/sathyam/media/media_files/2025/09/14/subash-tr-article-2025-09-14-13-21-24.jpg)
അങ്ങനെ കാത്തു കാത്തിരുന്ന ഒരു ജന്മാഷ്ടമി കൂടി ഇങ്ങെത്തി. ഉണ്ണിക്കണ്ണൺമാരുടെയും രാധികമാരുടെയും തളിരിളം പാദങ്ങൾ ശിരസ്സിലണിയാൻ വീഥികളും കൊതിച്ചിട്ടുണ്ടാവുമല്ലോ.
പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ രാധാകൃഷ്ണൻമാരായി വേഷപ്പകർച്ച നടത്തുന്ന ജന്മാഷ്ടമി നാളിലെ പോക്കുവെയിലിനും ഉണ്ട് പൂനിലാവിൻ കുളിര്. കായാമ്പൂ വർണന്റെ കഥകളാടി ക്ഷീണിതരായി അമ്മമാരുടെ മടിയിൽ മയങ്ങുന്ന ചെറു ബാല്യങ്ങളുടെ കിനാവിൽ നിറയുന്നത് യമുനയോ കാളിന്ദിയോ കാർവർണ്ണനോ.
കേരളത്തിൽ ജന്മാഷ്ടമി ആഘോഷങ്ങൾ പിച്ച വെച്ച് തുടങ്ങിയത്, 1977 ൽ കോഴിക്കോട് നിന്നായിരുന്നു. ബാലഗോകുലം ആയിരുന്നു കൃഷ്ണ അഷ്ടമി ആഘോഷത്തിന്റെ അന്നത്തെയും ഇന്നത്തെയും സംഘാടകർ.
ഓരോ വർഷം കഴിയുന്തോറും ജന്മാഷ്ടമി ആഘോഷങ്ങളിൽ കിങ്ങിണി കെട്ടിയാടുന്ന രാധാകൃഷ്ണൻമാരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. ഇന്ന്, കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ പങ്കു ചേരുന്നത് സ്ത്രീ പുരുഷ ഭേദമന്യേ, പ്രായഭേദമെന്യേ കോടിക്കണക്കിന് ആളുകളാണ്.
മലയാളികളെ സംബന്ധിച്ചിടത്തോളം ഗുരുവായൂരപ്പനാണ് ശ്രീകൃഷ്ണൻ. മനസ്സിൽ ആദ്യം ഓടിയെത്തുന്നതും ആ നന്ദകിശോരനാണ്. ഗുരുവായൂരമ്പലത്തെ വൈകുണ്ഠമാക്കിയത് പൂന്താനവും മേൽപ്പത്തൂർ നാരായണ ഭട്ടതിരിയും കുറൂരമ്മയും ഒക്കെ ചേർന്നാണല്ലോ.
കുറുമ്പ് കാട്ടുന്ന വെണ്ണക്കണ്ണനായി, ഗോപാലകനായി കുറൂരമ്മയോടൊപ്പം കളിച്ച് ചിരിച്ചുല്ലസിച്ചപ്പോൾ, പൂന്താനം നമ്പൂതിരിയെയും മേൽപ്പത്തൂർ ഭട്ടതിരിപ്പാടിനെയും ലീലകൾ ആടി ഭക്തിയുടെ ഉത്തുംഗ ശ്രൃംഗത്തിൽ എത്തിച്ചു. ഭക്തിരസ സമ്പുഷ്ടമായ നാരായണീയവും ജ്ഞാനപ്പാനയും വിരചിതമാക്കാൻ അവർക്ക് കണ്ണൻ വൈഭവമേകി.
അവർക്ക് ശേഷം ഇങ്ങോട്ട് എത്രയെത്ര ഭക്തന്മാർക്കാണ് ഗുരുവായൂരപ്പൻ സാന്നിധ്യമായി തീർന്നത്. കീർത്തനങ്ങളും, ശ്ലോകങ്ങളും ഭക്തിഗാനങ്ങളും, കഥയും കവിതയും സിനിമയും സീരിയലും എല്ലാം കണ്ണനായിരുന്നു, കണ്ണനെ കുറിച്ച് ആയിരുന്നു, കണ്ണനു വേണ്ടിയായിരുന്നു.
എല്ലാ വഴികളും ഗുരുവായൂരിലേക്ക് എത്തിച്ചേരാൻ കൊതിക്കുന്നതുപോലെ തോന്നുന്നുണ്ടോ ? ഗുരുവായൂരമ്പലത്തിൽ എന്നും ജന്മാഷ്ടമി ആഘോഷങ്ങളാണ് എന്നും തോന്നാറില്ലേ. നനുത്ത കാറ്റായും, മിന്നി മായുന്ന സാമിപ്യമായും, കിങ്ങിണി കിലുക്കമായും, ശ്രീലകത്ത് നറുപുഞ്ചിരി പൊഴിച്ചും ഗോകുലനാഥൻ ഭക്തരെ ആനന്ദിപ്പിക്കും. ഇവിടെയാണ് ഏറ്റവും വലിയ ജന്മാഷ്ടമി ആഘോഷങ്ങൾ അരങ്ങേറാറുള്ളത്.
കൃഷ്ണഗാഥ പാടുന്ന പടിഞ്ഞാറൻ കാറ്റിന്, താളം പിടിക്കുന്ന മഞ്ജുളാലിലെ ഇലകൾ. കൃഷ്ണനാട്ടം കാണാൻ കാണികളിൽ ഒരാളായി, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം കാണുന്ന കാണികളിൽ ഒരാളായി, ഗാനാലാപനം കേൾക്കുന്നവരിൽ ഒരു ശ്രോതാവായി കണ്ണനെ അനുഭവിച്ചറിഞ്ഞവരുമുണ്ട്.
കൃഷ്ണാഷ്ടമി ദിനം കേരളത്തിൽ പൊതു അവധിയായി പ്രഖ്യാപിച്ചത് ആരാണ് എന്ന് കേൾക്കുമ്പോൾ അത്ഭുതം കൂറും. 1979 ൽ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ശ്രീകൃഷ്ണാഷ്ടമി പൊതു അവധിയായി പ്രഖ്യാപിച്ചത്.
ജന്മാഷ്ടമി ആഘോഷത്തിന്റെ പ്രധാന ആകർഷണം ശോഭയാത്രയാണല്ലോ. ആൺ, പെൺ കുരുന്നുകൾ മുതൽ കൗമാരക്കാർ വരെ കണ്ണനും രാധയും ആകും. അമ്മമാരുടെ ഒക്കത്ത് ഇരുന്ന് കൊഞ്ചുന്ന പിഞ്ചു കണ്ണനും, പിച്ച പിച്ച വെച്ച്, തെറിച്ച് തെറിച്ച് നടക്കുന്ന കണ്ണനും ശോഭയാത്രയിലെ ഊർജ്ജമാണ്. പെൺകുട്ടികളും കൃഷ്ണനായി നടനമാടുന്നത് ശോഭയാത്രയുടെ ശോഭ വർദ്ധിപ്പിക്കുന്നു.
ശോഭാ യാത്രയിലെ ഓരോ കുരുന്നിലും ഓരോ രാധയിലും രാധാകൃഷ്ണൻമാരെ തിരയുന്നുണ്ടാവും ഭക്തരുടെ മിഴികൾ. കൃഷ്ണനെയും രാധയെയും കാണുന്നവരും ഉണ്ടാവും. അതാണ് കണ്ണൻ അതാണ് രാധ എന്ന വിഭ്രമം മനസ്സിൽ നിറയ്ക്കുന്നത് കൃഷ്ണ പ്രേമം അല്ലാതെ എന്താണ് !
ശോഭയാത്രയിൽ നിന്നുയരുന്ന നാമസങ്കീർത്തനങ്ങളും അവതാര കൃഷ്ണന്റെ അപദാന കഥകളും ശോഭയാത്രയിൽ പങ്കെടുക്കുന്നവരുടെ ഭക്തിയെയും വിശ്വാസത്തെയും ഊട്ടിയുറപ്പിക്കും.
അണിഞ്ഞൊരുങ്ങി, വളകൾ കിലുക്കി രാധികമാർ നൃത്തച്ചുവടുകൾ വെക്കുമ്പോൾ, പുല്ലാംകുഴലൂതി പീതാംബരധാരി അവരുടെ അരികിലണയുമ്പോൾ വൃന്ദാവനത്തിലാണോ തങ്ങൾ എന്ന് കാണികൾക്ക് സന്ദേഹം തോന്നാം.
അതെ. അമ്പാടിയും ഗോകുലവും വൃന്ദാവനവും കാളിന്ദിയും യമുനയും യദുക്കളും ഗോപന്മാരും ഗോപികളും വീഥികൾ കയ്യടക്കുന്ന ജന്മാഷ്ടമി ദിനം. നാടെല്ലാം അമ്പാടി. നാടെല്ലാം ഗോകുലവും വൃന്ദാവനവും. നാട്ടുകാരെല്ലാം ഗോപരും ഗോപികളും യദുക്കളും. ഭക്തിയും വിശ്വാസവും കാളിന്ദിയും യമുനയുമായി മനസ്സിലേക്കൊഴുകിയെത്തുന്ന കൃഷ്ണാഷ്ടമി മാഹാത്മ്യം നുകർന്ന് സായൂജ്യം നേടാം.
അയ്യാരത്തിൽപരം വർഷങ്ങൾക്കു മുമ്പ് ധർമ്മ സംസ്ഥാപനത്തിനായി ഭൂമിയിൽ ജന്മമെടുത്ത മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്നാണ് ഹൈന്ദവർ വിശ്വസിക്കുന്നത്. ചരിത്രവും സത്യവും കഥകളും ഇഴ ചേർന്ന് കിടക്കുന്ന ആർഷ ഭാരത സാംസ്കാരിക പെരുമയിലെ ഏറ്റവും സ്വാധീനമുള്ള ജനപ്രിയ നായകനാണ് യദുകുല നാഥനായ ശ്രീകൃഷ്ണൻ.
മഹാപണ്ഡിതനും, അതീവ തേജസ്വിയും, സർവ്വജ്ഞനും, ത്രികാല ജ്ഞാനിയും, അതിബുദ്ധിമാനും, നയതന്ത്രജ്ഞനും, രാഷ്ട്രതന്ത്രജ്ഞനും, യുദ്ധതന്ത്രജ്ഞനും, ഗുരുജനങ്ങളോടുള്ള ആദരവും, സതീർത്ഥവാത്സല്യവും, പ്രജകളോട് എന്നും കരുണയും കരുതലുമുള്ളവനും, ശത്രുക്കളോട് വിട്ടുവീഴ്ച ഇല്ലാത്തവനും, അതേസമയം വൈരികളോട് ക്ഷമിക്കുനവനും മഹാരഥിയും, തൻ്റെ ഭക്തരിൽ ആനന്ദിക്കുന്നവനും പ്രസാദിക്കുന്നവനും, നീതിമാനുമായ ഭരണാധികാരി ആയിരുന്നു കൃഷ്ണൻ എന്ന് വ്യാസ വിരചിതമായ മഹാഭാരതത്തിലൂടെ അനുമാനിക്കാം.
ദ്വാരകാ നാഥന്റെ കോട്ടയും കൊട്ടാരവും അക്കാലത്തുണ്ടായ വലിയ ഒരു സുനാമിയിൽ കടലിനടിയിലായി. യാഗാനന്തരം യാഗശാല അഗ്നിക്ക് ഭക്ഷണം ആയി നൽകുന്നതുപോലെ, ആ മഹായോഗിയുടെ വാസസ്ഥലം വരുണ ദേവനെ ഏൽപ്പിച്ചിട്ടാണ് ആ കാരുണ്യമൂർത്തി സ്വർഗ്ഗാരോഹണം ചെയ്തത്.
അയ്യായിരം സംവൽസരങ്ങൾക്ക് മുമ്പ് ആ മഹാ പ്രഭു, ദേവകി നന്ദനനായി ഭൂമിയിൽ പിറവിയെടുത്തത് ഇതുപോലൊരു അഷ്ടമിരോഹിണിനാളിൽ. ലോകമെങ്ങും ആ സഹസ്രനാമധാരിയുടെ പിറന്നാൾ ജന്മാഷ്ടമിയായി എത്ര ഭക്തിപുരസ്സരമാണ് ഇന്നും ആഘോഷിച്ച് വരുന്നത്...