Advertisment

ഇന്ത്യാ - കാനഡ ബന്ധം വഷളാകുന്നു; ഹർദീപ് സിംഗ് നിജ്ജറിനെ കൊന്നത് ആര്? എന്താണ് യാഥാർഥ്യങ്ങൾ ?

New Update
H

കാനഡ വിസ്തൃതിയിൽ ഇന്ത്യയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള രാജ്യമാണ്. എന്നാൽ ജനസംഖ്യയാകട്ടെ ഡൽഹി NCR ക്കാൾ കുറവും. കേവലം 4 കോടി മാത്രം. കാനഡ, G7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഉൾപ്പെടുന്ന വികസിതവും സമ്പന്നവുമായ രാജ്യമാണ്.

Advertisment

കാനഡയിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ 8 ലക്ഷത്തോളം വരുന്ന സിഖ് വംശജർ അവിടെ വ്യവസായ - വാണിജ്യ - രാഷ്ട്രീയമേഖലകളിൽ നല്ല സ്വാധീനമുള്ളവരാണ്. സിഖുകാർ അവരുടെ ഗുരുദ്വാരയിലാണ്‌ പ്രാർത്ഥനയ്ക്കായി പോകുന്നത്. തമ്മിൽ പഞ്ചാബി ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ സിഖ് ഐക്യം അവിടെ പ്രബലമാണ്. കാനഡയിൽ പോയി സെറ്റിൽ ആകുകയെന്നത് ഓരോ സിഖ് യുവാവിന്റെയും സ്വപ്നമാണ്.

പഞ്ചാബിൽ ഹിന്ദുക്കളും സിഖുകാരും ഒത്തൊരുമയോടും സാഹോദര്യത്തോടെയുമാണ് കഴിയുന്നതെങ്കിൽ കാനഡയിൽ സ്ഥിതി നേരെതിരിച്ചാണ്. സിഖുകാർ ഹിന്ദുമതസ്ഥരുടെ കൂട്ടായ്‌മകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാറില്ല എന്നതിലുപരി ഭവനസന്ദർശനം പോലും വിരളമാണ്. ഊഷ്മളമായ ഒരു ബന്ധമല്ല കനേഡിയൻ സിഖ് - ഹിന്ദു മതസ്ഥർ തമ്മിൽ അവിടെ നിലനിൽക്കുന്നത്.

കാനഡയിൽ ഇന്ത്യക്കാരായ ഹിന്ദുവംശജർ സിഖുകാരെക്കാൾ കൂടുതലുണ്ട്. ഏകദേശം 9 ലക്ഷത്തോളം വരും. എന്നാൽ അവർ ഒറ്റക്കെട്ടായല്ല കഴിയുന്നത് എന്നതാണ് വസ്തുത. അവർ ഹിന്ദി, ഗുജറാത്തി, മറാഠി, ഭോജ്‌പുരി ,ബംഗാളി,തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്നവരും വെവ്വേറെ സംസ്ഥാനക്കാരുമാണ്. അതുകൊണ്ടുതന്നെ തനതായ രീതിയിലും സംസ്കാരത്തിലും പരസ്പ്പരം അകന്നും കഴിയുന്നവരാണ് ഹിന്ദുക്കൾ ഭൂരിഭാഗവും. ഇക്കാരണത്താൽ സിഖുമതസ്ഥർ കനേഡിയൻ രാഷ്ട്രീയ ത്തിൽ പ്രബലശക്തികളായി മാറിയിട്ടും ഹിന്ദുക്കൾക്ക് വലിയ പ്രാതിനിധ്യം പാർലമെന്റിൽ പോലുമില്ല.

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിനെ പ്രത്യേക ഖാലിസ്ഥാൻ രാജ്യമാക്കണമെന്ന് ലക്ഷ്യമിടുന്ന വിഘട നവാദികൾക്കും തീവ്രവാദികൾക്കും കാനഡയിലെ സിഖ് സമുദായങ്ങൾക്കിടയിൽ വലിയ സ്വാധീനമാണുള്ളത്. കാനഡയിൽ മാത്രമല്ല, ബ്രിട്ടൻ, ആസ്‌ത്രേലിയ, അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളിലുള്ള പല സിഖ് മതസ്ഥരുടെയും പിന്തുണ ഖാലിസ്ഥാൻ വാദികൾക്ക് ലഭിക്കുന്നുണ്ട്.

കാനഡയിലെ ഹൈന്ദവക്ഷേത്രങ്ങൾ ലക്‌ഷ്യം വച്ച് ഖാലിസ്ഥാൻ വാദികൾ നിരവധി ആക്രമണങ്ങൾ നടത്തുകയും ഹിന്ദുക്കളെ പലയിടത്തായി കയ്യേറ്റം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളാണ് തങ്ങളുടെ മുഖ്യശത്രുക്കൾ എന്ന നിലപാടാണ് അവർ കൈക്കൊണ്ടുവരുന്നത്. എന്നാൽ ഖാലിസ്ഥാനുവേണ്ടി കാനഡയിലുള്ള സിഖ് വംശജരെപ്പോലെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന സിഖുകാർ ഇത്ര തീവ്രമായ നിലപാട് കൈക്കൊള്ളാറില്ല.

ബ്രിട്ടൻ,അമേരിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും ഹിന്ദു ആരാധനാലയങ്ങളിലും ആക്രമണം നടത്തുന്നതും അവിടെയുള്ള ഖാലിസ്ഥാൻ തീവ്രവാദി സമൂഹമാണ്. ആക്രമണങ്ങൾ രൂക്ഷമായതോടെ പല രാജ്യങ്ങളിലും ഹിന്ദു സമൂഹം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. ടോറോന്റോയിലെ സ്വാമി നാരായണ ക്ഷേത്രമതിലിൽ ഖാലിസ്ഥാൻ മുദ്രാവാക്യം എഴുതിയതിലുള്ള ഹൈന്ദവരുടെ പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് ഉന്നത പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ സാധാരണനിലയി ലാക്കിയത്.

കാനഡ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള നാടാണ്. കാനഡയിൽ നടക്കുന്ന ഖാലിസ്ഥാൻ പ്രചാരണവും ഇന്ത്യാവിരുദ്ധ പ്രകടനങ്ങളും ഇന്ത്യൻ പതാകയേയും ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെയും അപമാനിക്കുന്ന നടപടികളും തടയുന്നതിനോ നിരോധി ക്കാത്തതിനോ ഉള്ള ന്യായീകരണം അവർ നിരത്തുന്നത് ഈ കാരണം പറഞ്ഞാണ്.

മാത്രവുമല്ല, ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലനിൽക്കുന്നതും സിഖ് നേതാക്കൾ മൂലമാണ്. 338 അംഗങ്ങളുള്ള പാർലമെന്റിൽ 18 പേർ സിഖുകാരാണ്. ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് ഇത്തവണ 14 അംഗങ്ങളുടെ ഭൂരിപക്ഷം കുറവായിരുന്നു. ഖാലിസ്ഥാൻ പക്ഷക്കാരായ സിഖ് വംശജരുടെ പാർട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) യാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് പിന്തുണ നൽകിയതും അധികാ രത്തിലേറ്റിയതും. അവിടുത്തെ സിഖ് മതസ്ഥരിൽ ഖാലിസ്ഥാൻ വിഘാടനവാദം പ്രചരിപ്പിക്കുന്നതിൽ അഗ്രഗണ്യനാണ് NDP പ്രസിഡണ്ട് ജഗ്‌മിത് സിംഗ്. ഈ കാരണങ്ങൾ മൂലം സിഖ് മതസ്ഥരെ പിണക്കാൻ കനേഡിയൻ സർക്കാർ ഒരിക്കലും തയ്യാറാകില്ല.

1984 ൽ ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറേ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഖാലിസ്ഥാൻ വിഘടനവാദത്തിന് അവിടെ വലിയ സ്വീകാര്യത ലഭിക്കുന്നത്.2015 ലെ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 5 സിഖുകാർ ക്യാബിനറ്റ് മന്ത്രിമാരായിരുന്നു. സിഖ് മതസ്ഥരുടെ ആവശ്യങ്ങൾ പരിഗണി ക്കാതെ മുന്നോട്ട് പോകാൻ ജസ്റ്റിൻ ട്രൂഡോയ്ക്കും കനേഡിയൻ സർക്കാരിനും കഴിയില്ല എന്നതാണ് വസ്തുത.

കാനഡയിൽ ഇന്ത്യ വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഖാലിസ്ഥാൻ തീവ്രവാദികളെപ്പോലും നിയന്ത്രിക്കാൻ അതുകൊണ്ടുതന്നെ അവർക്കു കഴിയുകയുമില്ല. ഇതുകൂടാതെ പശ്ചിമേഷ്യയിൽ പ്രവർ ത്തിക്കുന്ന പല തീവ്രവാദി ഗ്രൂപ്പുകളും അവിടെ ശക്തി പ്രാപിക്കുന്നുണ്ട്.

ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കന്ന പ്രശ്നവും അതീവ ഗുരുതരമാണ്. പാക്കിസ്ഥാനെപ്പോലെതന്നെ കാനഡയും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് എന്ന ഇന്ത്യൻ നിലപാട് തള്ളിക്കളഞ്ഞ കാനഡ, സിഖ് വംശജ നായ തങ്ങളുടെ പൗരൻ ഹർദീപ് സിംഗ് നിജ്ജറിനെ കൊലചെയ്തതിനു പിന്നിൽ ഇന്ത്യയാണെന്നാരോപിച്ചു കൊണ്ടാണ് അവർ കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ ഇന്നലെ പുറത്താക്കിയത്. ആ ആരോപണം നിഷേധിച്ച ഇന്ത്യ അതേ നാണയത്തിലാണ്‌ തിരിച്ചടിച്ചത്. കാനഡയുടെ നയതന്ത്രപ്രതിനിധിയെ ഇന്ന് ഇന്ത്യയും പുറത്താക്കി.

ഇക്കഴിഞ്ഞ ജൂൺ 18 നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ മുഖം മൂടി ധരിച്ച രണ്ടുപേർ ചേർന്ന് 45 കാരനായ ഹർദീപ് സിംഗ് നിജ്ജറിനെ വെടിവച്ചു കൊലപ്പെടുത്തിയത്. 1997ൽ പഞ്ചാബിൽ നിന്നും ഒരു പ്ലംബർ എന്ന നിലയിൽ കാനഡയിലേക്ക് പോയ ഹർദീപ് സിംഗ് നിജ്ജർ അവിടെ സിഖ് നേതാവായി മാറു കയായിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് അംഗമായി മാറിയ നിജ്ജറിനെ 2020 ൽ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

ഇതേരീതിയിൽ കഴിഞ്ഞ മെയ് 6 ന് ഖാലിസ്ഥാൻ കമന്റോ ഫോഴ്‌സ് തലവൻ Paramjit Singh Panjwar നെ പാക്കിസ്ഥാനിലെ ലാഹോറിൽ മുഖം മൂടിയണിഞ്ഞ രണ്ടജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജനുവരിയിൽ ഖാലിസ്ഥാൻ ഫോഴ്‌സിന്റെ ട്രെയിനറായ Harmeet Singh alias Happy യെയും ലാഹോറിലെ ഒരു ഗുരുദ്വാരയിൽ വച്ച് അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തുകയുണ്ടായി.

ഇതുകൂടാതെ അടുത്തിടെ Avtar Singh Khanda എന്ന ഖാലിസ്ഥാൻ നേതാവ് ബ്രിട്ടനിലെ ഒരാശുപത്രിയിൽ വച്ച് വിഷം ഉള്ളിൽ ചെന്ന് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്തിരുന്നു..

ഒന്നൊന്നായി നടന്ന ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ ഇൻഡ്യയാണെന്ന നിലപാടാണ് ഖാലിസ്ഥാൻ വാദികൾ ഉന്നയിക്കുന്നത്. എന്നാൽ ഇന്ത്യയാകട്ടെ തങ്ങൾക്കിതിലൊന്നും പങ്കില്ല എന്ന് പലവട്ടം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment