പാലക്കാട്: പാലക്കാടിന്‍റെ നെല്‍കൃഷി പാരമ്പര്യത്തിന് ഊര്‍ജ്ജം പകരാന്‍ കൃഷിയിറക്കി വി.കെ ശ്രീകണ്ഠന്‍ എം.പിയും. ഷൊര്‍ണൂര്‍ പരുത്തിപ്രയില്‍ ഭാരതപ്പുഴയോട് ചേര്‍ന്ന ഒരേക്കര്‍ ഭൂമിയിലാണ് ശ്രീകണ്ഠന്‍റെ കൃഷി. പ്രദേശവാസിയായ ഗംഗാധരന്‍ എന്ന കര്‍ഷകനും എം.പിയുടെ കൂടെ കൃഷിയില്‍ പങ്കാളിയാണ്.
കൃഷിയുടെ ചിലവ് ഇരുവരും ചേര്‍ന്നാണ് വഹിക്കുക. ലാഭവും തുല്യമായി പങ്കിടാനാണ് തീരുമാനം. പാര്‍ലമെന്‍ററി പ്രവര്‍ത്തനവും കൃഷിയും എങ്ങനെ ഒരുമിച്ചു മുമ്പോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിനും എം.പിക്ക് മറുപടിയുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.
കൃഷിയെന്ന ചിന്ത കടന്നുവന്നത് കൊറോണക്കാലത്തെ അനുഭവങ്ങള്‍ കണ്ടാണ്. ലോക്ഡൗണ്‍ കാലത്ത് കയ്യില്‍ പണം ഉണ്ടായിട്ടും പട്ടിണിയിലായവര്‍. പണിയില്ലാതെ വരുമാനമില്ലാതെ പട്ടിയിണിയിലായവര്‍. സാധനങ്ങളുടെ ദൗര്‍ലഭ്യംകൊണ്ടാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്.
കൊറോണ ഇനിയും ശക്തിപ്രാപിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത് സ്വയംപര്യപ്തത പ്രാപിക്കേണ്ട കാലം അതിക്രമിച്ചു. കാര്‍ഷിക ജില്ലയായ പാലക്കാട്ടില്‍ എല്ലാവരും കൃഷിയിലേക്ക് മടങ്ങണം. പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. അതിന് പ്രസംഗം മാത്രമല്ല പ്രവര്‍ത്തിയും ആവശ്യമാണ്.
കൃഷിയെ പ്രോത്സാഹിപ്പിക്കാമുള്ള നടപടികള്‍ ഇനിയും തുടരും. പാലക്കാടിന് ഒരു കാര്‍ഷിക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായുള്ള സമ്മര്‍ദ്ദം തുടരുമെന്നും എം.പി വ്യക്തമാക്കി.
കൃഷിയുടെ ഭാവിയെപ്പറ്റിയുള്ള ചോദ്യത്തിന് എം.പിയുടെ മറുപടി ഇങ്ങനെ. കൃഷി വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അടുത്ത തവണ ഇതില്‍ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കും.