കയ്യടിക്കും കാശിനും റീച്ചിനും വേണ്ടി മനുഷ്യരെ കൊല്ലുന്ന സൈബർ പേക്കൂത്ത്: സോഷ്യൽ മീഡിയ ദുരുപയോഗം ഒരു ജീവൻ കവർന്ന സംഭവത്തിൽ സമൂഹം ആത്മപരിശോധന നടത്തണം. ലൈക്കുകളുടെ ക്രൂര സംതൃപ്തിക്ക് മുന്നിൽ മനുഷ്യത്വം തോറ്റുപോകരുത് - അഡ്വ. ചാർളി പോൾ എഴുതുന്നു

വ്യാജവാർത്തകൾ, തെറ്റായ വിവരങ്ങൾ എന്നിവ വേഗത്തിൽ പ്രചരിക്കുന്നത് ഇന്നൊരു പ്രധാന വെല്ലുവിളിയാണ്. ഇതുവഴി സമൂഹത്തിൽ ഭയം, വിദ്വേഷം, സംഘർഷങ്ങൾ എന്നിവ ഉണ്ടാകും.

New Update
adv charly paul article

സാമൂഹ്യ മാധ്യമങ്ങൾ അപകടകരമായ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. 

Advertisment

കഴിഞ്ഞ ദിവസം ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട് തൊടിയിൽ ദീപക് (42) ജീവനൊടുക്കിയ സംഭവം കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.


ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഷിംജിത ക്കെതിരെ പോലീസ് കേസെടുത്തു. അവർ ഇപ്പോൾ ജയിലിലാണ്.


deepak

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ദീപക്കിനെ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരിൽ ബസ്സിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചെന്നാരോപിച്ചാണ് ഷിംജിത സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.

രണ്ടു ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും ഒട്ടേറെ പേർ ഷെയർ ചെയ്യുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങൾ അപകടകരമായ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുടെ തുടർച്ചയാണിത്.

കണ്ടൻ്റ് ക്രിയേഷനുവേണ്ടി യുവതി ബോധപൂർവ്വം വീഡിയോ ചിത്രീകരിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ദീപക്കിന്റെ വീട്ടുകാരുടെ ആരോപണം. 


റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന ഉള്ളടക്കം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം അനുദിനം വർദ്ധിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാർ വൈറലാകാൻ സാധ്യതയുള്ള കണ്ടൻ്റുകൾക്കായി ഏതു മാർഗ്ഗവും സ്വീകരിക്കുകയാണ്. 


shamjitha

മാന്യമായ ജീവിതം നയിക്കുന്നവരെ ഏറ്റവും മോശമായ രീതിയിൽ അപമാനിക്കുക, സ്ത്രീകൾക്ക് എതിരെയും മറ്റും അപകീർത്തികമായ വീഡിയോകൾ  പ്രചരിപ്പിക്കുക, ഫേക്ക് ന്യൂസ് പങ്കുവയ്ക്കുക, അധിക്ഷേപം, അപമാനം, ഭീഷണി തുടങ്ങിയ മാർഗ്ഗത്തിലൂടെ സൈബർ ബുള്ളിയിംഗ് നടത്തുക, സ്വകാര്യ ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ അനുമതിയില്ലാതെ പങ്കുവെക്കുക എന്നിങ്ങനെ കൈയ്യടിക്കും കാശിനും ക്രൂര സംതൃപ്തിക്കും വേണ്ടി സൈബർ പേക്കൂത്ത് നടത്തുകയാണ് ചിലർ. ഇത്തരം നീചർക്ക് ഓശാന പാടുന്ന വിധത്തിലാണ് ചിലരുടെ പ്രതികരണങ്ങൾ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. യുവാവ് നേരിട്ട സാഹചര്യത്തിനും ഇതായിരുന്നില്ല പ്രതിവിധി. ആ കുടുംബത്തിൻ്റെ നഷ്ടവും വേദനയും അപരിഹാര്യമാണ്. ബസിലെ സംഭവത്തിൽ യുവാവ് നിരപരാധിയോ അപരാധിയോ എന്ന് കണ്ടെത്തേണ്ടത് പോലീസും നീതിപീഠവുമാണ്. മുൻവിധികളല്ല. 


സംഭവഗതികളെ ധൈര്യസമേതം നേരിട്ട് അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാമായിരുന്നു. പക്ഷേ പൊതുസമൂഹത്തിൻ്റെയും കുടുംബാംഗങ്ങളുടെയും മുന്നിൽ നാണം കെട്ടുവോ എന്ന തോന്നലിൽ ആ മനുഷ്യൻ ആത്മഹത്യ ചെയ്യുകയായിരുന്നു. 


ആ സമയത്തെ മാനസിക നില സ്വയം ജീവനൊടുക്കുന്നതിലേക്ക് ആ മനുഷ്യനെ നയിച്ചു കാണും. അത്  സങ്കടകരവും ദൗർഭാഗ്യകരവുമായിപ്പോയി.

ബസ്സിലും മറ്റും ഒരാൾ ലൈംഗിക അതിക്രമം കാട്ടുന്നെങ്കിൽ അത് തടയാൻ ശ്രമിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് തെറ്റല്ല. എന്നാൽ പകർത്തിയ ദൃശ്യങ്ങൾ പോലീസിന് കൈമാറി നീതി തേടുകയാണ് ചെയ്യേണ്ടിയിരുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിൽ നിയമവഴി തേടുന്നതാണ് ഉചിതവും ന്യായവും. അതിനുപകരം സ്വയം ശിക്ഷ വിധിക്കാനും നടപ്പിലാക്കാനും കരുക്കൾ നീക്കുമ്പോൾ അത് സ്വയം കുരുക്കായി മാറുമെന്ന് ഓർക്കണം. 


ഇത്തരം സന്ദർഭങ്ങളിൽ സാമൂഹ്യമാധ്യമത്തെ ദുരുപയോഗിക്കാതെ തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് പറയുന്നത്. പൊലീസ് സഹായം ആവശ്യം വരുന്ന സന്ദർഭങ്ങളിൽ സാമൂഹ്യ മാധ്യമത്തിൽ പ്രതികരിക്കാതെ 112 എന്ന എമർജൻസി നമ്പറിലേക്ക് വിളിക്കാം. 


പോലീസിന്റെ മുന്നിലാണ് ഇത്തരം വീഡിയോകൾ തെളിവായി സമർപ്പിക്കേണ്ടത്. എന്നാൽ ഈ സാധ്യത ദുരുപയോഗിച്ചതിൻ്റെ ഫലമായിട്ടാണ് ഒരു ജീവൻ ഇവിടെ പൊലിഞ്ഞു വീണത്. ആ നഷ്ടം എങ്ങനെ പരിഹരിക്കാൻ കഴിയും. 

social media 123

ലൈക്ക് നൽകി പ്രോത്സാഹിപ്പിക്കാൻ സൈബർ ഫ്രണ്ട്സ് ഉണ്ടാകുമെങ്കിലും ഭവിഷ്യത്ത് അനുഭവിക്കാൻ മറ്റാരും ഉണ്ടാകില്ല. ഇത്തരം മനുഷ്യത്വരഹിതമായ ഹീനമാർഗ്ഗങ്ങൾ തേടുന്നവർക്ക് ഇതൊരു പാഠമായി മാറണം. അത്തരം സാഹചര്യങ്ങൾ ഇനി ഒരിക്കലും ഉണ്ടാകരുത്.

ഡിജിറ്റൽ ലോകത്ത് മനുഷ്യരുടെ ദിനചര്യങ്ങളുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് ( ട്വിറ്റർ) യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ആശയവിനിമയത്ത് അതിവേഗവും ലളിതവുമാക്കി മാറ്റിയിട്ടുണ്ട്. 


ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്ത് മുന്നിലാണ് കേരളം. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ നമുക്ക് 
കൈവന്ന സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് സമൂഹത്തിന് അത് ഗുണകരമാകുന്നത്. 


അതേസമയം അവയുടെ ദുരുപയോഗം വ്യക്തിപരവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകും. 

വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നുകയറ്റം ,അതിരുകടക്കുന്ന പരിഹാസം, അർധ സത്യങ്ങളുടെ പ്രചരിപ്പിക്കൽ എന്നിവ വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബ ബന്ധങ്ങൾ എന്നിവ ശിഥിലമാക്കുകയും സാമൂഹ്യ അംഗീകാരത്തെ നശിപ്പിക്കുകയും ചെയ്യുന്നു. 


മറ്റൊരാളുടെ ജീവിതം നശിപ്പിച്ചിട്ട് തേടുന്ന റീച്ച് എങ്ങനെ നേട്ടമാകും. കർമ്മങ്ങളുടെ ഫലം അവനവൻ തന്നെയാണ് അനുഭവിക്കേണ്ടി വരിക.


സാമൂഹ്യ മാധ്യമങ്ങളുടെ പ്രധാന ഗുണം വിവര വിനിമയത്തിലെ വേഗതയാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും നിമിഷങ്ങൾക്കുള്ളിൽ ആശയങ്ങൾ കൈമാറാൻ എന്ന് സാധിക്കും. 

ആരോഗ്യ - വിദ്യാഭ്യാസ - തൊഴിൽ മേഖലകൾ, സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ച് ശരിയായ വിവരങ്ങൾ പങ്കുവയ്ക്കുവാൻ സാമൂഹ്യ മാധ്യമങ്ങൾ സഹായകരമാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിലുള്ള സന്ദേശം വിനിമയം മാധ്യമങ്ങൾ സാധ്യമാക്കുന്നുണ്ട്.

പ്രവാസി ബന്ധങ്ങളെ സുദൃഢമാക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും മറ്റും സാമൂഹ്യ മാധ്യമങ്ങൾ സഹായകരമാണ്. വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ മാധ്യമങ്ങൾ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.

ഓൺലൈൻ ക്ലാസുകൾ, വെബിനാറുകൾ, പഠന വീഡിയോകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ നേടാൻ അവസരം ലഭിക്കുന്നു. ആരോഗ്യ ബോധവൽക്കരണത്തിനും സാമൂഹ്യ പ്രശ്നങ്ങളെ മനസ്സിലാക്കുവാനും മാധ്യമങ്ങൾ സഹായകരമാണ്. കൂടാതെ തൊഴിൽ സംരംഭങ്ങൾ കണ്ടെത്തുന്നതിനും ചെറു സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ ഒരു പ്രധാന വേദിയായി മാറിയിട്ടുണ്ട്.

girl chatting

എഐ നിര്‍മ്മിത ചിത്രം


സാമൂഹ്യ മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം പഠനത്തെയും ശാരീരിക- മാനസിക ആരോഗ്യത്തെയും  സാരമായി ബാധിച്ചു തുടങ്ങിയതിനാൽ ഉപയോഗം നിയന്ത്രണം പല രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


ഇതൊരു ആസക്തിയായി മാറുന്നതിനാൽ അവയെക്കുറിച്ചുള്ള സാമൂഹ്യ അവബോധ സെമിനാറുകൾ പല ഏജൻസികളും നടത്തുന്നുണ്ട്. 

ഗെയിമുകൾ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവക്ക് കുട്ടികൾ അടിമകളാകുന്നതോടെ അവർക്ക് ഉണ്ടാകുന്ന വൈകാരിക വെല്ലുവിളികളെക്കുറിച്ച് ബോധവത്ക്കരണത്തിന് ബാംഗ്ലൂർ നിംഹാൻസ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് (nimhans. wellbeing@gmail.com)

വ്യാജവാർത്തകൾ, തെറ്റായ വിവരങ്ങൾ എന്നിവ വേഗത്തിൽ പ്രചരിക്കുന്നത് ഇന്നൊരു പ്രധാന വെല്ലുവിളിയാണ്. ഇതുവഴി സമൂഹത്തിൽ ഭയം, വിദ്വേഷം, സംഘർഷങ്ങൾ എന്നിവ ഉണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, അക്കൗണ്ട് ഹാക്കിംഗ്, ഡാറ്റ ദുരുപയോഗം എന്നിവയും വർദ്ധിച്ചുവരുന്നു. 

എത്രപേർക്കാണ് പണം നഷ്ടപ്പെടുന്നത്. കുട്ടികളും യുവാക്കളും സൈബർ ബുള്ളിയിംഗിന്  ഇരകളാകുന്നത് ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്കും ചിലപ്പോൾ ആത്മഹത്യ പോലുള്ള ദുരന്തങ്ങൾക്കും കാരണമാകുന്നു.


സാമൂഹ്യ മാധ്യമങ്ങളോടുള്ള അമിത ആശ്രയം സമയനഷ്ടത്തിനും പഠനത്തിലും ജോലിയിലും ഉള്ള ശ്രദ്ധക്കുറവിനും കാരണമാകുന്നുണ്ട്. കുടുംബബന്ധങ്ങൾ ദുർബലമാകുകയും സാമൂഹ്യ ഇടപെടലുകൾ കുറയുകയും ചെയ്യുന്ന സാഹചര്യവും ഇന്ന് കാണപ്പെടുന്നു.


സാമൂഹ്യമാധ്യമങ്ങൾ മാധ്യമ ധാർമ്മികത പുലർത്താൻ ബാധ്യസ്ഥരാണ്. വാർത്തകൾ ശേഖരിക്കുമ്പോഴും അവതരിപ്പിക്കുമ്പോഴുംപാലിക്കേണ്ട സത്യസന്ധത, കൃത്യത, നിഷ്പക്ഷത, എന്നിവ പുലർത്തണം. 

അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. പങ്കുവെക്കുന്നതിന് മുമ്പ് വിവരങ്ങളുടെ വിശ്വാസത ഉറപ്പാക്കണം. 

സ്വകാര്യതാ ക്രമീകരണങ്ങൾ ശ്രദ്ധിക്കുകയും വ്യക്തിഗത വിവരങ്ങൾ  പരമാവധി പരിമിതപ്പെടുത്തുകയും വേണം. കുട്ടികളുടെ സാമൂഹ്യ മാധ്യമ യോഗം മാതാപിതാക്കളുടെയും അധ്യാപകരുടേയും മേൽനോട്ടത്തിൽ ആകണം. 

സ്വയം നിയന്ത്രണത്തിന് എല്ലാവരും തയ്യാറാകണം. സൈബർ നിയമങ്ങളെകുറിച്ചുള്ള അവബോധവും ആർജിച്ചെടുക്കണം. ശരിതെറ്റുകളെ വിവേചിച്ചറിയണം.

whatsapp chatting man

എഐ നിര്‍മ്മിത ചിത്രം


സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യരെ ബന്ധിപ്പിക്കുന്ന ശക്തമായ ഉപകരണങ്ങളാണ്. അവയെ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ സാമൂഹ്യ വികസനത്തിന് അത് വലിയ തോതിൽ സഹായകമാകും. 


എന്നാൽ ദുരുപയോഗം സാമൂഹ്യ സമാധാനത്തെയും വ്യക്തികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതിനാൽ ജാഗ്രതയും ഉത്തരവാദിത്വവും പുലർത്തുവാൻ ഓരോരുത്തരും തയ്യാറാകണം. 

സാമൂഹ്യവിരുദ്ധമാകരുത് സമൂഹമാധ്യമ ഉപയോഗം. സാമൂഹിക മാധ്യമങ്ങളുടെ ശുഭസാധ്യതകളെ ആശുഭമാക്കാതിരിക്കാനും ശ്രമിക്കണം. 

- അഡ്വ. ചാര്‍ളി പോള്‍(അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ  കേന്ദ്ര-സംസ്ഥന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ് - 8075789768)

Advertisment