/sathyam/media/media_files/6myyIbvz76W6LrkKXxqz.jpg)
പ്രഗ്യാൻ റോവർ ചന്ദ്രനിൽ സെഞ്ച്വറി തികച്ചു.. ഇസ്രോ തന്നെയാണ് ഇന്ന് ക്രിക്കറ്റിന്റെ ഭാഷയിൽ അത്യുത്സാഹത്തോടെ ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
ഇന്നുച്ചയ്ക്ക് ഇസ്രോ രണ്ടു സന്തോഷം പകരുന്ന വാർത്തകളാണ് പുറത്തുവിട്ടത്..
ഒന്ന്, സൂര്യനെപ്പറ്റിയുള്ള പഠനത്തിനായി വിക്ഷേപിച്ച ആദിത്യ 1 പേടകം അതിൻ്റെ പ്രയാണം വളരെ കൃത്യതയോടെ തുടരുന്നു എന്നതായിരുന്നു.
രണ്ട്, ചന്ദ്രയാൻ 3 ലെ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ അതിൻ്റെ സഞ്ചാരം 101 മീറ്ററിൽ കൂടുതൽ പൂർത്തിയാക്കി മുന്നോട്ടു പോകുന്നു എന്നതാണ്. അതിനവർ റോവർ, സെഞ്ച്വറി പൂർത്തിയാക്കി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൻ്റെ റൂട്ട് മാപ്പും അവർ പുറത്തുവിട്ടിട്ടുണ്ട്.
ഈ രണ്ടു വിക്ഷേപണത്തോടുകൂടി ചൈനയെയും റഷ്യയെയും പിന്നിലാക്കി ഇന്ത്യ മുന്നോട്ടു പോയിരിക്കുകയാണ്. ആദിത്യ 1 വിക്ഷേപണ വിവരം അവസാനഘട്ടത്തിലാണ് ഇന്ത്യ പുറത്തുവിട്ടത്.
ഇന്ത്യയുടെ ഈ കുതിപ്പ് പല രാജ്യങ്ങളെയും അമ്പരപ്പിച്ചിരിക്കുന്നു. അന്തരീക്ഷ വിജ്ഞാനത്തിൽ ഇന്ത്യയുടെ കുതിപ്പിൽ തീർത്തും അമ്പരപ്പിലാണ് ലോകം മുഴുവൻ .
ഭൂമിയിൽനിന്നും സൂര്യനിലേക്കുള്ള ദൂരം 15 മില്യൺ കിലോമീറ്ററാണ്. ആദിത്യ 1 സൂര്യപഠനം നടത്താൻ ചെന്നെത്തുന്ന ദൂരം 15 ലക്ഷം കിലോമീറ്റർ അകലെയാണ്. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ പരിധിയിൽപ്പെടാത്ത ഈ ഭാഗത്തിന് ശാസ്ത്രലോകം L 1 (Lagrange point) എന്നാണ് പേരുനൽകിയിരിക്കുന്നത്. ഇവിടെയെത്താൻ ആദിത്യ 1 ന് 125 ദിവസമെടുക്കും.
1960 കളിൽ ഒരു ദരിദ്രരാജ്യമായി അറിയപ്പെട്ടിരുന്ന ഇന്ത്യ ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചപ്പോൾ "45 കോടി ജനങ്ങൾ പട്ടിണികിടക്കുമ്പോൾ ലക്ഷ്യം ആകാശത്തേക്കോ "എന്നാണ് അമേരിക്കൻ ഭരണകൂടം ചോദിച്ചിച്ചത്. ഒരിക്കലും അവർ കരുതിയിരുന്നില്ല അവർക്കൊപ്പം ആകാശവിജ്ഞാനരംഗത്ത് ഇന്ത്യയും ഒരജയ്യ ശക്തിയായി ഒരിക്കൽ മാറുമെന്ന്.
ഇന്ന് നാസ സഹായസഹകരണവുമായി ഇസ്‌റോക്കൊപ്പം തോളോട് തോൾ ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 4 നൊപ്പം സഹകരിക്കാൻ ജപ്പാനും മുന്നോട്ടുവന്നിട്ടുണ്ട്.
അമേരിക്കയെയും റഷ്യയെയും അപേക്ഷിച്ച് ഉപഗ്രഹവിക്ഷേപണത്തിന് ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. അതിനുള്ള മുഖ്യകാരണം ചെലവ് വളരെ കുറവെന്നതാണ്. അതുമാത്രവുമല്ല റഷ്യയും ചൈനയും നേരിടുന്ന പ്രതിരോധങ്ങളും ലോകരാജ്യങ്ങൾക്ക് അവരോടുള്ള താല്പര്യക്കുറവും ഇന്ത്യയുടെ പൊതുവായ വൈശ്വിക സ്വീകാര്യതയും നമുക്ക് മുതൽക്കൂട്ടാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് സ്വകാര്യ ഏജൻസികളെയും ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഈ മേഖലയുടെ പുരോഗമനത്തിന് മറ്റൊരു വഴിത്തിരിവായി മാറപ്പെടും.