ഐറിഷ് പൗരത്വമുള്ള 8 വയസ്സുകാരി എമിലി ഹാൻഡ് ഇസ്രായേലിൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഇന്നലെവരെ ബന്ധുക്കളും ഐറിഷ്, ഇസ്രായേൽ സർക്കാരുകളും വിശ്വസിച്ചിരുന്നത്.
എന്നാൽ കുട്ടി കൊല്ലപ്പെട്ടിട്ടില്ലെന്നും ഹമാസിൻ്റെ ഭൂഗർഭ തടവറയിലുണ്ടെന്നുമുള്ള വിശ്വസനീയ വിവരം ഇപ്പോൾ ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്നു. ഐറിഷ് പൗരനായ തോമസ് ഹാൻഡിന്റെയും ക്യാൻസർ മൂലം മരണപ്പെട്ട ഇസ്രേലിവനിത ലിയാത്തിന്റെയും (Liat) മകളാണ് എമിലി ഹാൻഡ്.
ഇസ്രായേൽ പട്ടണമായ കിബ്ബട്ട്സിലെ ഒരു ബന്ധുവീട്ടിൽ ഉറങ്ങിക്കിടന്ന എമിലിയെയും കൂട്ടുകാരിയേയും കൂട്ടുകാരിയുടെ അമ്മയെയും ഒക്ടോബർ 7 ന് ഹമാസ് ഭീകരർ വാഹനത്തിൽ കയറ്റി ഗാസയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഒക്ടോബർ 12 ന് എമിലിയുൾപ്പെടെ ഇവർ മൂവരും കൊല്ലപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവന്നത്.
എമിലിയും ഐറിഷ് പൗരത്വമുള്ള കുട്ടിയാണ്. ഐറിഷ് ടൈംസ് നൽകിയ വിവരമനുസരിച്ച് എമിലിയുടെ മോചനത്തിനായി അയർലണ്ട് സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരുകയാണത്രേ.