/sathyam/media/media_files/RoIh7wjKAtxkEXVEva3o.jpg)
രാജസ്ഥാനിൽ നിന്നും നിയമപരമായി പാക്കിസ്ഥാനിലെത്തിയ അഞ്ജു എന്ന യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ ഇന്നലെ വിവാഹം കഴിച്ച രേഖകൾ പുറത്തുവന്നു.
ഭർത്താവും രണ്ടു കുട്ടികളുമുള്ള ക്രിസ്ത്യാനിയായ 34 കാരി അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേരുമാറ്റിയാണ് പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺ നിവാസി 29 കാരനായ നസീറുള്ളയെ നിക്കാഹ് കഴിച്ചത്.
മെഹറായി 10 പവൻ സ്വർണ്ണമാണ് അഞ്ജു എന്ന ഫാത്തിമയ്ക്ക് നൽകിയതെന്ന് നിഹാഹ്നാമയിൽ പറയുന്നു. രണ്ടു സാക്ഷികൾ കരാറിൽ ഒപ്പിട്ടിട്ടുമുണ്ട്. താൻ മതം മാറില്ലെന്നും ഇപ്പോൾ വിവാഹം കഴിക്കില്ലെന്നും സഗായി ( നിശ്ചയം) കഴിഞ്ഞശേഷം ഇന്ത്യക്കു മടങ്ങുമെന്നും അവർ മുൻപ് പറഞ്ഞത് കളവാണെന്ന് ഇതോടെ ബോദ്ധ്യമായിരിക്കുന്നു.
നിക്കാഹ് കഴിഞ്ഞ സ്ഥിതിക്ക് അവർക്കിനി പാക്കിസ്ഥാൻ പൗരത്വം ലഭിക്കുന്നതിന് തടസ്സവുമില്ല. ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാദ്ധ്യതയും വിരളമാണ്. തൻ്റെ മക്കളെ ആരും ബുദ്ധിമുട്ടിക്കരുതെന്നും അവരെ കാണാനും സംരക്ഷിക്കാനും 20 ദിവസത്തിനുള്ളിൽ താൻ നാട്ടിലെത്തുമെന്നും രണ്ടുദിവസം മുൻപ് അഞ്ജു മാദ്ധ്യമങ്ങൾ വഴി രാജസ്ഥാനിലുള്ള ബന്ധുക്കളോട് അഭ്യർത്ഥിച്ചിരുന്നു.