/sathyam/media/media_files/wfdrX2k8eC2DiY0DqQE3.jpg)
ഇസ്രായേലിന്റെ എല്ലാ അവകാശവാദങ്ങളും വെറും സോപ്പുകുമിളകളായി മാറപ്പെട്ടു. ഇസ്രായേൽ, ലോകത്തുതന്നെ ഏറ്റവും മികച്ചതെന്ന് കരുതിപ്പോന്ന അവരുടെ സുരക്ഷാ ഏജൻസികളും രഹസ്യാന്വേഷണവിഭാഗങ്ങളും, സൈനിക ശക്തിയുമൊക്കെ നോക്കുകുത്തികളായി മാറപ്പെട്ട നിമിഷങ്ങൾ...
ഏറ്റവും ഭീകരമായ മനുഷ്യക്കുരുതി നടന്നത് ഒക്ടോബർ 7 നു പുലർച്ചെ തെക്കൻ ഇസ്രായേലിൽ നടന്ന ബീച്ച് മ്യൂസിക് ഫെസ്റ്റിവലിലാണ്. അവിടെ എല്ലാം മറന്ന് ആടിപ്പാടി ആർത്തുല്ലസിച്ച ആയിരക്കണക്കിനുവരുന്ന ഇസ്രേയേലുകാർക്കിടയിലേക്ക് പാഞ്ഞുവന്ന 250 ഓളം ആയുധധാരികളായ ഹമാസ് ഭീകരർ തലങ്ങും വില ങ്ങും വെടിയുതിർക്കുകയായിരുന്നു.
നൂറുകണക്കിനാൾക്കാർ അവിടെ പിടഞ്ഞുവീണു മരിച്ചു. ജീവരക്ഷാർത്ഥം പുറത്തേക്കോടി കാറിൽ അഭയം പ്രാപിച്ചവരെയും തൊട്ടടുത്ത പഴത്തോട്ടത്തിൽ ഒളിച്ചവരെയും പിന്നാലെ പിന്തുടർന്ന് അവർ നിഷ്ടൂരം വെടിവച്ചുകൊലപ്പെടുത്തി.
ആ ഭീകരരിൽ പലരും ഇപ്പോഴും അവിടെ തുടരുകയാണ്. വളണ്ടീയർമാർ ഇന്നലെ രാത്രിവരെ 260 മൃതദേഹങ്ങൾ പുറത്തെടുത്തെങ്കിലും ഹമാസ് ഭീകരരുടെ ആക്രമണം തുടരുന്നതിനാൽ അവർ തങ്ങളുടെ ഉദ്യമം അവസാനിപ്പിച്ചിരിക്കുകയാണ്. കൂടുതൽ മൃതദേഹങ്ങൾ അവിടെ കുടുങ്ങിക്കിടക്കുന്നു എന്നാണവർ വിവരിക്കുന്നത്.
ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ ഇതുവരെ 1100 പേർ മരണപ്പെട്ടുവെന്നും ഇനിയും മൃതദേഹങ്ങൾ കണ്ടേത്താനുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകൾ പുറത്തുവരുന്നത്.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വിവരിക്കാനാകാത്ത ഷോക്കാണ് ഈ ആക്രമണം. കര, കടൽ, ആകാശം മൂന്നുഭാഗത്തുനിന്നും കൃത്യമായ കണക്കുകൂട്ടലുകളൊടെ ആസൂത്രണം ചെയ്യപ്പെട്ട ഈ അറ്റാക്ക് ഒരു വര്‍ഷംകൊണ്ടാണ് ഹമാസ് ചിട്ടപ്പെടുത്തിയത്.
കേവലം 15 കിലോമീറ്റർ ദൂരെ ഗാസയിൽ ഏകദേശം 7000 ത്തിലധികം റോക്കറ്റുകൾ സ്ഥാപിക്കപ്പെട്ടിട്ടും പതിനായിരത്തോളം വരുന്ന ഹമാസ് ഭീകരർ ഇസ്രായേലിന്റെ 17 ഫെൻസിങ് പോസ്റ്റുകൾ തകർത്ത് ബുൾഡോസർ, വാഹനങ്ങൾ, ബൈക്കുകൾ ഉൾപ്പെടെ ഉള്ളിൽക്കടക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിട്ടും ഇസ്രായേലിന് ഒരറിവും ലഭിച്ചില്ലെങ്കിൽ ലോകത്തെ ഏറ്റവും വലിയ തോൽവിയാണ് ആ രാജ്യമെന്നതിൽ സംശയമൊന്നുമില്ല.
ഇസ്രായേലിന്റെ സൈനികശേഷിയും ഇന്റലിജന്സും അവരുടെ അവകാശവാദങ്ങളും പൂർണ്ണമായും പരാജയപ്പെട്ടതാണ് ലോകം കണ്ടത്. ഹമാസ് ആക്രമണത്തിൽ 8 അമേരിക്കൻ പൗരന്മാരും 12 തായ്‌ലൻഡ് സ്വദേശികളും മരിച്ചതായി സ്ഥിരീ കരിച്ചിട്ടുണ്ട്.
ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഇതുവരെ 510 ഗാസ നിവാസികൾ മരിച്ചതായാണ് വിവരം. ഗാസ പൂർണ്ണ മായും ബ്ലാക്ക് ഔട്ട് ആയി മാറപ്പെട്ടിരിക്കുന്നു. അവിടേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രായേൽ വിഛേദിച്ചു. ഒന്നേകാൽ ലക്ഷത്തോളം ആളുകൾ പല സ്‌കൂളുകളിൽ അഭയം പ്രാപിച്ചിരിക്കുന്നു.
23 ലക്ഷം വരുന്ന ഗാസ നിവാസികളിൽ പകുതിയും തൊഴിൽ രഹിതരാണ്. ലോകത്തുതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. 64 % ജനങ്ങൾക്കും നല്ല ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. ജനം ഇടതിങ്ങിപ്പാർക്കുന്ന ഗാസ മുനമ്പിൽ ലോകരാജ്യങ്ങൾ നൽകുന്ന സഹായധനമാണ് ഏക ജീവനോപാധി.
യൂറോപ്യൻ യൂണിയൻ പാലസ്തീനുള്ള തങ്ങളുടെ സഹായമായ 691 മില്യൺ യൂറോ നിർത്തലാക്കിയതായി ഇന്ന് പ്രഖ്യാപനം വന്നു. ജർമനിയും ആസ്‌ത്രേലിയയും അവരുടെ സഹായവും നിർത്തലാക്കിയതായി അറി യിച്ചു. ഗാസയിലേക്കുള്ള ഗ്യാസ് വിതരണവും പൂർണ്ണമായി നിർത്തലാക്കിയതായി ഇസ്രായേൽ ഇന്ന് പ്രഖ്യാപിച്ചു.
ഗാസയിൽ ജനം ഭീതിയിലും ദുരിതത്തിലുമാണ്. പരുക്കേൽക്കുന്നവരെ ചികിൽസിക്കുന്ന ആശുപത്രികളിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഓപ്പറേഷൻ പോലും മുടങ്ങുകയാണ്. മരണനിരക്കുയരാൻ ഇത് കാരണമായേക്കാം.
വെള്ളവും വെളിച്ചവും ആഹാരവുമില്ലാത്ത ഒരവസ്ഥയിലേക്ക് ഗാസയിലെ ജനം എത്തപ്പെട്ടിരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ ഹമാസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത് ഇറാൻ മാത്രമാണ്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ആസ്‌ത്രേലിയ, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇ ഹമാസിന്റെ ആക്രമണത്തെ തള്ളിപ്പറഞ്ഞപ്പോൾ സൗദിയും ബഹ്‌റിനും സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിക്കുന്നു എന്നാണറിയിച്ചത്. ഖത്തർ, തുർക്കി, ജോർദാൻ, ഈജിപ്ത്, ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾ ഇരു വിഭാഗത്തോടും സംയമനം പാലിക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രണ്ടു സ്വതന്ത്ര രാജ്യങ്ങൾ എന്ന സിദ്ധാന്തം അംഗീകരിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
റഷ്യയാകട്ടെ ഈ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നുകഴിഞ്ഞു.