വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് കെ.സി.ബി.സി പിന്തുണ പ്രഖ്യാപിച്ചത് അവിചാരിതമായിട്ടല്ലെങ്കിലും അത് സമരത്തിന്റെ മറ്റൊരു പോർമുഖം തുറക്കലിന്റെ നാന്ദി കുറിക്കുകയാണ്. സമരം സർക്കാരിന്റെ കൈയ്യിൽ നിന്നും വഴുതി പോയിരിക്കുന്നു.
പിടിപ്പുകെട്ട മന്ത്രിമാരുടെ ഇടപെടലുകളും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നിറഞ്ഞ വാക്കുകളുമാണ് എരിതീയിൽ എണ്ണ ഒഴിച്ചത്. തിരുവോണ ദിവസം മത്സ്യത്തൊഴിലാളികളെ പട്ടിണി സമരത്തിലേക്ക് തള്ളിവിട്ടതിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്.
അതിജീവനത്തിനും നിലനിൽപിനും വേണ്ടി നടത്തുന്ന ഈ സമരത്തെ ഇത്തരം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുവാൻ എങ്ങനെ ഒരു ഭരണാധികാരിക്ക് കഴിയുന്നു എന്നത് വിചിത്രമായ ഒരു സംഗതിയാണ്.
തന്റെ പാർട്ടിക്കാർക്ക് വേണ്ടി മാത്രമാണ് ഈ ഭരണം എന്ന് ഓരോ ദിവസം കഴിയുംതോറും പിണറായി വിജയൻ അടിവരയിട്ട് സൂചിപ്പിക്കുകയാണ്.
ഭരണത്തിൽ കയറിയാൽ കമ്മ്യൂണിസ്റ്റുകൾ എന്നും സുഖിമാൻമാരാണ്. പ്രതിപക്ഷത്താണെങ്കിൽ ഭരണപക്ഷത്തെ മര്യാദക്ക് ഭരിക്കാൻ സമ്മതിക്കുകയുമില്ല.
അതിന് വേണ്ടി വഴി തടയും, ബസ് കത്തിക്കും, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കല്ലെറിയും , മന്ത്രി മന്ദിരങ്ങൾ ഉപരോധിക്കും, അണികളെക്കൊണ്ട് അടിയും വാങ്ങിപ്പിക്കും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുമ്പോൾ കാറൽ മാർക്സ് ഈ അപകടം തിരിച്ചറിഞ്ഞു കാണില്ല .
ലോകം കണ്ട എല്ലാ കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടേയും രീതി ഇത് തന്നെയാണ്. കമ്മ്യൂണിസം ഏകാധിപത്യത്തിന് വഴിമാറി കൊടുക്കുന്ന ചരിത്ര സന്ധിയിലാണ് നാം നിൽക്കുന്നത്.
അതുകൊണ്ടാണ് ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർ സമരം ചെയ്യുമ്പോൾ അവരെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുവാൻ തോന്നുന്നത്
ഒരു കാലത്ത് വൻകിട കോർപറേറ്റുകളെ പടിയടച്ച് പിണ്ഡം വയ്ക്കുമെന്ന് വീമ്പിളക്കിയ സി.പി.എം ഇന്ന് അദാനിയുടേയും യൂസഫലിയുടേയും ഉച്ഛിഷ്ടം വാങ്ങി കഴിക്കുകയാണ്.
രവി പിള്ളക്ക് കോവളം കൊട്ടാരം എഴുതി കൊടുത്തു. യൂസഫലിക്ക് ബോൾഗാട്ടി വിറ്റു. വിഴിഞ്ഞം തുറമുഖ കരാർ യുഡിഎഫ് ഗവൺമെന്റ് അദാനിയുമായി ഒപ്പ് വച്ചപ്പോൾ സി.പി.എം നിശബ്ദരായി നിലകൊണ്ടു .
ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖം പിണറായിക്ക്. പശ്ചിമഘട്ടത്തിലെ പാറഖനനത്തിനുള്ള അനുമതി മൊത്തമായി അദാനിക്ക് നൽകിയതിലൂടെ ഈ മേഖലയിലെ പരിസ്ഥിതി അസന്തുലിതമാകും.
പാറഖനനത്തിലൂടെ മണ്ണിനുണ്ടാകുന്ന ഇളക്കം ഉരുൾ പൊട്ടലിന് കാരണമാകും. എന്നും ഭീതിയോടെ മാത്രമേ ഇവിടെ ജനങ്ങൾക്ക് ജീവിക്കാനാകൂ. തന്നെ ജയിപ്പിച്ച് വിട്ട പാവങ്ങൾ കഷ്ടത അനുഭവിച്ചാലും വേണ്ടില്ല അദാനി തടിച്ച് കൊഴുത്താൽ മതി എന്ന നിലപാടാണ് പിണറായിക്ക്.
ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും എല്ലാം നക്കാപ്പിച്ച എറിഞ്ഞു കൊടുക്കും. തെരഞ്ഞെടുപ് വരുമ്പോൾ കിറ്റ് നൽകും.
ഈ സാഹചര്യത്തിലാണ് ഈ സമരത്തെ നാം വിലയിരുത്തേണ്ടത്.
കെ.സി.ബി.സി പിന്തുണ പ്രഖ്യാപിച്ചത് വഴി കേരളത്തിലെ കത്തോലിക്കരെല്ലാം പോർമുഖത്തേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം. മറ്റ് സമുദായങ്ങൾ കൂടി ഇതിന് പിന്തുണ പ്രഖ്യാപിച്ചാൽ അത് മറ്റൊരു വിമോചന സമരത്തിന്റെ കാഹള ധ്വനിയായ് മാറാനാണ് സാധ്യത.
സപ്തംബർ 13 ന് ലാവ്‌ലിൻ കേസ് വിചാരണക്ക് വരികയാണ്. എന്തായാലും വിധി പിണറായിക്ക് അനുകൂലമാകുമെന്ന് കരുതാൻ വയ്യ. അനിവാര്യമായ ഒരു രാജിയുടെ വക്കിലാണോ ഈ കമ്മ്യൂണിസ്റ്റ് ഭരണാധികാരി .