/sathyam/media/media_files/IbWhMpyGTfZR9pZ1kR3K.jpg)
15 വർഷം മുൻപ് ഡൽഹിയെ നടുക്കിയ മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിന്റെ ഇന്നുവരെയുള്ള നാൾവഴികൾ.
ഇന്ത്യ ടുഡേ TV ജേർണലിസ്റ്റായിരുന്ന സൗമ്യ വിശ്വനാഥൻ കൊല്ലപ്പെടുന്നത് 2008 സെപറ്റംബർ 30 നായിരുന്നു. തലയിൽ വെടിയേറ്റ നിലയിൽ സ്വന്തം കാറിനുള്ളിൽ ഡൽഹിയിലെ വസന്ത് കുഞ്ച് നെൽസൺ മണ്ടേല റോഡിലാണ് അവരുടെ മൃതദേഹം കാണപ്പെട്ടത്.
മലയാളികളായ വിശ്വനാഥന്റെയും മാധവിയുടെയും ഏകമകളായിരുന്നു 25 കാരിയായ സൗമ്യ വിശ്വനാഥൻ. ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഈ മിഡിൽ ക്ലാസ്സ് ഫാമിലി യുടെ ഏക പ്രതീക്ഷയായിരുന്നു മകളായ സൗമ്യ. ജേർണലിസം പഠിച്ച സൗമ്യക്ക് ഇന്ത്യ ടുഡേ യുടെ TV ഗ്രൂപ്പായ ഹെഡ്‍ലൈൻസ് ടുഡേയിലായിരുന്നു ജോലി.
സംഭവദിവസം സൗമ്യക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യറാക്കി ഡെസ്ക്കിൽ നൽകിയശേഷം വെളുപ്പിന് 3 മണിക്ക് സൗമ്യ, താൻ വീട്ടിലേക്ക് തിരിക്കുന്ന വിവര ത്തിന് അച്ഛന് ഫോൺ ചെയ്തു.
തുടർന്ന് കാർ പാർക്കിങ്ങിൽ വാഹനം എടുക്കും മുൻപ് സെക്യൂരിറ്റിയോട് അൽപ്പം കുശലം നടത്തിയശേഷം വീട്ടിലേക്കുള്ള വഴിയേ സ്വയം വാഹനമോടിച്ചുപോയ സൗമ്യയെ ആളൊഴിഞ്ഞ നെൽസൺ മണ്ടേല റോഡി ൽ ഒരു സംഘം ആളുകൾ ഒമിനി വാനിൽ പിന്തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെട്ടു.. അപകടം മനസ്സിലാ ക്കിയ സൗമ്യ കാറിന്റെ വേഗതകൂട്ടി മുന്നോട്ടുപാഞ്ഞു.
ഒപ്പം പാഞ്ഞെത്തിയ ഓമിനി വാനിൽ നിന്നും സാമ്യയെ ലക്ഷ്യമാക്കി ഉതിർത്ത വെടിയുണ്ട, കാറിന്റെ വിൻഡോ ഗ്ലാസ്സ് തകർത്ത് അവരുടെ തലയുടെ പിൻഭാഗത്തുകൂടി തുളഞ്ഞുകയറി. മറ്റൊരു വെടിയുണ്ട കാറിന്റെ ടയറിലൂടെയും പാഞ്ഞുകയറി.
നിയന്ത്രണം വിട്ട കാർ റോഡിന്റെ സൈഡിൽപ്പോയി നിന്നു. ഘാതകർ സൗമ്യയുടെ ബാഗും ധരിച്ചിരുന്ന മാലയും വളകളും കവർന്ന ശേഷം കടന്നുകളഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു.
ഈ കൊലപാതകം ഇന്ത്യയൊട്ടാകെ ചർച്ചയായി. കുറ്റവാളികളെ പിടികൂടാൻ ഡൽഹി സർക്കാരിനുമേൽ സമ്മർദ്ദമേറിയതോടെ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നടത്തിയ പ്രസ്‍താവന ഏറെ വിവാദമായി മാറി.
" പെൺകുട്ടികൾ ഇത്ര റിസ്‌ക്കെടുക്കുന്നത് നല്ലതല്ല. വെളുപ്പിന് ഒറ്റയ്ക്ക് കാറോടിച്ചുപോകാൻ തക്കവണ്ണം ഡൽഹി സുരക്ഷിതമല്ല " ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‍താവന.. ഇതു വിവാദമായി. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മാദ്ധ്യമ സംഘടനകളും രംഗത്തെത്തിയതോടെ കുടുംബത്തിന്റെ ദുഃഖത്തിൽ താൻ ആത്മാർത്ഥമായി പങ്കുചേരുന്നു എന്നവർക്ക് പരസ്യമായി പറയേണ്ടിവന്നു.
ഇനിയാണ് കേസിന്റെ യഥാർത്ഥ ട്വിസ്റ്റ്..!
സൗമ്യയുടെ കൊലപാതകം നടന്ന സ്ഥലത്ത് ഇൻക്വസ്റ്റും മറ്റു നടപടികളും പൂർത്തിയാക്കാൻ പോലീസിനെ സഹായിച്ചത് ഘാതകനായ രവി കപൂർ,അമിത് ശുക്ല,ബൽജിത് മാലിക്, അജയ് കുമാർ , അജയ് സേഥി എന്നിവരായിരുന്നു. പൊലീസിന് യാതൊരുവിധ സംശയങ്ങളും തോന്നാത്ത തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. ഡൽഹിയിലെ വസന്ത് വിഹാർ പോലീസ് സ്റ്റേഷനിലെ സ്ഥിരം സന്ദർശകരായിരുന്നു ഇവ രെല്ലാം.
ചെറിയ അടിപിടിക്കേസുകളിലൊക്കെ പ്രതികളായിരുന്ന ഈ കുറ്റവാളികൾ പോലീസിന് രഹസ്യമായി പല കുറ്റകൃത്യങ്ങളുടെയും വിവരം നൽകുന്നവരുമായിരുന്നു. അങ്ങനെ പോലീസ് പല കേസുകളിലും ഇവരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഡൽഹി പൊലീസിന് ഇവരെ സംശയമില്ലായിരുന്നു.
മാസങ്ങൾ നീളുകയും പ്രതികൾ പിടിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ ഡൽഹി പോലീസ് വലിയ സമ്മ ർദ്ദത്തിലായി. അവർ രവി കപൂർ ഗ്യാംഗിനെ വിളിച്ചുവരുത്തി സൗമ്യ യുടെ ഘാതകരെപ്പറ്റിയുള്ള വിവരം ശേഖരിച്ചുനൽകാൻ നിർദ്ദേശിച്ചു. കാരണം പൊലീസിന് കുറ്റവാളികളെപ്പറ്റി ഒരു തുമ്പും അതുവരെ ലഭിച്ചിരുന്നില്ല. തങ്ങൾ അന്വേഷിച്ചു കുറ്റവാളികളെ പിടികൂടാൻ സഹായിക്കാമെന്ന് രവി കപൂറും കൂട്ടരും പൊലീസിന് ഉറപ്പുനൽകി സ്റ്റേഷനിൽ നിന്ന് ചായയും കുടിച്ചാണ് അവർ യാത്രയായത്.
ആദ്യകൊലപാതകം വിജയിക്കുകയും തങ്ങൾ പിടിക്കപ്പെടാതിരിക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസ ത്തിൽ പ്രതികൾ രണ്ടാമത്തെ കൊലപാതകത്തിനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചിരുന്നു.. അഞ്ചു മാസ ത്തിനു ശേഷം ഫെബ്രുവരി മാസത്തിലെ തണുപ്പുകാലത്ത് രാവിലെ വസന്ത് വിഹാറിൽ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് കാത്തുനിന്ന ഐ ടി എക്സിക്യൂട്ടീവായിരുന്ന ജിഗിഷ ഘോഷ് എന്ന യുവതിക്കരുകിൽ ഒമിനി വാൻ നിർത്തിയശേഷം അവരിൽ രണ്ടുപേർ യുവതിയുടെ അടുത്തുചെന്ന് വഴി ചോദിച്ചു. അവർ വഴി പറയുന്നതിനിടയിൽ ഇരുവരും ചേർന്ന് അവരുടെ വായപൊത്തി എടുത്തു വാനിലാക്കി മുന്നോട്ടുപോയി.
സാമ്യയെ കൊലചെയ്ത അതേ തോക്കുപയോഗിച്ചു ജിഗിഷ ഘോഷിനെ ഭീഷണിപ്പെടുത്തി ATM കാർഡും പിൻ നമ്പറും കരസ്ഥമാക്കി മൂന്ന് ATM കളിൽനിന്നും ഇവർ പണമെടുത്തു. പിടിക്കപ്പെടാതിരിക്കാൻ മുഖം തുണി കൊണ്ടു മൂടിയായിരുന്നു ATM ൽ നിന്നും അവർ പണമെടുത്തത്. അവസാനതവണ പണമെടുത്തപ്പോൾ രവി കപൂറി ന്റെ മുഖത്തെ തുണി താനേ മാറി മുഖം ക്യാമറയിൽ പതിയപ്പെട്ടു. ഇത് അവർ കാര്യമാക്കിയില്ല.
ജിഗിഷ ഘോഷിനെ അവർ ഒമിനിവാനിലിട്ട് കൂട്ടത്തോടെ ബലാൽസംഗം ചെയ്തശേഷം കൊലപ്പെടുത്തി ആളൊഴിഞ്ഞ ഒരു സ്ഥലത്തുപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷവും ഇവർ പലതവണ വസന്ത് വിഹാർ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയിരുന്നു.അന്വേഷണ വിവരങ്ങൾ പോലീസിൽ നിന്നുതന്നെ മനസിലാക്കുക എന്നതായിരുന്നു അവരുടെ ഗൂഢ ലക്‌ഷ്യം.
ജിഗിഷ ഘോഷിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം അവർ കാണാതായ ദിവസം ATM ൽ നിന്നും പിൻവലിച്ച തുകയിലേക്കെത്തുകയും മുഖത്തെ തുണിമാറിയപ്പോൾ പതിഞ്ഞ രവി കപൂറിന്റെ ചിത്രം പൊലീസിന് ലഭിക്കുകയുമായിരുന്നു.രവി കപൂർ ഉൾപ്പെടെ ഗ്യാങിലെ മറ്റു നാലുപേരെയും പോലീസ് 2009 മാർച്ചുമാസം അറസ്റ്റ് ചെയ്തു. ജിഗിഷ ഘോഷിന്റെ കൊലപാതകത്തെപ്പറ്റി ചോദ്യം ചെയ്തപ്പോഴാണ് സൗമ്യ വിശ്വനാഥനെ കൊന്നതും തങ്ങളാണെന്ന് അവർ സമ്മതിച്ചത്.
ഡൽഹി പോലീസിനെ വിഡ്ഢികളാക്കി 6 മാസത്തോളം അവരുടെ കണ്മുന്നിലൂടെ വിലസിയ ഘാതകർ മറ്റൊരു കൊലക്കേസ് നടത്തിയപ്പോൾ മാത്രമാണ് പിടികൂടാൻ കഴിഞ്ഞതെന്ന യാഥാർഥ്യം ഡൽഹി പൊലീ സിന് വലിയ നാണക്കേടാണുണ്ടാക്കിയത്.
സൗമ്യ കൊല്ലപ്പെടുന്ന ദിവസം പുലർച്ചെ മൂന്നുമണിക്ക് വഴിയരികിലെ തട്ടുകടയിൽ ചായകുടിച്ചു പണം പിന്നീട് നൽകാമെന്ന് പറഞ്ഞു മുന്നോട്ടുനീങ്ങിയ രവി കപൂറിനും കൂട്ടാളികൾക്കും മുന്നിലൂടെയാണ് സൗമ്യ കാറോടിച്ചുപോയത്. കയ്യിൽ പണമില്ലാതിരുന്ന കൂട്ടുകാരോട് " ഇന്നിവളെ കൊള്ളയടിക്കാം" എന്ന് പറ ഞ്ഞാണ് രവി കപൂർ കൂട്ടുകാർക്കൊപ്പം ഒമിനിയിൽ സൗമ്യയുടെ കാറിനെ പിന്തുടർന്നത്.
സൗമ്യയോട് വാഹനം നിർത്താനാവശ്യപ്പെട്ടപ്പോൾ അവർ സ്പീഡ് കൂട്ടി മുന്നോട്ടു പാഞ്ഞു..വാഹ നമോടിച്ചി രുന്ന അമിത് ശുക്ലക്കൊപ്പം മുൻസീറ്റിലിരുന്ന രവി കപൂർ " എൻ്റെ ഉന്നം നോക്കിക്കോ "എന്ന് മറ്റുള്ളവരോട് പറഞ്ഞുകൊണ്ടാണ് തോക്കെടുത്ത് സൗമ്യക്കുനേരേ നിറയൊഴിച്ചത്. അത് ലക്ഷ്യത്തിൽ എത്തുകയും സൗമ്യ കൊല്ലപ്പെടുകയുമായിരുന്നു.
2016 ൽ ജിഗിഷ ഘോഷിന്റെ കേസിൽ വിധിവന്നിരുന്നു. രവി കപൂർ, അമിത് ശുക്ല എന്നിവർക്ക് വധശി ക്ഷയാണ് വിധിച്ചത്. പിന്നീട് 2017 ൽ ഡൽഹി ഹൈക്കോടതി ഇവരുടെ വധ ശിക്ഷ ജീവപര്യന്തമായി മാറ്റുകയാ ണുണ്ടായത്.
സൗമ്യ കേസിൽ വിധി പറയാൻ 15 വർഷമെടുത്തത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പിഴവ് തന്നെയാണ്. ഏക മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കൾ നീതിക്കായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. പലതവണ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. സൗമ്യ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ മറ്റൊരാളെ നിയമിക്കാൻ സർ ക്കാരിന് വർഷങ്ങളെടുത്തു എന്നതാണ് പരിതാപകരമായ അവസ്ഥ.
ഒടുവിൽ ഇന്ന് ഡൽഹിയിലെ സാകേത് കോടതി കുറ്റവാളികളായ രവി കപൂർ, അമിത്,ബൽജിത്, അജയ കുമാർ എന്നിവർ 302,34 വകുപ്പുകൾ പ്രകാരം കുറ്റവാളികളാണെന്നും അഞ്ചാം പ്രതി അജയ് സേഥി 411 മത്തെ വകുപ്പുപ്രകാരമുള്ള കുറ്റവാളിയാണെന്നും വിധിച്ചിരിക്കുന്നു. വധശിക്ഷയും ജീവപര്യന്തവും കിട്ടാവുന്ന വകുപ്പുകളാണ് ഇവയെല്ലാം. ശിക്ഷ പിന്നീട് വിധിക്കും.