ഇബ്രാഹിംകുഞ്ഞിനെതിരെ കളമശേരിയില്‍ കലാപക്കൊടി ! ഇബ്രാഹിംകുഞ്ഞോ അദ്ദേഹത്തോട് അടുപ്പമുള്ളവരോ മത്സരിക്കരുതെന്ന് ജില്ലാ നേതൃത്വം. ഇബ്രാഹിംകുഞ്ഞിന് സീറ്റ് നല്‍കിയാല്‍ തോല്‍ക്കുമെന്നും സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വത്തിന്റെ കത്ത് ! തനിക്ക് പകരം മകനെ മത്സരിപ്പിക്കാനുള്ള കുഞ്ഞിന്റെ നീക്കത്തിനും തിരിച്ചടി. അഡ്വ. മുഹമ്മദ് ഷായ്ക്ക് കളമശേരി നല്‍കണമെന്ന് ആവശ്യം; പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഷായോട് താല്‍പ്പര്യം. കളമശേരിയില്‍ വിജയംതുടരാന്‍ ഇക്കുറി മുഹമ്മദ് ഷായോ ?

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 26, 2021

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എതിരെ എറണാകുളത്തെ മുസ്ലിം ലീഗില്‍ പടയൊരുക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് പത്ത് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം വിവാദം ദോഷം ചെയ്തുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് അടക്കമുള്ളവരാണ് നേതൃത്വത്തെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞോ, അദ്ദേഹവുമായി ബന്ധമുള്ളവരോ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നു തന്നെയാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ഇതോടെ തനിക്കെതിരെ എതിര്‍പ്പുയര്‍ന്നാല്‍ തന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള ഇബ്രാഹിംകുഞ്ഞിന്റെ നീക്കവും പൊളിഞ്ഞു. നിലവില്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് വി ഇ അബ്ദുള്‍ ഗഫൂര്‍. ഇബ്രാഹിംകുഞ്ഞിന്റെ ഈ നീക്കത്തിന് ലീഗിലെ ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. കളമശേരിയില്‍ ആര് മത്സരിച്ചാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കളമശേരിയില്‍ കേരളാ ലോയേര്‍ഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായുടെ പേര് ഉയരുന്നത്.

കോട്ടയം എരുമേലി സ്വദേശിയായ മുഹമ്മദ് ഷാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ സലാം ഹാജി മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ചാനല്‍ ചര്‍ച്ചകളില്‍ നിയമവിദഗ്ധനായി സജീവമായ അദ്ദേഹത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായൊക്കെ അടുപ്പവുമുണ്ട്.

ഷായെ മത്സരിപ്പിക്കുന്നതില്‍ ലീഗ് ജില്ലാ നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ഷായുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്.

×