കേരളം

നൊമ്പരമുയര്‍ത്തി വിസ്മയ ഏതാനും ദിവസം മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ; ഭര്‍ത്താവിനെ ടാഗു ചെയ്തുള്ള വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ നിറയുന്നത് അനുശോചനപ്രവാഹവും, രോക്ഷപ്രകടനങ്ങളും

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, June 21, 2021

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ അവസാനം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ നിറയുന്നത് അനുശോചനപ്രവാഹവും, ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെയുള്ള രോക്ഷപ്രകടനങ്ങളും.

ജൂൺ എട്ടാം തീയതിയാണ് മഴയത്ത് കാറിൽനിന്ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോ വിസ്മയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. വിസ്മയയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ പേരാണ് മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, വിസ്മയെ കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. കല്യാണത്തിനു ശേഷം കാർ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും അച്ഛൻ ത്രിവിക്രമന്‍ നായർ പറയുന്നു. വായ്പയെടുത്താണു വാഹനം വാങ്ങിയത്. അതുകൊണ്ടാണു പണം ചോദിച്ചപ്പോൾ നൽകാൻ കഴിയാതിരുന്നത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് ആരോപിച്ചു.

ഭർത്താവ് കിരൺകുമാറിൽനിന്ന് നിരന്തരം മർദനമേൽക്കേണ്ടി വന്നെന്നാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’– ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.

×