തമിഴകത്ത് അപ്രതീക്ഷിത ട്വിസ്റ്റ്: രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ശശികല ! ജയ ജീവനോടെ ഇരുന്നപ്പോൾ പോലും താന്‍ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ലെന്ന് ശശികല; എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും ആഹ്വാനം

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, March 3, 2021

ചെന്നൈ: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് വി.കെ. ശശികല. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ശശികലയുടെ അപ്രതീക്ഷിത നീക്കം. ‘ജയ (ജയലളിത) ജീവനോടെ ഇരുന്നപ്പോൾ പോലും ഞാൻ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. അവർ മരിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്യില്ല. ഞാൻ രാഷ്ട്രീയും പൊതുപ്രവർത്തനവും അവസാനിപ്പിക്കുകയാണ്. ജയയുടെ പാർട്ടി ജയിക്കട്ടെയെന്നും അവരുടെ പാരമ്പര്യം തുടരട്ടെയെന്നും പ്രാർഥിക്കുന്നു’– ശശികല വ്യക്തമാക്കി.

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

ശശികല തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും വരെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അനധികൃത സ്വത്തു സമ്പാദന കേസിൽ അറസ്റ്റിലായ ശശികല നാലു വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഫെബ്രുവരിയിൽ ഫെബ്രുവരിയിൽ ചെന്നൈയിൽ തിരികെയെത്തിയത്.

×