/sathyam/media/media_files/gIs6Iub58EnpLOBQneAR.jpg)
15 വർഷം മുൻപ് നവംബർ 26 ന് മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിലെ ജീവനോടെ പിടികൂടിയ ഒരേയൊരു ഭീകരൻ മൊഹമ്മദ് അജ്‌മൽ കസാബിനെ കോടതിയിൽ തിരിച്ചറിഞ്ഞ, അതുവഴി അയാൾക്ക് കൊലക്കയർ വാങ്ങിനൽകിയ ധീരയായ പെൺകുട്ടി ദേവികാ റോത്തവൻ ആണിത്.
അന്ന് 10 വയസ്സുകാരിയായിരുന്ന ദേവികാ റോത്തവൻ ഇന്ന് 25 വയസ്സുള്ള യുവതിയാണ്.
അന്ന് പൂണെയിലേക്കുള്ള ട്രെയിൻ കയറാൻ ഒരു ബന്ധുവിനൊപ്പം വി.ടി സ്റ്റേഷനിൽ ( ഛത്രപതി ശിവാജി ടെർമിനലിൽ) കാത്തുനിൽക്കവേ ഒരു ചെറുപ്പക്കാരൻ തെല്ലും ഭീതിയില്ലാതെ പ്ലാറ്റ്‌ഫോമിൽ ആളുകളെ തുരുതുരെ വെടിവച്ചുകൊണ്ട് മുന്നോട്ട് നടന്നുവരുന്നതു കണ്ടവൾ ഭയചകിതയായി.
ആളുകൾ പിടഞ്ഞുവീഴുന്നു..പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രാണരക്ഷാർത്ഥം ആളുകൾ ഓടിരക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു.ദേവികയും ആളുകൾക്കൊപ്പം ഓടാൻ ശ്രമിക്കവേ ഒരു വെടിയുണ്ട അവളുടെ വലതുകാലിലൂടെ തുളച്ചുകയറി. ബോധം കെട്ടവൾ പ്ലാറ്റ്‌ഫോമിൽ തലചുറ്റി വീണു.
65 ദിവസത്തെ ആശുപത്രിവാസവും 6 തവണ ശസ്ത്രക്രിയയും മൂലം ആകെ തളർന്നിരുന്നു.. അപ്പോഴും കൊലയാളിയായ കസാബിന്റെ ക്രൂരമുഖം അവളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയില്ല. അന്നത്തെ വെടിവയ്പ്പിൽ വി.ടി സ്റ്റേഷനിൽ 50 പേരാണ് കൊല്ലപ്പെട്ടത്.
2009 ൽ സ്‌പെഷൽ കോർട്ടിൽ ദേവിക അജ്മൽ കസാബിനെ തിരിച്ചറിഞ്ഞു. അന്ന് അയാൾക്കെതിരെ കൈചൂണ്ടി അവൾ പറഞ്ഞു ' യേഹീ ഹേ വഹ് ഖൂനി " ( ഇവനാണ് ആ കൊലയാളി)
ഒരു നിമിഷം കസബ് ദേവികയെ നോക്കി.. പിന്നീട് മിഴികൾ താഴ്ത്തി....
2010 ൽ കസാബിന് വധശിക്ഷ വിധിക്കുകയും 2012 ൽ വിധി നടപ്പാക്കുകയും ചെയ്തു.
ദേവികയും കുടുംബവും മുംബൈയിൽ ചേരിയിലെ കുടുസ്സായ ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്.
ഇപ്പോൾ ചേരിനിവാസികൾക്കായി നിർമ്മിച്ച പുനരധിവാസ പാക്കേജിലെ 25 സ്‌ക്വയർ മീറ്റർ ഫ്ളാറ്റിലാണ് താമസം. പിതാവ് നാട്‌വർലാലിന് സൈക്കിളിൽ ഡ്രൈ ഫ്രൂട്ട് വിൽക്കുന്ന ജോലിയായിരുന്നു.ഇപ്പോൾ പോ കുന്നില്ല. മൂത്ത സഹോദരൻ ജയേഷ് ഒരു ഓഫീസിൽ ജോലി ചെയ്യുന്നു.
ദേവികയുടെ കുടുംബത്തിന് രണ്ടുതവണയായി 13 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചു. ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനിയായ ദേവികയ്ക്ക് മുംബൈയിലെ ഒരു സ്വകാര്യ ട്രസ്റ്റാണ് കോളേജ് ഫീസ് നൽകുന്നത്.
ദേവികയുടെ കുടുംബം രാജസ്ഥാനിൽ നിന്നുള്ളവരാണ്. രാജസ്ഥാൻ സർക്കാർ ദേവികയ്ക്ക് വീടുവയ്ക്കാൻ ജയ്‌പ്പൂരിൽ ഒരു പ്ലോട്ട് നൽകിയിട്ടുണ്ട്. അടുത്ത വർഷം ഡിഗ്രി കഴിഞ്ഞാലുടൻ പോലീസിൽ ചേരണമെ ന്നാണ് ദേവികയുടെ ആഗ്രഹം.
മഹാരാഷ്ട്ര സർക്കാർ ദേവികയ്ക്കും കുടുംബത്തിനും മുംബൈയിൽ ഒരു വീടനുവദിച്ചിട്ടുള്ളത് ഇതുവരെ ലഭ്യമായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദേവികയ്ക്ക് ക്ലബ്ബ്കളിൽ നിന്നും സംഘടനകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ നല്ല സാമ്പത്തി കസഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റൊണിയോ ഗുട്രെസ്സ് മുംബൈയിൽ എത്തിയപ്പോൾ ദേവികയെ നേരിട്ടുകണ്ട് അഭിനന്ദിച്ചിരുന്നു. ആ ചിത്രം വീട്ടിലെ മുൻവശത്തെ മുറിയിൽ തൂക്കിയിട്ടുണ്ട്.
സഹായങ്ങളും പാരിതോഷികങ്ങളും അഭിനന്ദനങ്ങളും ദേവികയെ തേടി ഇന്നുമെത്തുന്നുണ്ട്. വിദേശരാജ്യ ങ്ങളിലും അവർ ക്ഷണിക്കപ്പെട്ടു. രാജ്യമെമ്പാടുമുള്ള പല സംഘടനകളും ദേവികയെ ആദരിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്.
അമിതാബ് ബച്ചന്റെ ടി.വി ഷോ ' കോൻ ബനേഗാ ക്രോർപതി' യിൽ അവർ അതിഥിയായി പങ്കെടു ത്തിരുന്നു.ഐഡിയ സ്റ്റാർ സിംഗറിലും പങ്കെടുത്തു.
ഇതുപോലുള്ള നൂറുകണക്കിന് ടി.വി ഷോകളിലും പ്രോഗ്രാമുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇപ്പോൾ അതൊരു ജീവിതമാർഗ്ഗമായി മാറിയെന്നും ആത്യന്തികമായി തൻ്റെ ലക്ഷ്യം ഒരു പോലീസ് ഓഫീസറാകുക എന്നതാണെന്നും അതിനുള്ള കഠിനശ്രമം തുടരുകയാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ ദേവിക പറഞ്ഞു.