ബദരി നാരായണൻ
സമാധിഗീതം ഒരു വിലാപഗീതം പോലെയാണ്. കേരളം കണ്ട ഏറ്റവും തീഷ്ണതയുള്ള യുക്തിവാദി നിരീശ്വരവാദി വിപ്ലവകവി സഹോദരൻ അയ്യപ്പനാണ് ഇതെഴുതിയത്. താൻ എഴുതിയ ദൈവമേ കാത്തുകൊൾകങ്ങ് എന്നു തുടങ്ങുന്ന ദൈവദശകം ശിഷ്യരെ കൊണ്ട് പാടിച്ച് അതു കേട്ടുകൊണ്ട് സമാധിയായ നാരായണ ഗുരുവിനെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്. ഗുരു അന്ന് മതവും ജാതിയും വിട്ടതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദൈവത്തെ വിടാതെ പിടിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ.
സമാധിഗീതം എന്നു പേരു കേട്ട, സഹോദരൻ അയ്യപ്പന്റെ ഈ കൃതിയിലെ ഭാഷ നോക്കണേ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞപ്പോൾ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് ഉറച്ചു പറഞ്ഞയാളാണ് കവി അയ്യപ്പൻ. ഒളിഞ്ഞോ തെളിഞ്ഞോ മതരാഷ്ട്രവാദം കൊണ്ടു നടക്കുന്ന മതവാദികൾക്ക് മറയാക്കുവാനുള്ളതാണ് ഇന്ന് ദൈവവും ഭക്തി വിശ്വാസങ്ങളും . യാന്ത്രികമായി മതനിരാസവാദം പറയുന്നതാണിവിടെ യുക്തിയും നിരീശ്വരവാദവും. ശാസ്ത്രം... ശാസ്ത്രം. അതാണവരുടെ സ്ഥിരം പല്ലവി. മതവും ശാസ്ത്രവും രണ്ടു കൂട്ടർക്കും ധാർഷ്ട്യ വാഗ്വാദവിഷയമാണത്രേ. പ്രപഞ്ചത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് കരുതുന്ന വെറും ചാക്കോ മാഷമ്മാരാണ് ഇവരെന്ന് ഇവരുടെ ഫാൻസിനല്ലാതെ മറ്റെല്ലാവർക്കും മനസ്സിലാക്കാൻ പ്രയാസമില്ല.
താൻ പിടിച്ച മുയൽക്കൊമ്പ്. അതൊഴികെ മറ്റൊന്നിനെയും അംഗീകരിക്കാൻ മനസ്സില്ലാതെ; പ്രതിപക്ഷാഭിപ്രായങ്ങളെ മാനിക്കാനറിയാത്തവരുടെ അസഹിഷ്ണുതയും പരവിശ്വാസവിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങളാണ് എങ്ങും. മതനിഷേധവും മതസ്ഥാപനവും പരിചിൽ സ്ഥാപിച്ച പരമസദ് ഗുരോ..സഹോദരൻ അയ്യപ്പൻ നാരായണഗുരു സമാധിയിൽ എഴുതി.ഗുരു പലതും പറഞ്ഞു. താൻ അഭിപ്രായ വ്യത്യാസവും പറഞ്ഞു. എന്നാൽ പറയാതെ പറയാൻ കൂടി അറിയുന്നവനാണ് ഗുരു. ആ ഗുരുത്വം വിയോഗവേളയിൽ കവി തിരിച്ചറിയുന്നതായി ഈ വരികളിൽ സാക്ഷ്യമുണ്ട്.
മതനിഷേധവും മതസ്ഥാപനവും... ഈ ഇരു നിലകളെ, ഈ വൈരുദ്ധ്യങ്ങളെ, ഒരു കാന്തത്തിലെ ഇരുധ്രുവങ്ങൾ പോലെ നിലയ്ക്കു നിർത്തുന്ന ഗുരുവിലെ സമന്വയ ബുദ്ധിയെ മനസ്സിലാക്കാൻ അയ്യപ്പന്റെ യുക്തിക്ക് പ്രയാസമേതുമില്ലവിടെ.കവിയും നിരീശ്വര യുക്തിചിന്തകനുമായി അക്കാലത്ത് പ്രശസ്തനായിരുന്നിട്ടും അയ്യപ്പൻ നാരായണ ഗുരുവിനെ പറഞ്ഞു ലഘുവാക്കാൻ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഗുരുത്വത്തെ സർവ്വഥാ അംഗീകരിക്കുന്നതായി മനസ്സിലാക്കാം.
ഉള്ളതിനെ, ആ ഉണ്മയെ യാതൊരു തടസ്സവുമില്ലാതെ അംഗീകരിക്കാൻ കഴിയും വിധം സഹോദരൻ അയ്യപ്പൻ യഥാർത്ഥ സ്വതന്ത്ര ചിന്തകൻ (Free Thinker) ആയിരുന്നു. തീർച്ചയായും അത് അദ്ദേഹത്തിന്റെ വികസിത ബുദ്ധിയുടെ നിദർശനവുമാകുന്നുണ്ട്. തികച്ചും മനോവികാസ നിലയാണത്.
അതെ. മറ്റൊരു വിശ്വാസപ്രമാണത്തെ അടിസ്ഥാനമാക്കി നീങ്ങുന്ന വ്യക്തിയെ ലഘുവായി തോന്നാത്ത ഒറ്റക്കാരണം കൊണ്ടു തന്നെ സഹോദരൻ അയ്യപ്പൻ നാരായണ ഗുരുവോളമോ അതിലുമപ്പുറമോ മഹത്വമുള്ള മറ്റൊരു ഗുരുവായി മാറുന്നതും ഇവിടെ കാണാം. ഇന്ന് വാദമല്ലാതെ അത്തരമൊരു യുക്തി നമുക്കിടയിലുണ്ടോ ?
അന്തരീക്ഷം അത്യന്തം ബഹളമയമായ ഇന്നത്തെ ഗുരു സമാധിദിനത്തിൽ ചിന്തയിൽ നമ്മൾ കൈവിട്ടു പോകുന്ന പരസ്പര ബഹുമാനം പോലുള്ള പല പ്രാഥമിക സാമൂഹ്യമൂല്യങ്ങളെയും ഓർമപ്പെടുത്താൻ ഈ സമാധി ഗീതത്തിന്റെ രചനാരീതിയ്ക്ക് ശക്തിയുണ്ട്.
***
ജരാരുജാ മൃതിഭയമെഴാശുദ്ധ-
യശോനിർവാണത്തെയടഞ്ഞ സദ്ഗുരോ
ജയനാരായണഗുരുസ്വാമിൻ ദേവ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.
നവവിയോഗാർത്തി പരിതപ്തർ ഭവൽ-
കൃതക പുത്രരാമനേക ലക്ഷങ്ങൾ
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവൻ സദ്ഗുരോ.
മനോവിജയത്തിൻ തികവാൽ ദിവ്യമാം
ഒളിചിതറുമാതിരുമുഖമിനി
ഒരുനാളും ഞങ്ങൾക്കൊരു കണ്ണുകാണ്മാൻ
കഴിയാതായല്ലോ പരമസദ്ഗുരോ.
കൃപയും ജ്ഞാനവും ഫലിതവുംകൂടും
മധുരപാവന മനോജ്ഞവാണികൾ
ചൊരിയുമാനാവു തിരളാതായല്ലോ
സഹിയുന്നെങ്ങിനെ പരമസദ്ഗുരോ.
ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളിൽ ഞങ്ങൾ പരമശുദ്ധിയെ
സ്വയമനുഷ്‌ഠിക്കാൻ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ.
മതമേതായാലും മനുജൻ നന്നായാൽ
മതിയെന്നുള്ളൊരു സ്വതന്ത്രവാക്യത്താൽ
മതനിഷേധവും മതസ്ഥാപനവും
പരിചിൽ സാധിച്ച പരമസദ്ഗുരോ.
ഭാരതഭൂമിയെ വിഴുങ്ങും ജാതിയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയ സേനകൾ പടനായകൻപോയി
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ.
വിമലത്യാഗമേ മഹാസന്യസമേ
സമതാബോധത്തിൻ പരമപാകമെ
ഭുവനശുശ്രൂഷേയഴുതാലും നിങ്ങൾ-
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്.
ത്രികരണശുദ്ധി നിദർശനമായി
പ്രഥിതമാം ഭവൽചരിതം ഞങ്ങൾക്കു,
ശരണമാകണെ ശരണമാകണെ
ശരണമാകണെ പരമസൽഗുരോ.