അഴിമതിക്കാരായ നേതാക്കൾ ശിക്ഷിക്കപ്പെടാറില്ല! കൊല്ലത്തെ താമരക്കുടി സഹരണബാങ്കിൽ 18 വർഷം മുമ്പ് നടന്നത് 13 കോടി രൂപയുടെ ക്രമക്കേട്. ഇവിടെ നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. തട്ടിപ്പുനടത്തിയവർ ഇപ്പോഴും രാഷ്ട്രീയക്കാരായി സമൂഹത്തിൽ വിലസുന്നു!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
thamarakudi

ന്ത്യകണ്ട ഏറ്റവും വലിയ അഴിമതികളായ ബോഫോഴ്സ് ,സ്പെക്ട്രം,ഹവാല ഇതിലൊക്കെ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. രാജ്യത്തിന്റെ പൊതുഖജനാവിലെ ശതകോടികളാണ് നഷ്ടമായത്. ആരും പിടിക്കപ്പെട്ടില്ല, ശിക്ഷിക്കപ്പെട്ടില്ല.

Advertisment

അതുപോലെതന്നെ ലാലുയാദവ് ഉൾപ്പെട്ട കാലിത്തീറ്റ കുംഭകോണം, റെയിൽവേയിൽ ഭൂമിക്കും പണത്തിനും പകരം ജോലി തുടങ്ങി വ്യാപമായി നടത്തപ്പെട്ട തട്ടിപ്പുകൾ പലതും വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലൂടെ കോടതിയിൽ തെളിയപ്പെടുകയും ലാലുയാദവ് ജയിലാകുകയും ചെയ്തതാണ്. എന്നാൽ ഒട്ടുമിക്ക നേതാക്കളും പിടിക്കപ്പെടുമ്പോൾ അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യം നേടുന്ന വഴിതന്നെ ലാലു യാദവും തെരഞ്ഞെടുത്തു. ചികിത്സയ്ക്കായി ജാമ്യം നേടി ജയിലിൽനിന്നും പുറത്തിറങ്ങി സിഗപ്പൂരിൽ കിഡ്‌നി ട്രാസ്‌പ്ലാന്റ് നടത്തി യശേഷം മടങ്ങിവന്ന് നാടിനെ വീണ്ടും ഉദ്ധരിക്കാനുള്ള രാഷ്ട്രീയ പ്രവർത്തനം അദ്ദേഹം പരസ്യമായി നടത്തുകയാണ്.

നിയമവ്യവസ്ഥയിലെ പഴുതുകൾ നേതാക്കൾ അതിസമർത്ഥമായാണ് ഉപയോഗിക്കുന്നത്. ലാലു യാദവ് ജയിലിൽ പോയ അവസരത്തിൽ ഭാര്യയെ മുഖ്യമന്ത്രിയാക്കി. അവരുമിപ്പോൾ ഒട്ടനവധി അഴിമതിക്കേ സുകൾ നേരിടുകയാണ്. നിലവിൽ മകനാണ് ഉപമുഖ്യമന്ത്രിയായിരിക്കുന്നത്. ബീഹാറിലെ ഗോപാൽ ഗഞ്ചിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന ലാലുയാദവ് ഇന്ന് ശതകോടീശ്വരനായാണ് അറിയപ്പെടുന്നത്.

ഫോഡർ സ്‌കാം ഉൾപ്പെടെയുള്ള പല സാമ്പത്തിക തട്ടിപ്പു കേസുകളും തെളിയിക്കപ്പെടുകയും ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിൽനിന്നും ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ നിയമം അങ്ങനെയാണ്.

ഇപ്പോൾ 300 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും വെള്ളിടി വീഴുക ഉറപ്പായും ഉദ്യോഗസ്ഥർക്ക് മേലെയായിരിക്കും. വ്യക്തിസ്വാധീനവും കൂടുതൽ വരുമാനവും പ്രതീക്ഷിച്ചാണ് ആളുകൾ സഹകരണസ്ഥാപനങ്ങളിൽ പണംവും സ്വർണ്ണവും നിക്ഷേപിക്കുന്നത്..

റിസർവ് ബാങ്കിനോ സർക്കാരിനോ നേരിട്ട് നിയന്ത്രണമൊന്നുമില്ലാത്ത സഹകരണസ്ഥാപനങ്ങൾ ഭരിക്കുന്നത് തദ്ദേശ രാഷ്ട്രീയയക്കാരാണ്. അവരിൽ വിശ്വാസമർപ്പിച്ചാണ് ആളുകൾ അവിടെ നിക്ഷേപിക്കാൻ തയ്യറാകുന്നതും പലപ്പോഴും വഞ്ചിതരാകുന്നതും..

അഴിമതിയും തട്ടിപ്പും പുറത്തുകൊണ്ടുവരുമ്പോൾ സഹകരണസഥാപനങ്ങളെ തകർക്കാനുള്ള ഗൂഢ നീക്കം എന്ന അടവാണ് നേതാക്കൾ സ്ഥിരമായി പുറത്തെടുക്കുന്നത്. എന്നാൽ ഈ സ്ഥാപനങ്ങളിൽനിന്നും എന്ത് നേട്ടമാണ് സാധാരണക്കാർക്കുണ്ടാകുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വായ്പ്പയെടുത്താൽ 16 % വരെയാണ് പലിശ.

കൊല്ലം ജില്ലയിലെ താമരക്കുടി സഹരണബാങ്കിൽ നടന്നതുതന്നെ നോക്കുക. 40 വർഷം സിപിഎം നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നടത്തിയ ബാങ്കിൽ 18 വർഷം മുൻപ് 13 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. 3000 ത്തിലധികം ആളുകളുടെ നിക്ഷേപം നഷ്ടമായി.സർവീസിലുള്ളവർ, സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർ, കർഷകർ,സാധാരണക്കാരുൾപ്പെടെയുള്ള നിക്ഷേപകർക്കെല്ലാം പണം നഷ്ടമായി.

പണം നിക്ഷേപകർക്ക് തിരികെ നൽകാൻ പലതവണ ഹൈക്കോടതി ഉത്തരവിട്ടു. നടന്നില്ല. മന്ത്രി ബാലഗ പാലും വാസവനും നേരിട്ടെത്തി നിക്ഷേപകർക്ക് പണം നല്കുമെന്നുറപ്പുനൽകി. അതും നടന്നില്ല. ബിജെപിയും കൊടിക്കുന്നിൽ സുരേഷ് എം.പി യും സമരവും ധർണ്ണയും സത്യാഗ്രഹവും നടത്തി.. അവരും മടുത്തു. ഒരു ചുക്കും സംഭവിച്ചില്ല. പണം നഷ്ടപ്പെട്ടവർ മുട്ടാത്ത വാതിലുകളില്ല. തട്ടിപ്പുനടത്തിയവർ ഇപ്പോഴും രാഷ്ട്രീയക്കാരായി സമൂഹത്തിൽ വിലസുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണവും നിലച്ചമട്ടാണ്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സെക്രട്ടറിയേയും ഭരണസമിതി അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു. ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല.

തൻ്റെ ജീവിത സമ്പാദ്യം 16 ലക്ഷം രൂപ, 18 കൊല്ലം മുൻപ് താമരക്കുടി സഹകരണബാങ്കിൽ നിക്ഷേപിച്ച റിട്ട. അധ്യാപകൻ വൈക്കത്ത് (പ്രണവം) വി.ആർ.കൃഷ്ണപിള്ള അവസാനശ്വാസം വരെ നിരന്തര പോരാട്ടം നടത്തിയിട്ടും ഒരു രൂപ പോലും തിരികെ കിട്ടാതെ 4 ദിവസം മുൻപാണ് മരിച്ചത്.

നമ്മുടെ രാജ്യത്തുനടന്ന പല അഴിമതികളും ഒന്ന് വിലയിരുത്തി നോക്കുക.. ഒപ്പം പല രാഷ്ട്രീയ നേതാക്കളും ഞൊടിയിടയിൽ എങ്ങനെ ധനാഢ്യരായി മാറുന്നുവെന്നും അറിയാൻ ശ്രമിക്കുക. അഴിമതികളിൽ നേതാ ക്കൾ രക്ഷപ്പെടാനും ഉദ്യോഗ്‌സഥർ കുടുങ്ങാനുള്ള കാരണം മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്നത് ഉദ്യോഗസ്ഥരായതുകൊണ്ടാണ്. പാലാരിവട്ടം പോലുള്ള അഴിമതിയിലും ഉദ്യോഗസ്ഥരാണ് അഴികൾക്കുള്ളിലായത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ജയിലായത് എന്തുകൊണ്ടാണെന്നും എന്താണ് അദ്ദേഹം നടത്തിയ അഴിമതിയെന്നും രാഷ്ട്രീയം മാറ്റിവച്ച് ഒരു വിശകലനം നടത്താൻ ശ്രമിക്കേണ്ടതാണ്.

സത്യസന്ധമായും, സുതാര്യതയോടെയും,അഴിമതിരഹിതമായും പൊതുപ്രവർത്തനം നടത്താൻ രാഷ്ട്രീയ രംഗത്തേക്ക് വരുന്നവർ വിരളമാകുകയാണ്. നല്ലൊരു ശതമാനം ആളുകളും സാമ്പത്തികനേട്ടമുണ്ടാക്കാനാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത് എന്ന് സംശയിച്ചാൽ തെറ്റുണ്ടോ? ഇതാണോ രാഷ്ട്രീയത്തിലേക്ക് പലരെയും ആകർഷിക്കുന്ന ഘടകം ?

വരും തലമുറയെ ഓർത്ത് വിദ്യാസമ്പന്നരായ നമ്മുടെ യുവതീ യുവാക്കൾ വളരെ ആഴത്തിൽ ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണിത്.

Advertisment