എലികളെ പിടിക്കാൻ റെയിൽവേ ചെലവാക്കിയത് 69 ലക്ഷം. പിടിച്ചത് 168 എലികളെ. അതായത് ഒരെലിയെ പിടിക്കാൻ ചെലവായത് 41000 രൂപ!
ഇത് റെയിൽവേയുടെ ലക്‌നൗ ഡിവിഷനിലെ മാത്രം കണക്കാണ്. അതും കേവലം ഇക്കഴിഞ്ഞ 3 വർഷത്തെത്. മറ്റു ഡിവിഷനുകളിലെ കണക്കുകൾ ലഭ്യമായിട്ടില്ല.
ട്രെയിനിൽ ദൂരയാത്ര ചെയ്യുന്ന എല്ലാവർക്കുമറിയാം, നമ്മുടെ ഒട്ടുമിക്ക ട്രെയിനുകളിലും എലിശല്യവും പാറ്റാ ശല്യവും രൂക്ഷമാണെന്ന്. പലപ്പോഴും റെയിൽവേയെ പലരും പഴിച്ചിട്ടുമുണ്ട്.
അപ്പോഴും എലിയെപ്പിടിക്കുന്ന കലാപരിപാടി റെയിൽവേ നിരന്തരം നടത്തുന്നുണ്ടെന്ന വിവരം പലർ ക്കുമറിയില്ലായിരുന്നു..
എലിനിവാരണത്തിലൂടെ അഴിമതിക്കുള്ള പുതിയൊരു വാതിലാണ് അധികൃതർക്കുമുന്നിൽ തുറക്കപ്പെട്ടത് എന്ന് കരുതേണ്ടിയിരിക്കുന്നു.
വിവരാവകാശ നിയമപ്രകാരമാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലക്‌നൗ സ്വദേശി ചന്ദ്രശേഖർ ഗൗർ എന്ന വ്യക്തിയാണ് RTI നിയമപ്രകാരം ലക്‌നൗ ഡിവിഷനിൽ അപേക്ഷ സമർപ്പിച്ചത്.
ഇതോടൊപ്പം ഫിറോസ്‌പൂർ ,മുറാദാബാദ് ഡിവിഷനുകളിലും ഇതുസംബന്ധമായ അപേക്ഷ നൽകിയെങ്കിലും മറുപടി ലഭ്യമായിട്ടില്ല.
ഇന്ത്യയിലെ എല്ലാ റെയിവേ ഡിവിഷനലുകളിലും എലികളെ പിടികൂടിയതിന്റെ വിവരങ്ങൾ ലഭിക്കാനുള്ള RTI അപേക്ഷകൾ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചന്ദ്രശേഖർ ഗൗർ.