കേരള രാഷ്ട്രീയത്തിൽ അഞ്ചു പതിറ്റാണ്ട് ലീഗ് നേതാവായി തിളങ്ങിയ വി.പി.സി. തങ്ങൾ; പൊന്നാനിയുടെ രാഷ്ട്രീയ ഭൂപടത്തിൽ പതിഞ്ഞൊരു മഹത്തായ നേതാവിന്റെ ഓർമ്മകൾ  - ടി. കെ. അഷറഫ് പൊന്നാനി എഴുതുന്നു

മുസ്ലിം ലീഗ് രൂപം കൊണ്ട 1948 കാലം മുതൽ ലീഗിന്റെ സമുന്നത നേതാവായി മാറിയ തങ്ങൾ മുസ്ലിം ലീഗിലും, അഖിലേന്ത്യാമുസ്ലിംലീഗ് ലും നിരവധി സംസ്ഥാന - ജില്ല പദവികൾ വഹിച്ചുട്ടുണ്ട്.

New Update
vpc thangal-2

മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവായി കേരള രാഷ്ട്രീയത്തിൽ 50 വർഷക്കാലം ശ്രദ്ധേയനായ വ്യക്തിത്വമായി തിളങ്ങിയ  വി.പി.സി. തങ്ങൾ വിട പറഞ്ഞിട്ട് 42 വർഷം.

Advertisment

പൊന്നാനിയുടെ രാഷ്ട്രീയ ഭൂമികയിൽ നിന്ന് ഏറ്റവും ഉന്നതിയിലെത്തിയ രണ്ട് നേതാക്കളിൽ ഒരാളാണ് വി.പി.സി. തങ്ങൾ. പിന്നെ ഇ.കെ ഇമ്പിച്ചിബാവയും...

പൊന്നാനി മുൻസിപ്പാലിറ്റിയാകുന്നത് വരെ 30 വർഷക്കാലം പഞ്ചായത്ത് പ്രസിഡണ്ടായ വി.പി.സി. തങ്ങൾ രണ്ട് തവണ കേരള നിയമസഭയിലും അംഗമായിട്ടുണ്ട്.

vpc thangal

വളരെ കുട്ടിക്കാലം മുതൽ ബഹുമാനപൂർവ്വം കണ്ട് തുടങ്ങിയ തങ്ങളുമായി അവസാന കാലങ്ങളിൽ ബന്ധപ്പെടുവാനും അടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
1979 ലെ ആദ്യ മുൻസിപ്പൽ തിരഞ്ഞെടുപ്പ് കാലം മുതൽ ആണ് തങ്ങളുമായി വളരെ അടുത്ത് നിന്ന് രാഷ്ട്രീയം സംസാരിക്കുവാൻ തുടങ്ങിയത്.

നഗരസഭയിലെക്കുള്ള പ്രഥമ തിരഞ്ഞെടുപ്പിൽ സി.പി.എം ഒറ്റക്കും അഖിലേന്ത്യ ലീഗും, ആന്റണി കോൺഗ്രസും മുന്നണിയായി ഒരു ഭാഗത്തും, കോൺഗ്രസ് (ഐ) ഉം, മുസ്ലിം ലീഗും, ആർ.എസ്.പി യും യു.ഡി.എഫ് ആയാണ് മൽസരിച്ചത്.

തിരഞ്ഞെടുപ്പ് ഫലം ഒറ്റക്ക് ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ സി.പി.എം, മുസ്ലിം ലീഗ് സഖ്യമുണ്ടാക്കി ഇ.കെ. ഇമ്പിച്ചിബാവയുടെ സഹോദരൻ ഇ.കെ. അബൂബക്കർ ചെയർമാനായും മുസ്ലീം ലീഗിലെ എ.വി. ഹംസ വൈസ് ചെയർമാനായും അധികാരമേറ്റു.

വി.പി.സി. തങ്ങളുടെ നേതൃത്വത്തിൽ അഖിലേന്ത്യ ലീഗും, കോൺഗ്രസ് (ഐ) ഉം കോൺഗ്രസ് (എ) യും ആർ.എസ്.പി. യും, ജനതാദളും കൂടി പ്രതിപക്ഷ മുന്നണിയുണ്ടാക്കി.

അക്കാലത്ത് ഉണ്ടാക്കിയ മുൻസിപ്പിൽ പ്രതിപക്ഷ ഏകോപന സമിതിയിൽ 5 അംഗ കോൺഗ്രസ് ഐ പ്രതിനിധികളിൽ ഒരാളായി വി.പി.സി. തങ്ങൾക്കൊപ്പം പ്രവർത്തിച്ച പൊന്നാനിയിലെ അസാധാരണമായ രാഷ്ട്രീയ കൂട്ട്കെട്ട് സംഭവബഹുലമായിരുന്നു.

കോൺഗ്രസ് ഐ വിഭാഗത്തിൽ നിന്ന് കൗൺസിലർ വി.സെയ്തു മുഹമ്മത് തങ്ങൾ, എം.ബി. സൺ ഹംസ, ടി.വി.ഹംസ, എം.കുഞ്ഞി മുഹമ്മത്, ടി.കെ. അഷറഫ്   കോൺഗ്രസ് ഏ.വിഭാഗത്തിൽ നിന്ന് മധുരിമ റഷീദ്, എം.രാമനഥാൻ, കൗൺസിലർ യു. മുഹമ്മത് കുട്ടി, കൗൺസിലർ വേലായുധൻ, എന്നിവരും ആർ.എസ്.പി. നേതാവും കൗൺസിലറുമായ ആലി മുഹമ്മതും,കെ. മുഹമ്മതും, അഖിലേന്ത്യ ലീഗിൽ നിന്ന് അബ്ദുറു മാസ്റ്റർ, കെ.അബ്ദുൾ ഖയ്യും (ബേക്കറി), അബ്ദുറഹ്മാനിക്കയും, എ.എം.അബുക്കയും, കെ.എം. ഇക്ക് ബാലും, ബാപ്പു മാസ്റ്ററും ആണ് ഉണ്ടായിരുന്നത് എന്നാണ് ഓർമ്മ.

vpc thangal-3

ആ കാലയളവിൽ 3 വർഷക്കാലം വി.പി.സി. തങ്ങളുടെ വീട്ടിൽ നിരന്തരം യോഗം കൂടുകയും സി.പി.എം, ലീഗ് ഭരണത്തിനെതിരെ ശക്തമായ തീരുമാനങ്ങളുമായി പ്രവർത്തിച്ചിരുന്നു.

അക്കാലത്താണ് വി.പി.സി. തങ്ങളുടെ സ്നേഹപൂർണ്ണമായ ആതിധേയത്വവും, ലാളനയും ഒക്കെ ലഭ്യമായത്.

വളരെ ബഹുമാനത്തോടെ തങ്ങളുമായി അടുത്ത് നിന്ന് പ്രവർത്തിക്കാൻ 1983 ൽ 67 -ാം വയസിൽ മരിക്കുന്നത് വരെ കഴിഞ്ഞിട്ടുണ്ട്.

മങ്കട ഉൾപ്പടെ അഞ്ച് തവണ നിയമസഭയിലെക്ക് മൽസരിച്ച വി.പി.സി. തങ്ങൾ പൊന്നാനിയിൽ നിന്ന് 1960 ൽ രണ്ടാം നിയമ സഭയിലെക്കും, 1967 ൽ സി.പി.എം, ലീഗും, സി.പി.ഐ, ആർ.എസ്.പി ഉൾപ്പടെ സപ്തകക്ഷിയായി മൽസരിച്ച്  മുന്നാം നിയമസഭയിലെക്കും തിരഞ്ഞെടുക്കപ്പെട്ടു.

നാട്ടുകാരനായി മൽസരിച്ച്  പൊന്നാനിയിൽ രണ്ട് തവണ വിജയിച്ച ഏക വ്യക്തിയാണ് വി.പി.സി  തങ്ങൾ.

മുസ്ലിം ലീഗ് രൂപം കൊണ്ട 1948 കാലം മുതൽ ലീഗിന്റെ സമുന്നത നേതാവായി മാറിയ തങ്ങൾ മുസ്ലിം ലീഗിലും, അഖിലേന്ത്യാമുസ്ലിംലീഗ് ലും നിരവധി സംസ്ഥാന - ജില്ല പദവികൾ വഹിച്ചുട്ടുണ്ട്.

ബാഫക്കി തങ്ങൾ, സി.ച്ച്.മുഹമ്മത് കോയ, നഹാ സാഹിബ്,  എം.കെ. ഹാജി, ഉമ്മർ ബാഫക്കി തങ്ങൾ, സേട്ടു സാഹിബ്,  ബാവ ഹാജി, ചാക്കീരി, ചെറിയ മമ്മുക്കേയി, ബി.വി. അബ്ദുല്ല കോയ, പി.എം.അബൂബക്കർ, ഇ.ടി. മുഹമ്മത് ബഷീർ തുടങ്ങി നിരവധി നേതാക്കൾ സന്തത സഹചാരികളാണ്.

മുസ്ലീം ലീഗ് പിളർപ്പിന് ശേഷം 1977 ൽ മുസ്ലിം ലീഗ് പ്രസിഡണ്ടും, മഊനത്തുൽഇസ്ലാംസഭ പ്രസിഡണ്ടുമായിരുന്ന പാണക്കാട് പി.എം.എസ്.എ പുക്കോയ തങ്ങൾ മരിച്ചതിനെ തുടർന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ വി.പി.സി. തങ്ങളും, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ മാനം കണ്ടത്ത് അബ്ദുൾ ഹൈയ്യാജിയും നടത്തിയ മൽസരമാണ് പൊന്നാനി കണ്ട  ഒരു പൊതു സ്ഥാപനത്തിലെക്ക് നടന്ന വാശിയേറിയ തീപാറിയ തിരഞ്ഞെടുപ്പ്.

vpc thangal-4

ഒരു പൊതു സ്ഥാപനത്തിന്റെ നിയന്ത്രണം കരസ്ഥമാക്കുവാൻ കേരളത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും വാശിയോടെ എത്തിയ പ്രതിനിധികളെയാണ് നാട് അന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ കണ്ടത്...

ഇന്ത്യൻ യൂണിയൻ ലീഗിന്റെ പിന്തുണയോട ആനബീഡി കുഞ്ഞി മുഹമ്മത് ഹാജി നേതൃത്വത്തിൽ നടത്തിയ പോരാട്ടം അബ്ദുൾ ഹൈയ്യാജി വി.പി.സി. തങ്ങളെ പരാജയപ്പെടത്തി. പിന്നീട് ആന ബീഡി കെ.എം. കുഞ്ഞഹമ്മത് ഹാജി ജനറൽ സെക്രട്ടറിയുമായി. വി.പി.സി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരദ്ധ്യായമായി അത് മാറി.

പൊന്നാനിയുടെ വികസന മുന്നേറ്റത്തിന് നിരവധി സംഭാവനകൾ സമർപ്പിച്ച വി.പി.സി. തങ്ങൾ കേരള രാഷ്ച രാഷ്ട്രീയ - സാമൂഹ്യ ചരിത്രത്തിൽ അടയാളപ്പെടുത്തിയാണ് മൺ മറഞ്ഞുപോയത്....

-ടി. കെ. അഷറഫ് പൊന്നാനി(ഡി.സി.സി. ജനറൽ സെക്രട്ടറി, മലപ്പുറം)

Advertisment