പുരാതന ഇന്ത്യയുടെ വേദനകളും ആധുനിക ഇന്ത്യയുടെ സ്വപ്നങ്ങളും സമ്മേളിക്കുന്ന ഏറ്റവും മഹത്തായ രാഷ്ട്രീയ സാമൂഹിക ചരിത്ര നൈതിക ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. മഹത്തായ ഇന്ത്യൻ ഭരണഘടന രാജ്യത്തിൻ്റെ നിയമമായി സ്വീകരിച്ചിട്ട് ഇന്ന് 75 വർഷം തികയുന്നു. 2024 നവംബർ 26 ഭരണഘടനയുടെ വജ്രജൂബിലിയാണ്.
75 വർഷം തികയുമ്പോള്‍, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തെയും, ലക്ഷ്യമായ സോഷ്യലിസത്തെയും ഭരണഘടനയുടെ ആമുഖത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ കാര്യകാരണസഹിതം സുപ്രീം കോടതി തള്ളിക്കളഞ്ഞു എന്നത് ഭരണഘടനയുടെ വജ്രജൂബിലിയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു.
ഞാൻ ഇൻഡ്യൻ ഭരണഘടന ഗ്രന്ഥരൂപത്തിൽ വായിക്കുന്നത് കോളേജ് വിദ്യാഭ്യാസ കാലത്താണ്. അതിനു മുൻപ് മൗലികാവകാശങ്ങൾ (Fundamental Rights) സ്ക്കൂൾ ക്ലാസ്സുകളിൽ Civics ൻ്റെ ഭാഗമായി പഠിച്ചിരുന്നു. അവിടെ തന്നെ ഭരണഘടനയോട് ആദരവു തോന്നി. എന്നാൽ പിന്നീട് ഇന്ത്യൻ ഭരണഘടന ആവർത്തിച്ച് വായിച്ചു പഠിച്ചപ്പോൾ അതിനോട് വീണ്ടും വീണ്ടും ആദരവ് വർദ്ധിക്കുകയാണുണ്ടായത്.
അതേ സമയം അടിയന്തിരാവസ്ഥക്കാലത്തെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ ''സോഷ്യലിസ്റ്റ്" എന്നും മറ്റുമുള്ള മാറ്റങ്ങൾ (Amendments) വരുത്തിയിട്ടുണ്ടെങ്കിലും പ്രായോഗികമായി സോഷ്യലിസം സാക്ഷാത്കരിക്കാനുള്ള നടപടികളെക്കുറിച്ചൊന്നും നമ്മുടെ ഭരണഘടന പറയുന്നില്ലെന്നത് ബോധ്യമാണുതാനും. എന്നാൽ സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ വിധി, സോഷ്യലിസം ക്ഷേമരാഷ്ട്ര സങ്കല്പം മാത്രമാണെന്ന് ചുരുക്കുകയും ചെയ്യുന്നു.
ആ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ വേണം ഇന്ത്യൻ ഭരണഘടനയെ സമീപിക്കേണ്ടത്.
ഇന്ത്യൻ ഭരണഘടന തത്ത്വത്തിൽ പൗരന്മാർക്കിടയിൽ തുല്യത ഉറപ്പുവരുത്തുന്നുണ്ടു്. അത് നിസ്സാര കാര്യമല്ല.
സഹസ്രാബ്ദങ്ങൾ പിന്നിട്ട അധീശ വർഗ്ഗ താല്പര്യത്തിൻ്റെ നിയമസംഹിതകളിലൂടെ പ്രത്യേക അവകാശങ്ങൾ തലമുറകളായി അനുഭവിച്ചു വളർന്ന് പന്തലിച്ച മേൽജാതിക്കാരെയും പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും കുബേരരെയും രാജവംശത്തിൽപ്പെട്ടവരെയും അത്തരം അവകാശങ്ങളൊന്നുമില്ലാതെ ആ അവകാശങ്ങളുടെ ഇരകളായിത്തീർന്ന സ്ത്രീകളെയും കൂലിവേലക്കാരെയും സാധാരണക്കാരെയും അസ്പൃശ്യരായി അവഗണിക്കപ്പെട്ടവരെയും ആദിവാസികളെയുമെല്ലാം ഒരേ നിലയിൽ പൗരന്മാർ എന്ന ഒരൊറ്റ പൊതു സംജ്ഞയിൽ പരിഗണിക്കാൻ നമ്മുടെ ഭരണഘടനയ്ക്ക് കഴിഞ്ഞു.
അത്തരം സമത്വാധിഷ്ഠിതമായ പൗരസങ്കല്പത്തിനു വേണ്ടി സ്വാതന്ത്ര്യാനന്തരം, പ്രത്യേക പ്രക്ഷോഭങ്ങളൊന്നും നടത്താതെ തന്നെ എല്ലാവരെയും പൊതുവിൽ തുല്യാവകാശങ്ങളുള്ള പൗരന്മാരായി മാത്രം കാണുന്ന ഭരണഘടന നിലവിൽ വന്നു എന്നത് നമ്മുടെ ജനാധിപത്യത്തിൻ്റെ സഹജമായ സവിശേഷതയാണ്.
അതു തന്നെയാണ് മറ്റു പല ജനാധിപത്യ ഭരണഘടനകളിൽ നിന്നും നമ്മുടെ ഭരണഘടനയ്ക്കുള്ള മാനവീയ മൂല്യവ്യത്യാസം. അതിനാൽ മനസ്സാവാചാ അല്പവും അനാദരവ് കാട്ടാതെ സംരക്ഷിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യേണ്ട സാഹോദര്യത്തിൻ്റെ മഹത്തായ നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടന.
സ്വാതന്ത്ര്യത്തിനു മുൻപ് സഹസ്രാബ്ദങ്ങൾ ജാതിയുടെയും സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും പേരിൽ അടിമസമാനമായി കഴിഞ്ഞവരെക്കൂടി പൗരജനങ്ങളുടെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാൻ പ്രത്യേക വകുപ്പുകൾ മുന്നോട്ടുവച്ച ഭരണഘടന അതേ സമയം തന്നെ സ്വാതന്ത്ര്യത്തിനു മുൻപുണ്ടായിരുന്ന ജാതിയുടെയും പ്രഭുത്വത്തിൻ്റെയും അധികാരത്തിൻ്റെയും പ്രത്യേക അവകാശങ്ങൾ സൂചിപ്പിക്കുന്ന ശ്രേഷ്ഠ വാചികളായ എല്ലാ പദവികളെയും ( titles) സമ്പൂർണ്ണമായും ആർട്ട്ക്കിൾ 18 ലൂടെ നിരോധിക്കുകയും ചെയ്തു ( Article 18: Abolition of titles).
സ്വാതന്ത്ര്യത്തിനു മുൻപ് നൂറ്റാണ്ടുകളായി നിലനിന്ന ധാരാളം നിയമങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, ചങ്ങമ്പുഴ പാടിയ പോലെ :"ഇടതിങ്ങി നിറയുന്നു നിയമങ്ങൾ നീതികൾ/ ഇടമില്ലവർക്കൊന്നു കാലു കുത്താൻ " എന്ന അവസ്ഥയിലായിരുന്നു താഴ്ന്ന ജാതിക്കാർക്കും അർത്ഥവും അധികാരവും ഇല്ലാത്തവർക്കും.
ജന്മിത്തത്തിൻ്റെയും ജാതീയതയുടെയും ലിംഗവിവേചനത്തിൻ്റെയും മറ്റ് അനവധിയായ ചൂഷണങ്ങളുടെയും ക്രൂരവും മനുഷ്യത്വരഹിതവുമായ നിയമങ്ങളുടെ തുടർച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടാകാതിരിക്കാനായി നമ്മുടെ ഭരണഘടന മൗലികാവകാശങ്ങളെ കുറിച്ച് പറയുന്നിടുത്ത് (Part III, Article 13 (i) ) അത് തർക്കരഹിതമായി പ്രത്യേകം പ്രഖ്യാപിച്ചിട്ടുണ്ടു്: "ഈ ഭരണഘടനയുടെ പ്രാരംഭത്തിന് തൊട്ടു മുൻപ് ഇന്ത്യയുടെ ഭൂപ്രദേശത്ത് പ്രബല്യത്തിലിരുന്ന എല്ലാ നിയമങ്ങളും അവ ഈ ഭാഗത്തിലെ വ്യവസ്ഥകൾക്ക് സംഗതമല്ലാത്തിടത്ത് അങ്ങനെയുള്ള സാംഗത്യമില്ലായ്മയുടെ വ്യാപ്തിയോളം അസാധുവായിരിക്കുന്നതാ"ണെന്ന് ( All laws in force in the territory of India immediately before the commencement of this Constitution, in so far as they are inconsistent with the provision of this Part, Shall, to the extent of such inconsistency, be void).
നൂറ്റാണ്ടു നീണ്ട പോരാട്ടത്തിൻ്റെ ഫലമായി ലഭിച്ച ജനാധിപത്യ സ്വാതന്ത്ര്യത്തിന് ഏറ്റവും അനുയോജ്യമായ ഭരണഘടന തന്നെയാണ് നമുക്കുള്ളതെന്ന് അലസമായ ഒരു വായന കൊണ്ടു പോലും ആർക്കും ബോദ്ധ്യം വരുമെന്നാണ് എൻ്റെ അനുഭവങ്ങൾ. ജനജീവിതവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ വായിക്കുന്ന താല്പര്യത്തോടെ ഭരണഘടന വീണ്ടും വീണ്ടും വായിക്കാൻ കഴിയുന്നതു് അതിൽ അന്തർലീനമായ സമത്വവീക്ഷണത്തിലാണെന്ന് പറയാം.
ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷനായിരുന്നു കൊണ്ട് മഹാനായ ഡോ.അംബേദ്കർ നടത്തിയിട്ടുള്ള ചർച്ചകളും സംവാദങ്ങളും വായിക്കുമ്പോഴാണ് പുരാതന കാലം മുതൽക്കുള്ള ഇന്ത്യയുടെ വേദനകളെയും അത്യന്താധുനിക ഇന്ത്യയുടെ സ്വപ്നങ്ങളെയും അഭിസംബോധന ചെയ്യാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതു് എന്തുകൊണ്ടാണെന്ന് ബോദ്ധ്യം വരുന്നത്.
ഇന്ത്യയുടെ ഭരണഘടനയെ അതിൻ്റെ മഹത്വത്തിൽ കാണേണ്ടത് ഇന്ത്യയുടെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും അതിൻ്റെ സഹസ്രാബ്ദങ്ങൾ പിന്നിട്ട ചരിത്രത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കണം.
"നരനു നരനശുദ്ധവസ്തുപോലും /
ധരയിൽ നടപ്പതു തീണ്ടലാണുപോലും /
നരകമിവിടമാണു ഹന്ത! കഷ്ടം/
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?
പരരിലലിവെഴാത്ത ദുർജ്ജനത്തിൻ- /
കരബലകല്പിതമാണു ജാതിഭേദം /
ദുരയൊടവർ മിടഞ്ഞുവെച്ച മൗഢ്യ- /
ത്തിരയിലൊളിക്കരുതാരുമാത്മദീപം"
എന്ന വരികളിലൂടെ മഹാകവി കുമാരനാശാൻ ചൂണ്ടിക്കാട്ടിയ ദുർഗതിയായിരുന്നു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപുള്ള ഇന്ത്യയുടെ സാമൂഹ്യാവസ്ഥ.
ജാതിയുടെയും വർഗ്ഗത്തിൻ്റെയും പേരിൽ സാമൂഹികമായും സാമ്പത്തികമായും അത്രത്തോളം അന്തരപ്പെട്ടു കഴിഞ്ഞിരുന്നവരാണ് ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിൽപ്പെട്ട ജനങ്ങൾ. രാജാക്കന്മാരും പുരോഹിതന്മാരും വിദേശ ശക്തികളും, ജനതയെ വിഭാഗികമായി നിലനിർത്തിയിരുന്ന നിയമങ്ങളെന്ന "മിടഞ്ഞുവച്ച മൗഢ്യ"ങ്ങളെ (ആശാൻ) മാറ്റമില്ലാതെ സംരക്ഷിയുകയായിരുന്നു.
ജാതീയവും സാമ്പത്തികവുമായ വേർതിരവുകളെ മാത്രമല്ല, കുറ്റത്തെയും ശിക്ഷയെയും സംബന്ധിച്ചും നിലനിന്നിരുന്ന ജാതി നിഷ്ഠമായ നിയമങ്ങളെയും ചട്ടങ്ങളെയും വിലക്കുകളെയും ഭംഗം കൂടാതെ അവർ സംരക്ഷിച്ചു പോന്നു. അന്തമില്ലാത്ത ചൂഷണത്തിനും പീഡനത്തിനും അത്തരം നിയമങ്ങൾ സ്വദേശികളും വിദേശികളുമായ അധീശവർഗ്ഗത്തിന് ആവശ്യമായിരുന്നു.
അന്നത്തെ നിയമങ്ങളുടെ മുന്നിൽ ഒരിക്കലും അസ്പൃശ്യരായ സാധുക്കളും ധനികരായ മേൽജാതിക്കാരും തുല്യരായിരുന്നില്ല. അത്തരം സങ്കല്പം പോലും പാപമായിരുന്നു. ഇങ്ങനെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും മനുഷ്യരെ പല തട്ടുകളിൽ മാത്രം കണ്ടിരുന്ന വിഭാഗികമായ നിയമാവലികളുടെ സ്ഥാനത്താണ് നിയമത്തിൻ്റെ മുമ്പാകെയുള്ള സമത്വവുമായി ( Article 14: Equality before law ) ഇന്ത്യൻ ഭരണഘടന 1949 നവംബർ 26 ന് നിലവിൽ വന്നത്. അതിൻ്റെ ആത്മാവിനെ പ്രസ്ഫുരിതമാക്കും വിധം ആമുഖമായി പറയുന്നു:
"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു [ പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ] സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠതയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും [ രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും] ഉറപ്പു വരുത്തിക്കൊണ്ടു് സാഹോദര്യം പുലർത്തുവാനും;സഗൗരവം തീരുമാനിച്ചിരിക്കയാൽ;നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ 1949 നവംബർ 26-ാം തീയതി ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാകുകയും നമുക്കു തന്നെ ദാനം ചെയ്യുകയും ചെയ്യുന്നു" വെന്ന്.
ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യത്തിനു ശേഷവും വഴിനടക്കുന്നതിനുള്ള അവകാശത്തിനായി സഖാവ് ഏ.കെ.ജി.യുടെ നേതൃത്വത്തിൽ പാലിയം സമരമെന്ന മഹാ പ്രക്ഷോഭം നടന്നു എന്നോർക്കുക. അവിടെയാണ് "മതമോ വർഗ്ഗമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ കാരണമാക്കിയുള്ള വിവേചനത്തിൻ്റെ നിരോധനം" എന്ന ഭരണഘടനയുടെ ആർട്ട്ക്കിൾ 15 ഉം, "പൊതുജീവനം സംബന്ധിച്ച വിഷയത്തിൽ അവസരസമത്വം" (Equality of opportunity in matters of public employment) എന്ന ആർട്ട്ക്കിൾ 16 ഉം , ''തൊട്ടുകൂടായ്മ നിറുത്തലാക്കൽ" (Abolition of Untouchability) എന്ന ആർട്ട്ക്കിൾ 17 ഉം പ്രസക്തമാവുന്നതു്.
ഇങ്ങനെ രാഷ്ട്രത്തെയും പൗരന്മാരെയും ജനാധിപത്യപരമായി വികസനത്തിൻ്റെ പാതയിലൂടെ അന്തസ്സോടെയും ഐക്യത്തോടെയും നയിക്കാനുതകുന്ന മഹത്തായ നിയമ സംഹിതകളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത്.
എന്നാൽ അനവധിയായ തിരുത്തലുകൾ (Amendments) വരുത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനയെ അലംഘനീയമായ ദിവ്യനീതിയുടെ സാരസംഹിതയായി കണ്ട് വിമർശിച്ചു കൂടാ എന്ന് പറയാനാവില്ല. നമ്മുടെ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായിത്തന്നെ ആരോഗ്യകരവും വസ്തുതാപരവുമായ വിമർശനങ്ങൾക്കു് ഭരണഘടനയെ തന്നെയും വിഷയമാക്കാം.
അതേ സമയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആധാരശിലയായ ഭരണഘടനയെ അംശങ്ങളിൽ വിമർശിച്ചാൽതന്നെ സമഗ്രതയിൽ ആദരിക്കാൻ കഴിയണം. അലസമായ സംഭാഷണത്തിൽപ്പോലും ഭരണഘടനയെ പരിഹസിച്ച് ഒരൊറ്റ വാക്കുപോലും പറയരുത്. അതിൽ തുടി കൊട്ടുന്നത് ഒരു ജനതയുടെ വിമോചനത്തിൻ്റെ മഹത്തായ സ്വപ്നമാണ്.
ഞാൻ വായിച്ച രാഷ്ട്രീയ സാമൂഹിക ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നാം സ്ഥാനം മഹാനായ അംബേദ്കറുടെ അദ്ധ്യക്ഷതയിൽ എഴുതപ്പെട്ട ഇന്ത്യൻ ഭരണഘടനയ്ക്കു തന്നെയാണ്.
-ചേപ്പാട് രാജന്ദ്രൻ