/sathyam/media/media_files/oKGjlNx01mCcFP2CIi9v.jpg)
ഒറ്റനോട്ടത്തിലും കേന്ദ്രസർക്കാരിന്റെ പ്രചാരണത്തിലും ചരിത്രനേട്ടമാണു വനിതാ സംവരണ നിയമം. ബില്ലിന്റെ ചർച്ചാവേളയിൽ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടിയതുപോലെ പാർലമെന്റിൽ പാസായ ബില്ലിൽ പല കുടുക്കുകളുമുണ്ട്. ഒരു തരം കണ്കെട്ട്. നിയമം നടപ്പാക്കുന്നതു നീട്ടാനായി തന്ത്രപൂർവം ഉൾപ്പെടുത്തിയ രണ്ടു വ്യവസ്ഥകളാണു പ്രധാനം, പ്രത്യേകിച്ച് അഞ്ചാം ക്ലോസ്. അടുത്ത സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയ ശേഷം വനിതാ സംവരണം നടപ്പാകുമെന്നാണിത്. മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷത്തോടെ 2014ലും 2019ലും അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുന്പു കൊണ്ടുവന്ന നിയമമാണു പത്തു വർഷം കഴിഞ്ഞു നടപ്പാക്കാൻ ലക്ഷ്യമിട്ടത്!
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും 2026 മേയിൽ നടക്കേണ്ട കേരള നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് സംവരണം കിട്ടില്ല. പിന്നീട് 2029ലെ പൊതുതെരഞ്ഞെടുപ്പിൽ വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ കിട്ടുമോയെന്നതിനുപോലും വ്യക്തമായ ഉറപ്പില്ല. 1993ൽ 73, 74 ഭരണഘടനാ ഭേദഗതികൾ പാസാക്കിയപ്പോൾ ത്രിതല പഞ്ചായത്തുകളിൽ മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുകയും ഉടൻ നടപ്പിലാക്കുകയും ചെയ്തിരുന്നു.
വനിതാ സംവരണത്തിനായുള്ള 128-ാം ഭരണഘടനാ ഭേദഗതി ബിൽ നിയമം ആകുന്ന തീയതി മുതൽ 15 വർഷത്തേക്കു മാത്രമാണു വനിതാ സംവരണമെന്നും വ്യവസ്ഥയുണ്ട്. വനിതാ സംവരണ നിയമത്തിന്റെ വിജ്ഞാപനം ഉടനെ ഇറക്കിയാൽ 2034ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും ബാധകമാകില്ല. അങ്ങിനെയെങ്കിൽ 2029ലെ ഒരു പൊതുതെരഞ്ഞെടുപ്പിൽ മാത്രമായി ചുരുങ്ങും. പാർലമെന്റിൽ പിന്നീട് നിയമം പാസാക്കിയാൽ മാത്രമേ 15 വർഷ കാലാവധി നീട്ടാനാകൂ.
പത്തു വർഷം കഴിഞ്ഞു നടപ്പാകുന്ന നിയമം പാസാക്കാൻ ജനപ്രതിനിധികളെ പോലും ഇരുട്ടിൽ നിർത്തി പ്രത്യേക സമ്മേളനം വിളിച്ചതുതന്നെ രാഷ്ട്രീയലാക്കോടെയാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും ഗാലറികളിൽ ബിജെപിയുടെ നേതൃത്വത്തിൽ സിനിമാനടിമാർ അടക്കം സ്ത്രീകളെ പ്രത്യേക ബസുകളിൽ എത്തിച്ചതു മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നു വ്യക്തം. ഇവരിൽ ചിലർ ഗാലറിയിലിരുന്നു മുദ്രാവാക്യം വിളിച്ചിട്ടും നടപടിയുണ്ടായില്ല. മഹിളാ മോർച്ചക്കാരെ നേരത്തേ ക്ഷണിച്ചപ്പോഴും ബിൽ അവതരിപ്പിച്ചപ്പോൾ മാത്രമാണ് എംപിമാരെ അറിയിച്ചത്. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണിത്.