ഇസ്രായേലിനുമേൽ ഹമാസ് നടത്തിയ ഭീകരാക്രമണം മൂലം സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം എന്ന സ്വപ്നം യാഥാർഥ്യമാകുമോ ?

New Update
F

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും അതുവഴി പാലസ്തീൻ എന്ന ഒരു സ്വതന്ത്ര രാഷ്ട്രം യാഥാർഥ്യമാക്കാനും ഉള്ള ശ്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടെ തുടങ്ങിവച്ചതാണ്..

Advertisment

ഇസ്രായേലിനെ പ്രകോപിക്കാതെ അനുനയത്തിന്റെ പാതയിലൂടെ ഇസ്രായേൽ എന്ന രാജ്യത്തെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു അതിനായി സൗദി അറേബ്യ, യു.എ ഇ ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സ്വീകരിച്ചുപോന്നത്. തുർക്കി,ഈജിപ്റ്റ്, മൊറോക്കോ,ജോർദാൻ,സുഡാൻ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങൾ ഇസ്രായേലിനെ വളരെ മുൻപുതന്നെ അംഗീകരിക്കുകയും അവരുമായി നയതന്ത്ര വാണിജ്യ ബന്ധ ങ്ങൾ പുലർത്തിവരുകയുമാണ്. ഇസ്രായേലുമായി അടുക്കാനും നല്ല ബന്ധം സ്ഥാപിക്കാനും സൗദി ഉൾപ്പെടെ യുള്ള അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകവും ഇതുതന്നെയാണ്.

ഇസ്രായേൽ നടത്തിയ അനധികൃത പാലസ്തീൻ അധിനിവേശം ഒരു യാതാർഥ്യം തന്നെയാണ്. എന്നാൽ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമായി മാറിക്കഴിഞ്ഞു. ആധുനിക ടെക്നോളജിയിലും, വ്യവസായം, കൃഷി, വാണിജ്യം, ആയുധ നിർമ്മാണം തുടങ്ങിയ മേഖലകളിലും ഇസ്രായേൽ ഇന്ന് ഏറെ മുന്നേറിയ രാജ്യമാണ്. മൊത്തത്തിൽപ്പറഞ്ഞാൽ ഇസ്രായേൽ ലോകത്തെ ഒരു സമ്പന്നരാഷ്ട്രമായി മാറപ്പെട്ടു എന്നതാണ് വാസ്തവം. അതിനു പിന്നിലെ ഊർജ്ജം ഇസ്രായേൽ ജനതയുടെ കഠിനാദ്ധ്വാനവും ദൃഢനിശ്ചയവും ഭരണകൂടത്തിൻ്റെ ഇച്ഛാ ശക്തിയുമായിരുന്നു.

ഇസ്രായേൽ എന്ന രാജ്യത്തെ അംഗീകരിക്കാതെ ഒരു ഒത്തുതീർപ്പുഫോർമുലയും വിജയിക്കില്ല എന്ന വസ്തുത അറബ് രാജ്യങ്ങളുൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങൾക്കും അറിയാവുന്നതുമാണ്.ഇതോടൊപ്പം വെസ്റ്റ് ബാങ്ക്, ഗാസ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര പാലസ്തീൻ രാജ്യം എന്ന നിർദ്ദേശത്തോട് എല്ലാ അറബ് രാജ്യങ്ങൾക്കും ഇസ്രായേലിനും ഏറെക്കുറെ യോജിപ്പുമായിരുന്നു. വെസ്റ്റ് ബാങ്ക് ഭരണം കയ്യാളുന്ന പലസ്തീൻ ലിബറേഷൻ ഓഗനൈസേഷനും (PLO) ഇത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.  

എന്നാൽ ഇറാന്റെ കണക്കുകൂട്ടൽ വേറിട്ടതായിരുന്നു. മദ്ധ്യഏഷ്യയിൽ അവരുടെ സാന്നിദ്ധ്യവും നിലനി ൽപ്പും അറബ് രാജ്യങ്ങൾ ഒന്നാകെ ഇസ്രായേലുമായി അടുക്കുന്നതോടെ നഷ്ടമാകുമെന്ന് അവർക്ക് വ്യക്ത മായി അറിയാമായിരുന്നു.സൗദിയുമായുള്ള അവരുടെ ഭിന്നതകൾ ഏറെക്കാലമായി തുടരുകയുമാണ്.

ഇറാനെ സംബന്ധിച്ചിടത്തോളം അവരുടെ ഒന്നാം നമ്പർ ശത്രു ഇസ്രായേൽ തന്നെയാണ്. ഇസ്രായേലുമായി യാതൊരുവിധ നീക്കുപോക്കുകൾക്കും ഇറാനിയിലെ ഷിയാ ഭരണകൂടം തയ്യാറാകുകയുമില്ല. ഇതുതന്നെയാ ണ് ഇസ്രായേലിന്റെയും നിലപാട്.തങ്ങൾ നേരിടുന്ന സുരക്ഷാഭീഷണി 90 % വും ഇറാനിൽനിന്നാണെന്ന് ഇസ്രായേൽ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രായേൽ - അറബ് ഐക്യം ഇറാനെ സംബന്ധിച്ചിടത്തോളം അവരുടെ ഉറക്കം കെടുത്തുന്നതാണ്. യമനി ലെയും ലബനോനിലെയും ഷിയാ ഭീകര വിഭാഗങ്ങളായ ഹൂതികളും ഹിസ്ബുള്ളയും ഇറാന്റെ സ്വന്തം തീവ്രവാദി ഗ്രൂപ്പുകളാണ്. അവർക്ക് സാമ്പത്തിക സഹായവും ആയുധങ്ങളും പരിശീലനവും നൽകുന്നത് ഇറാൻ ഭരണകൂടമാണ്. മദ്ധ്യ ഏഷ്യയിൽ സ്വാധീനം ഉറപ്പിക്കുക എന്നതിലുപരി മുസ്‌ലിം ലോകത്തെ നെടു നായകത്വം കരസ്ഥമാക്കുക എന്നതും ഇറാന്റെ ഗൂഡലക്ഷ്യമാണ്‌.

ഹമാസിന് തങ്ങളുടെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടെ മേൽനോട്ടത്തിൽ ഒന്നരവർഷത്തോളം നീണ്ട ആയുധപരിശീലനവും ട്രെയിനിംഗും കൂടാതെ യന്ത്രത്തോക്കുകളും റോക്കറ്റുകളും റോക്കറ്റ് ലോഞ്ചറുകളും ഒക്കെ സംഘടിപ്പിച്ചുനൽകുകയും അവയെല്ലാം ഇരുചെവിയറിയാതെ ഗാസയിൽ എത്തിക്കുകയും, വളരെ ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ സ്വായത്തമായുള്ള ഇസ്രായേൽ സേനയെയും അവരുടെ മൊസാദ് എന്ന രഹസ്യാന്വേഷണ വിംഗിനെയും കബളിപ്പിച്ചുകൊണ്ട് ആസൂത്രിതമായ ആക്രമണം കര - വ്യോമ- കടൽ മാർഗ്ഗം ഒരേ സമയം നടത്തി ഇസ്രായേലിനൊപ്പം ലോകത്തെയാകെ അമ്പരപ്പിക്കാനും കഴിഞ്ഞത് ഇറാന്റെ യുദ്ധതന്ത്രമായാണ് കണക്കാക്കുന്നത്. അവർ ആ ലക്‌ഷ്യം അസൂയാവഹമായാണ് ഹമാസിനെക്കൊണ്ട് നിർവഹിപ്പിച്ചത്.

ഭീകര - തീവ്രവാദ ഗ്രൂപ്പുകൾക്ക് ആകാശത്തുകൂടെ മോട്ടോർ ഘടിപ്പിച്ച ഗ്ലൈഡറുകൾ വഴി കൂട്ടമായി പറന്ന് മറ്റൊരു രാജ്യത്തു കടന്നുചെന്ന് ആക്രമണവും കൊലപാതകവും നടത്താനുള്ള ഒരു പുതിയ രീതിയാണ് ഒക്ടോബർ 7 ന് ഇസ്രായേലിനുമേൽ ഹമാസ് നടത്തിയത്.മികച്ച രീതിയിലുള്ള ട്രെയിനിങ് ഇതിനായി അവർ ക്ക് ലഭിച്ചിരിക്കുന്നു. അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം ദുഷ്കരമായ സാഹചര്യത്തിൽ ഈ പുതിയ രീതി രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നതാണ്. ഒരു രാജ്യവും സുരക്ഷിതമല്ല എന്ന മുന്നറിയിപ്പാണ് ഇതുവഴി ഭീകരർ ലോകത്തിനു നൽകുന്നത്.

ഇതൊക്കെകൊണ്ട് ഇറാൻ ലക്ഷ്യമിടുന്നത് രണ്ടു കാര്യങ്ങളാണ്....

ഒന്ന്, അടുത്തിടെ ഉരുത്തിരിഞ്ഞുവന്ന അറബ് - ഇസ്രായേൽ സഖ്യം തകർക്കുക. രണ്ട് , ഇസ്രായേലിനു പിന്നി ൽ അമേരിക്കയും സഖ്യകക്ഷികളും അണിനിരന്നാൽ റഷ്യ, ചൈന പിന്തുണയോടെ ഇസ്രായേലിനെ എതിർ ക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഒരു സുശക്തമായ മറുചേരി രൂപപ്പെടുത്തുക. കാരണം ഇസ്രായേലും അമേരി ക്കയും ഇറാനെതിരേ നടത്താനിടയുള്ള ആക്രമണം ചെറുക്കാനും അവർ ലക്ഷ്യമിടുന്ന ആണവായുധനി ർമ്മാണം പൂർത്തീകരിക്കാനും ഇത്തരമൊരു കൂട്ടായ്മ ഇറാന് വളരെ അനിവാര്യമാണ്.

എന്നാൽ ഇറാൻ പ്രതീക്ഷിച്ച നിലയിൽ കാര്യങ്ങൾ അത്ര പന്തിയാകുമെന്ന് കരുതാൻ വയ്യ.ഒക്ടോബർ 7 ന് അതിർത്തികടന്ന് ഹമാസ് നടത്തിയ നിഷ്ടൂരമായ കൂട്ടക്കുരുതിയെ പല ലോകരാജ്യങ്ങളും അപലപിച്ചിരി ക്കുകയാണ്.UAE,പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളിലും ഈ തീവ്രവാദത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഹമാസിനെ ഒരു ഭീകരസംഘടനയായാണ് അറബ് ലീഗും കണക്കാക്കുന്നത്.

ഇസ്രായേൽ പോലൊരു കരുത്തുറ്റ സൈനികശക്തിയെ ഇത്തരത്തിൽ പ്രകോപിപ്പിക്കുക വഴി ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങളെയാണ് ഹമാസ് ദുരിതത്തിലാക്കിയിരിക്കുന്നത്. ഇസ്രായേൽ പ്രതികാ രദാഹ ത്തോടെ നടത്തുന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളുമാണ് കൊല്ലപ്പെടു ന്നത്. കടൽവഴിയും കരവഴിയുമുള്ള പാതകളെല്ലാം അടച്ചതിനാൽ ജനം തീർത്തും പട്ടിണിയിലാണ്. വെള്ളവും വൈദ്യുതിയും ഗ്യാസും വിച്ഛേദിക്കപ്പെട്ടുകഴിഞ്ഞു.റോഡുകളെല്ലാം അടച്ചുപൂട്ട പ്പെട്ടു. ചരക്കുകൾ ഉൾപ്പെടെ ഗതാഗതം മൊത്തത്തിൽ നിലച്ചു.

മറ്റൊരു സുപ്രധാന വസ്തുത, ഗാസയിലെ 23 ലക്ഷത്തോളമുള്ള ജനങ്ങളിൽ 80% വും അന്താരാഷ്ട്ര സമൂഹ ത്തിന്റെ സഹായത്താലാണ് ഉപജീവനം നടത്തിയിരുന്നത്. യൂറോപ്പ്,അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആ സഹായം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. ഹമാസ് നടത്തിയ ഭീകരാക്രമണം മുംബൈയിൽ നടന്ന 26/11, അമേരിക്കയിൽ നടന്ന 9/11 ആക്രമണത്തിന് സമാനമായതാണെന്ന അഭിപ്രായ മാണ് പല രാജ്യങ്ങൾക്കുമുള്ളത്.ഇത് ഭാവിയിൽ ഗാസയിലെ ജനങ്ങൾക്കുതന്നെ പലതരത്തിലുള്ള ബുദ്ധിമു ട്ടുകളാകും സൃഷ്ടിക്കപ്പെടുക.

അന്താരാഷ്ട്ര സഹായമില്ലാതെ ഗാസയിലെ ജനജീവിതം മുന്നോട്ടുപോകുക ദുഷ്കരമാണ്. ആഹാരത്തിനും മരുന്നിനും മറ്റ് അത്യാവശ്യകാര്യങ്ങൾക്കും ഈ ഫണ്ട് അത്യന്താപേക്ഷിതവുമാണ്. അത് നിലയ്ക്കുന്നതുമൂലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഗാസയിൽ വരും നാളുകളിൽ സംഭവിക്കുക.

പ്രതികരദാഹത്തോടെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉടനൊന്നും നിലയ്ക്കാനിടയില്ല.മൂന്നാമതൊരു രാജ്യം ഹമാസിന് അനുകൂലമായി ഇടപെടുകയോ യുദ്ധത്തിൽ ഇസ്രായേൽ പിന്തിരിയേണ്ടി വരുകയോ ചെയ്‌താൽ ആണവശക്തിയായ അവർ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.

തങ്ങളുടെ സുരക്ഷയ്ക്കുള്ള 90% ഭീഷണിയും ഇറാനിൽനിന്നും അവർ പിന്തുണയ്ക്കുന്ന ഭീകരസംഘട നക ളിൽ നിന്നുമാണെന്നും ആ നിലയ്ക്കുള്ള എല്ലാ മുൻകരുതലുകളും തങ്ങൾ സ്വീകരിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കുകയുണ്ടായി. ഇസ്രായേൽ ആണവശക്തിയാണ്. 70 ന്യൂക്ലിയർ ബോം ബു കൾ അവരുടെ പക്കലുണ്ടെന്നാണ് വിവരം. ഇതുകൂടാതെ ആണവ മിസൈൽ ശേഖരവും അവർ സ്വായ ത്തമാക്കിയിട്ടുണ്ട്. ഇതിന്റെയൊന്നും കൃത്യമായ കണക്കറിയില്ലെങ്കിലും ലോകമൊട്ടാകെ വിനാശം വിത യ്ക്കാനുള്ള ആണവശേഷി അവരാർജ്ജിച്ചിരിക്കുന്നു എന്നാണ് വിവരം.

അതേസമയം ഇറാനും അതീവരഹസ്യമായി ഏതാണ്ട് 5ൽ അധികം ആണവ ബോംബുകൾ നിർമ്മിക്കു ന്നതി ൽ വിജയിച്ചു എന്നാണ് ചില സോഴ്‌സുകൾ നൽകുന്ന റിപ്പോർട്ട്.ആണവശക്തിയാകാനുള്ള തീവ്രശ്രമം അമേരിക്കൻ ഉപരോധത്തിനിടയിലും അവർ തുടർച്ചയായി നടത്തിവന്നിരുന്നു. ഇറാൻ ആണവശക്തിയാകു ന്നതിൽ ഏറ്റവും കൂടുതൽ അങ്കലാപ്പ് സൗദി അറേബ്യാക്കും ഇസ്രായേലിനുമാണ്. ഇറാൻ അണുബോംബ് നിർമ്മിച്ചാൽ ഒട്ടും അമാന്തിക്കാതെ തങ്ങളും ആ വഴിക്കുനീങ്ങുമെന്ന് സൗദിയിലെ സൽമാൻ രാജകുമാരൻ അടുത്തിടെ ഒരു വിദേശമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

പരസ്പ്പരം പോർമുഖം തീർത്തുകൊണ്ടുള്ള ഇറാൻ - ഇസ്രായേൽ പടപ്പുറപ്പാട് ലോകത്തെ എങ്ങോട്ട് നയിക്കു മെന്നും അതുകൊണ്ടുതന്നെ പലസ്തീൻ എന്ന ഒരു സ്വതന്ത്ര രാജ്യം എപ്പോൾ രൂപീകൃതമാകുമെന്നും പശ്ചിമേ ഷ്യയിൽ സ്ഥായിയായ സമാധാനം എന്ന് യാഥാർഥ്യമാകുമെന്നും ഇപ്പോൾ പ്രവചിക്കുക സാദ്ധ്യമല്ല.

ചിത്രങ്ങൾ :

F

1. മുഖത്ത് പലസ്തീൻ പതാക ടാറ്റു ചെയ്ത പെൺകുട്ടി.

G

2 .ഇസ്രായേൽ ബോംബിങ്ങിൽ തകർന്ന ഗാസയിലെ കെട്ടിടം.

G

3.കൊല്ലപ്പെട്ട ഇസ്രായേൽ യുവാവിന്റെ മൃതദേഹം ബൈക്കിൽകൊണ്ടുപോകുന്ന ഹമാസ് ഭീകരൻ.

G

4. ഇസ്രായേൽ യുവതിയെ തുണിയിൽ മൂടി ഗാസയിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നു.

F

5 .ഇസ്രായേൽ വൃദ്ധയെ വാഹനത്തിൽ ഗസ്സയിലേക്ക് കൊണ്ടുപോകുന്ന ഭീകരർ.

H

6 . ഹമാസ് തലവൻ ഇസ്മായിൽ ഹാനിയെ (Ismail Haniyeh)

( ഈ ലേഖനം തയ്യറാക്കിയത് BBC ലേഖകൻ വിനീത് ഖരെ , മാലിനി പാർത്ഥസാരഥി,പ്രൊഫ.എ കെ പാഷ, പ്രൊഫ.യോസി മെക്കൽബർഗ്,മെഹ്ദി ഹസൻ എന്നിവരുടെ വീക്ഷണങ്ങളെയും അന്താരാഷ്ട്ര മാദ്ധ്യമ ങ്ങളുടെ നിരീക്ഷണങ്ങളെയും ആധാരമാ ക്കിയാണ്.)

Advertisment