ശ്രീമാൻ സി.രഞ്ജിത്, തലവൂർ പഞ്ചായത്തിലെ ( കൊല്ലം ജില്ല )രണ്ടാലുംമൂട് വാർഡ് മെമ്പറാണ്. ജനകീയ വിഷയങ്ങളിൽ വേറിട്ട് ചിന്തിക്കുകയും അത് നടപ്പാക്കുന്നതിനായി നൂതനമായ രീതികൾ അവലംബിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനശൈലി ആളുകൾക്ക് ഏറെ ഇഷ്ടവുമാണ്.
തലവൂർ പഞ്ചായത്തിലെ താമസക്കാരനായതിനാൽ എനിക്ക് രഞ്ജിത്തിനെ നേരിട്ടറിയാം. നല്ല സുഹൃത്താണ്.
അടിക്കടി സപ്ലൈ നിലയ്ക്കുന്ന KSEB യുടെ നിരുത്തരവാദപരമായ നിലപാടുകളുടെ പ്രതിഷേധമെന്നവണ്ണം തൻ്റെ വാർഡിലെ 9 കസ്‌റ്റമേഴ്സിന്റെ വൈദ്യുതി ബില്ലും അതിൻ്റെ ആകെ തുകയായ ഏകദേശം 10000 രൂപയും പൂർണ്ണമായും നാണയത്തുട്ടുകളായി KSEB പട്ടാഴി സബ് സ്റ്റേഷനിലെത്തിച്ച് AE ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ രെക്കൊണ്ട് 5 മണിക്കൂർ അവ എണ്ണിത്തിട്ടപ്പെടുത്താൻ നിർബന്ധിതനാക്കിയ മെമ്പർ രഞ്ജിതിന്റെ നടപടി കേരളത്തിലെ ഏഷ്യാനെറ്റ്, മനോരമ ഉൾപ്പെടെയുള്ള എല്ലാ മാദ്ധ്യമങ്ങളും പ്രകീർത്തിച്ചതാണ്. തദ്ദേശവാസികളുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ നീക്കത്തെത്തുടർന്ന് രണ്ടുദിവസമായി ഞങ്ങൾക്ക് വൈദ്യുതി നിലച്ചിട്ടില്ല എന്നതും യാഥാർഥ്യമാണ്.
തലവൂർ - പട്ടാഴി മേഖലകളിൽ അടിക്കടി വൈദ്യുതി നിലയ്ക്കുന്നത് ഒരു സ്ഥിരം സംഭവമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കുറഞ്ഞത് 20 തവണ ഞാൻ KSEB യുടെ ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്..
" മെയിൻ ലൈനിൽ എന്തോ തകരാറാണ്. കണ്ടുപിടിക്കാൻ കഴിയുന്നില്ല, മുഴുവൻ ടീമും ഫീൽഡിലുണ്ട് " എന്ന മറുപടിയാണ് എനിക്ക് സ്ഥിരമായി പട്ടാഴി KSEB ഓഫീസിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.ഇപ്പോൾ രഞ്ജിതിന്റെ ഈ പ്രതിഷേധം അധികാരികളുടെവരെ ഉറക്കമുണർത്താൻ പോകുന്നതായതിനാൽ KSEB യുടെ ഭാഗത്തുനിന്നും മാറ്റമുണ്ടാകും എന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ട്.
മെമ്പർ രഞ്ജിത് മുൻപും സമാനമായ രീതിയിൽ ബന്ധപ്പെട്ട അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന തരത്തിൽ ജനകീയ വിഷയങ്ങളിൽ പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടാലുംമൂട് ജംക്ഷനിൽ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് അവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം പലപ്പോഴായി ഉയർന്നുവന്നതാണ്. ഒടുവിൽ മെമ്പർ രഞ്ജിത് സ്വന്തം തലയിൽ ഒരു കൃതൃമ ലൈറ്റ് ഘടിപ്പിച്ച് ജംക്ഷനിൽ നിന്നുകൊണ്ട് ട്രാഫിക്ക് നിയന്ത്രിച്ച് അധികാരികളു ടെയും ജനങ്ങളുടെയും മദ്ധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അതിൻ്റെ ഫലമായി തലവൂർ രണ്ടാലുംമൂട് ജംഗ്ഷനിൽ ഇപ്പോൾ താൽക്കാലിക സിഗ്നൽ സംവിധാനം നിലവിൽ വന്നിരിക്കുന്നു.
അതുപോലെതന്നെ പോലീസ് സ്റ്റേഷനുകളിൽ ഹിന്ദിയിൽ എഴുതിവച്ചിട്ടുള്ള " മൃദുഭാവേ ദൃഡ്കൃത്യേ" ( മൃദുഭാവത്തിൽ ദൃഢമായ കൃത്യനിർവഹണം) എന്നത് " മൃദുഭാവേ ഹട്ട്കൃത്യേ" ( മൃദുഭാവത്തിൽ കൃത്യത്തിൽ നിന്നും ഒഴിഞ്ഞുമാറുക) എന്നെഴുതിയിട്ടുള്ള വലിയ തെറ്റ് കൊല്ലം റൂറൽ എസ് പി ഓഫീസിനുമുന്നിൽ ഒരു ബോർഡ് സ്ഥാപിച്ച് എഴുതി അധികാരികളെ ബോദ്ധ്യപ്പെടുത്തിയ ഈ മെമ്പറുടെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു..
അദ്ദേഹം അംഗമായ തലവൂരിലെ പഞ്ചായത്തോഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കാലിൽ പ്ലാസ്റ്ററുമിട്ട് വീൽ ചെയറിൽ നടത്തിയ പ്രതിഷേധസമരവും ശ്രേദ്ധേയമായിരുന്നു.
ജനപക്ഷത്തുനിന്നുകൊണ്ട് കക്ഷിരാഷ്ട്രീയഭേദമന്യേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വിഷയങ്ങളെ കൈകാര്യം ചെയ്യുകയും അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ഏതറ്റം വരെയും പോകാൻ ഒരു മടിയുമില്ലാത്ത മെമ്പർ രഞ്ജിത് മറ്റുള്ള ജനപ്രതിനിധികൾക്കെല്ലാം മാതൃകയാണ്. തലവൂർ പഞ്ചായത്ത് ഓഫീസ് നിലനിൽക്കുന്ന രണ്ടാലുംമൂട് വാർഡിൽ നിന്നുള്ള ബിജെപിയുടെ വാർഡ് മെമ്പറാണ് ശ്രീമാൻ സി.രഞജിത്.