/sathyam/media/media_files/2025/03/06/j6JazTBF4wjI9eeulOWt.jpg)
കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേയ്ക്ക് മുതിരുമ്പോൾ തന്നെ അതീവദുഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നട ക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിയ്ക്കുന്നതാണ്. സാക്ഷരകേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്കുന്നു.
കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേയ്ക്കും, അതിരുവിട്ട അക്രമവാസനയിലേയ്ക്കും വ്യാപരിച്ചിരിയ്ക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു.
എന്നാൽ അതിന്റെ ഭ്യതയും വിതരണവും ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും ഭരണാധികാരികളും നിയമപാലകരും ഉണ്ടെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും വഷളായും തുടരുന്നു.
രാഷ്ട്രീയ പിൻബലവും സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തുനിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും മാത്രമായുള്ള വെറും പ്രഹസനമായി മാറിയിരിക്കുന്നു.
ഇന്ന് പത്രങ്ങളിലും ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലും പത്ര ടെലിവിഷൻ ചാനലുകളിലും റേഡിയോവിലും പ്രാദേശികവും സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന വാർത്തകളും പ്രഭാഷണങ്ങളും വായിയ്ക്കുകയോ കേൾക്കുകയോ കാണുകയോ ചെയ്യുന്ന എത്ര യുവാക്കളും കൗമാരക്കാരും കുട്ടികളും നമ്മുടെ കുടുംബങ്ങളിൽ ഉണ്ട് എന്ന് ഒരു പരിശോധന നടത്തൂക, അല്ലെങ്കിൽ അതിന്നായി സമയം മാറ്റിവയ്ക്കുവാൻ നിഷ്കർഷിയ്ക്കുന്ന എത്ര മാതാപിതാക്കൾ ഉണ്ട് ?
70 % മാതാപിതാക്കളും മക്കളുടെ എ + നു പിന്നാലെയും, സ്‌കൂൾ പാഠ്യേതര മത്സരങ്ങളുടെയും മാർക്കിന്റെയും പിന്നിലാണ്. കഴിഞ്ഞ ഒരു 15 വർഷത്തിൽ സാമൂഹികമായി വന്ന മൂല്യച്യുതിയുടെ കണക്കെടുത്താൽ മലയാളി മറ്റൊരു ലോകത്തിൽ ഒരു അന്യഗോളം പോലെ ചുറ്റിത്തിരിയുന്ന കാഴ്ചയാണ് കാണുന്നത്.
ആധുനികതയുടെ ലോകത്തെ വൈവിധ്യങ്ങളുടെ മാറാലയിൽ മലയാളി സമൂഹം കുടുങ്ങിയിരിയ്ക്കുന്നു. ലഹരിയിൽ നിന്നും ആക്രമണ വാസനയുള്ള ഒരു കൗമാര സമൂഹത്തെ അവർ അറിയാതെ വളർത്തിയെടുത്തിരിയ്ക്കുന്നു.
എങ്ങും ആഘോഷങ്ങളുടെ തിമിർപ്പിൽ ലഹരി പാർട്ടിയും ഡിജെ പാർട്ടിയുമാണ്. നൂലുകെട്ടും മാമോദീസയും ഉപനയനവും സുന്നത്തു കല്യാണവും മുതൽ മരണവും അടിയന്തിരവും ആണ്ടും വരെ മദ്യ സല്കാരത്തിലും ഡാൻസ് പാർട്ടികളിലും നിശാ ലഹരി പാർട്ടികൾക്കും വരെയുള്ള വേദിയുമാക്കി മാറ്റിയിരിയ്ക്കുന്നു.
പുതിയ തലമുറയ്ക്ക് സ്വന്തമായൊരു കുടുംബ രൂപീകരണത്തെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ ഉള്ള ധാരണയോ കാഴ്ചപ്പാടോ ഇല്ലാതെ ആയിരിയ്ക്കുന്നു. അവരെ അതിന്നായി പാകപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്കോ നമ്മുടെ മതപരമായ ആചാര്യന്മാർക്കോ വീഴ്ച സംഭവിച്ചിരിയ്ക്കുന്നു.
"ഒരു പ്രളയമോ, കോവിഡോ വന്നാൽ തീരുന്ന ജീവിതമേ ഉള്ളൂ" എന്ന ഒരു അബദ്ധ ധാരണയാണ് ഇന്നത്തെ യുവ സമൂഹത്തിനുള്ളത്. വിവാഹം, കുടുംബം, കുട്ടികൾ, സമൂഹം എന്ന സങ്കല്പത്തിൽ നിന്നും ജീവിതം അടിച്ചു പൊളിയ്ക്കാനുള്ളതാണ് എന്ന വാദവും എന്റെ ശരീരം, എന്റെ മനസ്സ്, എന്റെ ജീവിതം എന്ന വളരെ സങ്കുചിതവും സ്വാർത്ഥത നിറഞ്ഞതുമായ മനസ്സിന്റെ ഉടമകളായി പുതുതലമുറ മാറിയിരിയ്ക്കുന്നു. ആരാണിതിനുത്തരവാദികൾ ?
പണ സമ്പാദനവും, മാളികയും സുഖസൗകര്യങ്ങളും ബാങ്ക് ബാലൻസും മദ്യ, നിശാ പാർട്ടിയും ആഡംബരവും കാറുകളും ആടആഭരണങ്ങളും വൈവിധ്യമാർന്ന വിദേശ ഭക്ഷണവും ആട്ടവും പാട്ടും മദ്യവും മയക്കുമരുന്നും ഗ്രൂപ്പ് സെക്‌സും സ്വാതന്ത്രവും അവകാശവും സ്വന്തം ഇഷ്ടങ്ങളുമാണ് ജീവിതം എന്നും അത് തന്റെ മാത്രം അവകാശമാണ് എന്നും ധരിയ്ക്കുന്ന ഈ യുവ കൗമാരപ്രായക്കാരുടെ മാതാപിതാക്കൾ ആണ് ഇതിൽ കൂടുതലും തെറ്റുകാർ എന്ന അഭിപ്രായമാണ് ഉള്ളത്.
ഡിജിറ്റൽ സുഖ സൗകര്യങ്ങളിലേയ്ക്കും വ്യക്തി സ്വാതന്ത്രത്തിന്റെ അമിത അഭിപ്രായ പ്രകടനത്തിന്റെയും വക്താക്കളായ ഒരു പ്രത്യേക കാലയളവിലെ ദമ്പതികളുടെ കുട്ടികളാണ് ഇന്ന് മയക്കുമരുന്നിലേയ്ക്കും ആക്രമണ വാസനയിലേയ്ക്കും കടന്നിരിയ്ക്കുന്നത്.
ആരാണ് അവരെ ഈ കടുത്ത മാനസീക സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത് ? കൂട്ടുകാർ ആണോ ? മയക്കുമരുന്ന്, മദ്യ ലോബികൾ ആണോ ? അതോ എന്ത് തെറ്റുചെയ്താലും കണ്ണടയ്ക്കുന്ന മാതാപിതാക്കളോ ? എന്ത് ദുഷ്പ്രവർത്തിയെയും മറപിടിച്ചു സംരക്ഷിയ്ക്കുന്ന രാഷ്ട്രീയ വർഗ്ഗമോ ? അതോ ജനങ്ങളുടെ മാനസീകമായ ആരോഗ്യത്തിനും സാമൂഹിക ചുറ്റുപാടിന്റെ അഭിവൃദ്ധിയ്ക്കും വേണ്ടിയുള്ള ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ പരാജയമോ ?
സ്വന്തം കുടുംബത്തിൽ ഉള്ള സംഘര്‍ഷഭരിതവും സ്വാർത്ഥതയും അമിത ലാളനയും ഇല്ലാത്തത് ഉണ്ടെന്നു സമൂഹത്തിൽ കാണിയ്ക്കുവാനുള്ള മാതാപിതാക്കളുടെ വ്യഗ്രതയുമാണ് നല്ലൊരു ഒരു പരിധിവരെ ഈ തലമുറയെ നാശത്തിലേക്കു നയിക്കുന്നത്.
അണു കുടുംബം എന്ന സ്വാർത്ഥതയും പൊതു പരിപാടികളിലും ദേവാലയങ്ങൾ സംഘടിപ്പിയ്ക്കുന്ന കൂട്ടായ്മകളിൽ പോലും പണക്കൊഴുപ്പുള്ളവർക്കു മുൻപിൽ ചൂളി നിൽക്കുന്ന സാധാരണക്കാരന്റെ കുടുംബവും കുട്ടികളും അനുഭവിയ്ക്കുന്ന "ഫ്രസ്‌ട്രേഷനും" എല്ലാം ഈ സാമൂഹിക വിപത്തിന്റെ മുഖ്യ കാരണമാണ്.
സാമൂഹിക ചുറ്റുപാടിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടയിൽ സാമ്പത്തികമായും മറ്റു ചുറ്റുപാടുകളിലും വന്നിട്ടുള്ള വലിയ അന്തരം സ്വയം മനസ്സിനെ സന്തോഷിപ്പിയ്ക്കുന്നതിനും, എല്ലാം മറന്നു അന്തർമുഖരായി കഴിയുന്നതിനും ഉള്ള തോന്നൽ സൃഷ്ടിച്ചിരിയ്ക്കുന്നു.
നോക്കൂ.. വിദ്യാഭ്യാസത്തിനും തൊഴിലിലും ആഡംബര വാഹനത്തിനും വസ്ത്രത്തിനും ധരിയ്ക്കുന്ന ചെരുപ്പിനും ഉപയോഗിയ്ക്കുന്ന ഫോണിനും വരെയുള്ള ലഭ്യത കുട്ടികളിലും യുവാക്കളിലും തന്റെ സമപ്രായക്കാരുമായി തട്ടിച്ചു നോക്കുമ്പോൾ വലിയ അന്തരമാണ് ഉള്ളത്.
പണ്ടുള്ള കുടുംബങ്ങളിലെ രക്ഷിതാക്കൾ ഇല്ലായ്മ പറഞ്ഞു മനസ്സിലാക്കി തൊടിയിലും കാർഷിക വൃത്തികളിലും പശു പരിപാലനത്തിലുമൊക്കെയായി കുട്ടികളെ കൂടെ കൂട്ടി ജീവിതം നയിച്ചിരുന്നു എങ്കിൽ ഇന്ന് അങ്ങിനെയാണോ ? കുട്ടികളുടെ ഏതാവശ്യവും അനാവശ്യമായാൽ പോലും സാധിച്ചു കൊടുത്തു ഒരു റോബോട്ട് പോലെ വളർത്തി വലുതാക്കുന്നു.
തന്റെ അയൽപക്കത്തു താമസിയ്ക്കുന്നവരുടെ പേര് പോലും അറിയാത്ത ഡിജിറ്റൽ പാവകൾ ആയി സമൂഹം മാറിയിരിയ്ക്കുന്നു. വായനശാലകൾ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ചെറു ക്ലബ്ബ്കൾ നൽകിയിരുന്ന സന്തോഷത്തിന്റെ സമയങ്ങൾ പാർട്ടി ഇവന്റുകൾ ആയി മാറിയിരിയ്ക്കുന്നു.
വ്യക്തമായ രാഷ്ട്രീയ വിചാരമോ ചിന്തയോ ചരിത്ര പഠനമോ വീക്ഷണമോ സാമൂഹിക പ്രതിബദ്ധതയോ ഉള്ള കുട്ടികൾ വെറും തുശ്ച്ചം മാത്രം.
കേരളം "നമ്പർ വൺ ആണ്, പൊളിയാണ് " എന്നെല്ലാം കൊട്ടിഘോഷിയ്ക്കുന്ന ഭരണ വർഗ്ഗത്തിന് കേരളത്തിലെ പോലീസ് എക്സൈസ് സംവിധാനങ്ങൾ മികച്ചത് എന്ന് പറയുന്ന സർക്കാരിന് എന്തുകൊണ്ട് എട്ടുകാലി വലപോലെ ഈ ചെറിയ സംസ്ഥാനത്തെ ചുറ്റിവരിഞ്ഞിരിയ്ക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉറവിട സ്ഥാനം കണ്ടുപിടിയ്ക്കുവാൻ കഴിയുന്നില്ല ?
ഇനി ഈ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ പോലീസ് വിന്യാസത്തിലെ ഉയർന്ന ഉദോഗസ്ഥരോട് അന്യോഷിച്ചാൽ കിട്ടുന്ന ഉത്തരം മയക്കു മരുന്ന് വരുന്നത് ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ നിന്നാണ് എന്നതാണ്.
ഒരു സംസ്ഥാനത്തിന്റെ ഭരണ വീഴ്ച്ചയെ, പോലീസ് നാർക്കോട്ടിക് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയെ നിരന്തരം വടക്കൻ സംസ്ഥാനങ്ങളെ പഴിചാരി തടിതപ്പുന്ന മനോഭാവം തുടരുമ്പോൾ ഒരു ചോദ്യം അവശേഷിയ്ക്കുന്നു.
ജനങ്ങളുടെ സ്വത്തിനും മാനത്തിനും ആരോഗ്യത്തിനും പൂർണ്ണമായ സംരക്ഷണം നൽകേണ്ടത് അതാത് സർക്കാരുകൾ ആണ്. ആ സംസ്ഥാനത്തിന്റെ അതിരുകൾ പരിശോധനകൾ മറികടന്നു ലഹരി പദാർത്ഥങ്ങൾ വ്യോമ കപ്പൽ റോഡ് റെയിൽ മാർഗ്ഗത്തിൽ കൂടി എത്തുന്നുണ്ട് എങ്കിൽ സർക്കാർ സംവിധാനങ്ങൾ ഭരിയ്ക്കുന്നവരുടെ ആശ്രിതരും പാർട്ടി അനുഭാവികളും നേതൃത്വം നൽകുന്ന സുരക്ഷാ സംവിധാങ്ങൾ അറിഞ്ഞുതന്നെ എന്നതു വ്യക്തം.
ഈ കച്ചവടത്തിൽ അവർക്കും പങ്കുണ്ട് എന്ന് സാരം. കേരളത്തിലെ സർക്കാർ നയങ്ങളെ നോക്കു, വേദികളിലെ ഉച്ചഭാഷിണികളിലൂടെ നിരന്തരം മദ്യത്തെയും മയക്കു മരുന്നിനെയും എതിർത്ത് തോൽപിയ്ക്കും എന്ന് വീരവാദം പറയുകയും മദ്യശാലകളുടെ ദൂരപരിധികൾ കുറയ്ക്കുകയും ഗ്രാമങ്ങൾ മുതൽ പട്ടണങ്ങൾ വരെ ലഭ്യത സുലഭമാക്കുകയും ചെയ്തിരിയ്ക്കുന്നു.
ഒപ്പം സ്‌കൂൾ കോളേജുകളോട് ചേർന്നുള്ള പെട്ടിക്കടകളിൽ വരെ മിഠായി രൂപത്തിൽ മയക്കുമരുന്ന് സുലഭമാക്കിയിരിയ്ക്കുന്നു. ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളും വിൽക്കുന്ന കടകളിൽ പരിശോധന നടത്തേണ്ടുന്ന ആരോഗ്യ പ്രവർത്തകർ മൗനം പാലിയ്ക്കുന്നു.
അക്രമവാസനയും കൊലയും നടത്തുന്നതിനായി പരസ്യമായി ആസൂത്രണം നടത്തുന്ന 15 വയസ്സുള്ള കുട്ടികൾ നിയമപമായ പ്രായ മാനദണ്ഡങ്ങളുടെ പേരിൽ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിൽ നിന്നും താത്കാലികമായി പോലും മാറ്റി നിറുത്താൻ തുനിയാത്ത സർക്കാരും വിദ്യാഭ്യാസ വകുപ്പും തെറ്റായ സന്ദേശം വളർന്നു വരുന്ന കുട്ടികൾക്ക് നൽകുന്നു എന്ന നീതി ബോധം പോലും ഇല്ലാത്ത രാഷ്ട്രീയ ഭരണവർഗ്ഗം.
ഇവയെല്ലാം സാക്ഷര കേരളം ഭരിയ്ക്കുന്ന സർക്കാരിന്റെ പരാജയവും, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും, ഭാവിതലമുറയെ അനാവശ്യ സ്വാതന്ത്ര്യം നൽകി "വെടക്കാക്കി തനിയ്ക്കാക്കുന്ന" രാഷ്ട്രീയ തന്ത്രവുമാണ്.
മദ്യത്തിനും മയക്കുമരുന്നിനും എതിരെ പോരാടി അതിനെ ഇല്ലായ്മചെയ്യുവാൻ പ്രാപ്‌തരായ ചിന്താശേഷിയുള്ള യുവതലമുറ പിറവിയെടുക്കട്ടെ എന്ന് പ്രത്യാശിയ്ക്കുന്നു.
- ജയശങ്കര്‍ പിള്ള