ്പുകളിൽ നടത്തി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു.