/sathyam/media/media_files/2026/02/03/adv-charly-paul-article-2-2026-02-03-16-02-26.jpg)
തെരുവുകൾ അടക്കിവാഴുന്ന നായകളെ കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷ ബാധ മൂലമുള്ള മരണവും സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചു വരുന്നു. അത്തരം വാർത്തകൾ നാടിൻ്റെ ഉറക്കം കെടുത്തുകയാണ്.
വീട്ടുമുറ്റത്തോ, അകത്തോ, വഴിയിലോ നിൽക്കാനാകാത്ത അവസ്ഥയാണ്. ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള മൗലികാവകാശം നായ്പ്പല്ലിൽ ബലി കഴിക്കപ്പെടുകയാണ്.
ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവനു മീതെ മറ്റൊന്നിനും പ്രാധാന്യം ഉണ്ടാവരുത്. ഭരണാധികാരികൾ നിഷ്ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങിയേ മതിയാവൂ.
അല്ലെങ്കിൽ തെലങ്കാനയിലെ 7 ഗ്രാമമുഖ്യരുടെ നേതൃത്വത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലെ 500 നായ്ക്കളെ കൊന്നൊടുക്കിയ പോലെ, സഹികെട്ട ജനം നിയമം കയ്യിലെടുത്തേക്കും .
ഭീതിതമായ കണക്കുകൾ:
തെരുവ് നായ ശല്യം കേരളീയ ജീവിതത്തിൽ സമാനതകളില്ലാത്ത ഒരു പൊതുപ്രശ്നമായി മാറിയിട്ടുണ്ട്.
സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 9 ലക്ഷം എത്തിയെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
/filters:format(webp)/sathyam/media/media_files/SJO9fMnW51htCcaFif9i.jpg)
2019-20 ൽ സംസ്ഥാന വ്യാപകമായി നടത്തിയ സെൻസസിൽ 7 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
കേരളത്തിൽ 10 വർഷത്തിനിടെ നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്ന് ഇരട്ടി വർദ്ധനയാണുള്ളത്. 2014ൽ 1.19 ലക്ഷം പേർക്ക് കടിയേറ്റു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ 2024 ൽ 3, 16, 793 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
2014 മുതൽ 2025 ഏപ്രിൽ വരെ സംസ്ഥാനത്ത് 22.52 ലക്ഷം പേർക്കാണ് നായയുടെ കടിയേറ്റത്. ഇക്കാലയളവിൽ പേ വിഷബാധയേറ്റു മരിച്ചത് 160 പേരാണ്.
2021 മുതൽ സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർ രണ്ട് ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞവർഷം അത് മൂന്നുലക്ഷം കടന്നു.
തെരുവ് നായ്ക്കളുടെയും വളർത്തുന്ന നായ്ക്കളുടെയും ചേർത്തുള്ള കണക്കാണിത്. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും മരിച്ച സംഭവങ്ങൾ ഉണ്ട്.
പ്രതിരോധ കുത്തിവെയ്പ്പിന് ശേഷം വൈറസ് ബാധിച്ച് കഴിഞ്ഞവർഷം മൂന്നു കുട്ടികൾ സംസ്ഥാനത്ത് മരിച്ചു. കുഞ്ഞുങ്ങളെ പോലും അംഗൻവാടികളിൽ കയറി തെരുവ് നായ്ക്കൾ കടിച്ചുകീറുകയാണ്.
/filters:format(webp)/sathyam/media/media_files/2026/02/03/street-dog-attack-2026-02-03-16-08-05.jpg)
കടിയേൽക്കുന്നവരിൽ 35% കുട്ടികൾ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖത്തും കൈകളിലും ആണ് കൂടുതൽ കടിയേൽക്കുന്നത് എന്നതിനാൽ കുട്ടികളുടെ അപകട സാധ്യത വളരെ കൂടുതലാണ്.
കഴിഞ്ഞ ദിവസം തലയിൽ നായയുടെ കടിയേറ്റ വാർത്ത കണ്ടു. പേപ്പട്ടിയാണ് കടിച്ചെതെങ്കിൽ പേ വിഷം പെട്ടെന്ന് തലച്ചോറിൽ എത്താം. വളരെ ഭീതിതമാണ് കേരളത്തിൻ്റെ അവസ്ഥ.
/filters:format(webp)/sathyam/media/media_files/2026/02/03/street-dog-attack-2-2026-02-03-16-12-58.jpg)
പ്രതീക്ഷയേകി സുപ്രീംകോടതിയുടെ ഇടപെടൽ:
തെരുവ് നായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി 2025 നവംബർ ഏഴിന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ എല്ലാ പൊതു പരിസരങ്ങളിലുമുള്ള തെരുവ് നായ്ക്കളെ ഉടൻ പിടികൂടി ഷെൽറ്ററുകളിലേക്ക് മാറ്റണമെന്നും നായ്ക്കളെ വന്ധ്യംകരണവും വാക്സിനേഷനും നടത്തിയശേഷം തിരികെ വിടാൻ പറ്റില്ലെന്നും ഇടക്കാല ഉത്തരവിലുണ്ട്.
പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സ്റ്റോക്ക് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/03/street-dogs-2-2026-02-03-16-15-08.jpg)
നായ്ക്കളുടെ ആക്രമണത്തിൽ പരിക്കോ മരണമോ സംഭവിച്ചാൽ സർക്കാരിന് മാത്രമല്ല, നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കും പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പു നൽകി.
തെരുവ് നായ്ക്കളുടെ അവസ്ഥയിൽ ആശങ്കയുള്ളവർ അവയെ അലഞ്ഞു തിരിയാനും പൊതുജനങ്ങളെ കടിക്കാനും അനുവദിക്കാതെ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
തെരുവ് നായ്ക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളും പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ 20 ദിവസത്തിനിടെ ഉണ്ടായ വാഹന അപകടങ്ങളിൽ രണ്ട് ജഡ്ജിമാർക്ക് പരിക്കേറ്റത് കോടതി ഓർമിപ്പിച്ചു.
മൃഗസ്നേഹികൾക്ക് കോഴി, ആട് തുടങ്ങിയവയെ കൊല്ലുന്നത് പ്രശ്നമല്ലേ എന്നും കോടതി ചോദിച്ചു. തെരുവ് നായ ആക്രമണം ജനങ്ങളുടെ ജീവനെടുക്കുകയാണെന്നും നിയമം നടപ്പാക്കുന്നതിൽ അധികൃതർ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശീയ- സംസ്ഥാന പാതകൾ, ദേശീയ എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ അലയുന്ന കന്നുകാലികളെയും മറ്റു മൃഗങ്ങളെയും മാറ്റണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സുരക്ഷിത ജീവിതത്തിന് പൗരന്മാർക്കുള്ള മൗലികാവകാശം സംരക്ഷിക്കാനാണ് ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി.
നിയമത്തിലെ പരിമിതികൾ:
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11-ാംവകുപ്പു പ്രകാരം തെരുവ് നായ്ക്കളെ കൊല്ലാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ 2001ലെ മൃഗ പ്രജന നിയന്ത്രണ (അനിമൽ ബർത്ത് കൺട്രോൾ - എബിസി) ചട്ടം നായ്ക്കളെ കൊല്ലുന്നത് വിലക്കി.
2023ൽ കേന്ദ്രസർക്കാർ നിയമം പുതുക്കിയപ്പോൾ വന്ധ്യംകരണത്തിലൂടെ തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണമെന്നാണ് വ്യവസ്ഥ ചെയ്തത്. ഈ ചട്ട പ്രകാരം പേ ബാധിച്ച നായ്ക്കളെപ്പോലും കൊല്ലാൻ ആകില്ല. പ്രത്യേകം കൂട്ടിലിട്ട് നിരീക്ഷിക്കാനേ വ്യവസ്ഥ ചെയ്യുന്നുള്ളൂ.
/filters:format(webp)/sathyam/media/media_files/2026/02/03/street-dogs-3-2026-02-03-16-16-42.jpg)
എന്നാൽ 2023 കേന്ദ്രം കൊണ്ടുവന്ന മൃഗങ്ങളോടുള്ള ക്രൂരത തടയൽ (മൃഗപരിപാലന രീതികളും നടപടിക്രമങ്ങളും) ചട്ടങ്ങളിലെ എട്ടാം വകുപ്പ് ദയാവധത്തിന് അനുമതി നൽകുന്നുണ്ട്. അത് പ്രകാരം ഏതു മൃഗത്തിനും ഗുരുതര രോഗമുണ്ടെന്നോ മറ്റു മൃഗങ്ങളിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നോ ബോധ്യപ്പെട്ടാൽ അതിനെ ദയാവധത്തിന് വിധേയമാക്കാം.
പക്ഷേ പേ പിടിച്ചതും മറ്റു രോഗബാധയുള്ളതുമായ തെരുവ് നായ്ക്കളെ ദയാവധം നടത്താനുള്ള കേരള സർക്കാരിൻ്റെ തീരുമാനം ഹൈക്കോടതി ഈയിടെ മരവിപ്പിച്ചു. ദയാവധം എബിസി നിയമത്തിന് വിരുദ്ധമാണെന്നും ഇത് സംബന്ധിച്ച കോടതിയുത്തരവുകൾ നിലവിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കേരളത്തിന്റെ ഉദാസീനത:
കേരളത്തിൽ എബിസി കേന്ദ്രങ്ങളുടെയും ഷെൽട്ടറുകളുടെയും കുറവുണ്ടെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ 2001 ൽ എബിസി ചട്ടം നിലവിൽ വന്നതാണ്. എന്നാൽ സർക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ എബിസി പ്രോഗ്രാം നടപ്പാക്കിയില്ല.
/filters:format(webp)/sathyam/media/media_files/2026/02/03/street-dogs-4-2026-02-03-16-24-36.jpg)
2015- 16 മുതലാണ് കേരളത്തിൽ എബിസി പ്രോഗ്രാം നടപ്പാക്കി തുടങ്ങിയത്. 2001 മുതൽ നടപ്പാക്കിയിരുന്നെങ്കിൽ പ്രശ്നം ഇത്ര രൂക്ഷമായിത്തീരില്ലായിരുന്നു.
2016 മുതൽ 2024 വരെ എട്ടുവർഷം സംസ്ഥാനത്ത് വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം നായ്ക്കളെ മാത്രമാണ്. 2024 നവംബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ 52,995 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്.
എല്ലാ തെരുവ് നായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളിൽ ഷെൽട്ടറുകൾ തുറക്കുമെന്നുമുള്ള പ്രഖ്യാപനം നാളിതുവരെ നടപ്പായിട്ടില്ല. ഷെൽട്ടർ ഹോം സംസ്ഥാനത്ത് തിരുവനന്തപുരം നഗരസഭയിൽ ഒഴികെ ഒരിടത്തും ആരംഭിച്ചിട്ടുമില്ല.
തെരുവ് നായ്ക്കളെ പിടികൂടി പാർപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങൾ (ഷെൽട്ടറുകൾ) തുറക്കുന്നത് കേരളത്തിൽ പ്രായോഗികമല്ലെന്നാണ് വകുപ്പ് മന്ത്രിയുടെ വാദം. കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറിന് സ്ഥലം കണ്ടെത്തുക വെല്ലുവിളിയാണെന്ന് പറഞ്ഞിട്ടുണ്ട്.
കോടികൾ അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുവദിക്കുന്ന നിയന്ത്രണ നടപടികൾ കാര്യക്ഷമമായി കേരളത്തിൽ നടക്കുന്നില്ല. 15 എബിസി കേന്ദ്രങ്ങൾ മാത്രമേ സംസ്ഥാനത്തുള്ളു. അവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.
തെരുവ് നായ്ക്കൾ വർധിക്കാൻ കാരണം:
തെരുവ് നായ്ക്കൾക്ക് ഭക്ഷണം ആയിത്തീരുന്ന മാംസം അടക്കമുള്ള മാലിന്യത്തിൻ്റെ ലഭ്യതയാണ് തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം.
/filters:format(webp)/sathyam/media/media_files/2026/02/03/street-dogs-5-2026-02-03-16-25-57.jpg)
ചിലർ തെരുവ് നായ്ക്കൾക്കായി പ്രത്യേകം ഭഷണം തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. വഴിയോരക്കടകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടവും വേണ്ടതുപോലെ നായ്ക്കൾക്ക് ലഭിക്കുന്നുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയാതെ വേണ്ട വിധം സംസ്ക്കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രാകൃത രീതിയിലുള്ള അറവുശാലകളും പരിസരങ്ങളും തെരുവ് നായ്ക്കളുടെ വിഹാരരംഗമാണ്. മാലിന്യക്കൂമ്പാരം പെരുകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങളും സമൂഹവും നിരന്തരജാഗ്രത പുലർത്തണം.
നായ് പ്രേമികളുടെ പിന്നിൽ:
നായ്പ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നിൽ വമ്പൻ വാക്സിൻ ലോബികളാണെന്ന് പറയപ്പെടുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയാണ് പ്രശ്നമെങ്കിൽ എന്തുകൊണ്ടാണ് നായ്ക്കളുടെ കാര്യത്തിൽ മാത്രം ഇവർ താല്പര്യമെടുക്കുന്നത്. ഭക്ഷണത്തിനായി എത്രയോ മൃഗങ്ങളെ കൊല്ലുന്നു. കൊന്നു തിന്നുന്നു.
സുപ്രീംകോടതിയിലെ കേസിൽ തെരുവ് നായ്ക്കളുടെ പക്ഷം പിടിച്ച് ഒട്ടേറെ ഹർജികളാണ് ലഭിച്ചത്. ഇവയുടെ കടി കൊള്ളുന്ന മനുഷ്യരുടെ പക്ഷം പിടിക്കാൻ ഇത്രയും ആളില്ലല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. തെരുവ് നായ്ക്കൾക്കായി സുപ്രീം കോടതിയിൽ ഹാജരായത് മണിക്കൂറിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരാണ്.
രാജ്യത്തെ തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പരമോന്നത കോടതി ശ്രമിക്കുമ്പോൾ അതിന് ഇടങ്കോലിടാൻ നോക്കുകയാണ് മൃഗസ്നേഹികളെന്ന വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ചില വ്യക്തികളും സംഘടനകളും. ഇതാണ് കോടതിയെ അസ്വസ്ഥമാക്കിയത്.
ആളുകളെ കടിക്കരുതെന്ന് നായകൾക്ക് കൗൺസിലിംഗ് കൊടുക്കാം എന്ന് കോടതി പരിഹാസപൂർവം പറഞ്ഞത് ഈ സാഹചര്യത്തിലാണ്. നായ്ക്കളെ ഷെൽട്ടറിൽ (അഭയ കേന്ദ്രങ്ങൾ) അടയ്ക്കുന്നതിന് മൃഗസ്നേഹികൾ എതിരാണ്.
/filters:format(webp)/sathyam/media/media_files/2026/02/03/dog-shelter-2026-02-03-16-27-42.jpg)
നായ്ക്കളെ പിടി കൂടി, വന്ധ്യംകരിച്ച്, വാക്സിൻ കൊടുത്ത്, തെരുവിൽ വിട്ടയക്കുക എന്നതാണ് നായ പ്രേമികളുടെ വാദം. ഇത് തന്നെയാണ് വാക്സിൻ ലോബിയും പറയുന്നത്. വന്ധീകരിച്ചാലും നായ്ക്കൾ കടിക്കും. അത് അവർക്കറിയാം. കടി നടന്നാലെ വാക്സിൻ വിൽപ്പന നടക്കു.
പേ വിഷ പ്രതിരോധത്തിനായി കേരളത്തിൽ മാത്രം ഒരു വർഷം വാങ്ങുന്നത് 28 കോടിയുടെ വാക്സിൻ ആണ്. കോടികളുടെ വ്യാപാരമാണ് ഇന്ത്യയിൽ വാക്സിൻ ലോബിയ്ക്കുള്ളത്. ഇവരുടെ പ്രേരണയാൽ നായ് പ്രേമികൾ കരുക്കൾ നീക്കുകയാണെന്ന് പറയപ്പെടുന്നു.
പരിഹാരമാർഗ്ഗങ്ങൾ:
തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ഫലപ്രദമായ ഒരു മാർഗ്ഗം വന്ധ്യംകരണമാണ്. പ്രജനനം കുറക്കാൻ ഉദ്ദേശിച്ചുകൊണ്ടുവന്ന പദ്ധതിയായ എബിസി (അനിമൽ ബർത്ത് കൺട്രോൾ) വേണ്ടവിധം മുന്നോട്ടു പോകാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം.
കടുത്ത നായ പ്രേമികൾക്ക് പറ്റാവുന്നത്ര നായ്ക്കളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാം. (അതിന് നായ് പ്രേമികൾ തയ്യാറായി കാണുന്നില്ല) പക്ഷെ പൊതുജനത്തിന് ശല്യമുണ്ടാക്കാതെ വളർത്തണം. ബാക്കിയുള്ളവയ്ക്ക് മൃഗശാലകളുടെ സ്ഥലമോ, മറ്റിടങ്ങളോ കണ്ടെത്തി ഷെൽട്ടറുകൾ ഒരുക്കണം. അത് ആണിനും പെണ്ണിനും വെവ്വേറെ വേണം.
വനാതിർത്തിക്കുള്ളിൽ ഉയരവും കരുത്തും ഉള്ള താൽക്കാലിക നിർമിതിയിലൂടെ ഷെൽറ്ററുകൾ ഒരുക്കാം. മലയോരങ്ങളിലെ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി, ജനവാസയിടങ്ങളിൽ മൃഗങ്ങൾ അതിക്രമിച്ചു കടക്കുന്നത് ഒരു പരിധിവരെ തടയാൻ ഇത് ഉപകരിക്കും. മറ്റ് രാജ്യങ്ങളിലെ ഫലപ്രദ മാർഗ്ഗങ്ങൾ കണ്ടെത്തി ഇവിടെ നടപ്പിലാക്കണം.
/filters:format(webp)/sathyam/media/media_files/2026/02/03/dog-shelter-2-2026-02-03-16-29-31.jpg)
പേ വിഷബാധയുണ്ടെന്ന് വെറ്റിനറി സർജൻ സ്ഥിരീകരിച്ച നായ്ക്കളെ നടപടിക്രമങ്ങൾ പാലിച്ചു കൊന്നുകളയണം. സർവ്വകക്ഷി യോഗം വിളിച്ച് മറ്റ് മാർഗ്ഗങ്ങളും കണ്ടെത്തണം.
തെരുവ് നായ്ക്കളുടെ കടിയേറ്റ് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും പരുക്ക് പറ്റിയവർക്കും ഉടനെ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം ഇരകളുടെ അവകാശമാണ്.
പാൽ - പത്രം ജീവനക്കാർ, മത്സ്യ കച്ചവടക്കാർ, ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ, സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ, പുലർകാല സവാരിക്കാർ എന്നിങ്ങനെ സാധാരണക്കാരും അവരുടെ മക്കളുമാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നത്.
നിയമം പറയുന്നവരും നടപ്പാക്കുന്നവരും അവരുടെ മക്കളും കാറിൽ സഞ്ചരിക്കുന്നതിനാൽ അവർക്ക് നായ്ക്കളെ പേടിക്കേണ്ടി വരുന്നില്ല. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ അനുമതി ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന നായ്ക്കളെ തൊടാൻ പറ്റാത്ത അവസ്ഥയാണ്.
തെരുവിൽ അല്ല നായ്ക്കളെ വളർത്തേണ്ടത്. ലോകത്ത് ഒരിടത്തും തെരുവിൽ നായ്ക്കളെ വളർത്തുന്നുമില്ല. ഉത്തരേന്ത്യയിലെ ഗോശാലകൾ പോലെ നമുക്ക് ശ്വാനാലയങ്ങൾ തുറക്കാം. അത്തരം ഷെൽറ്ററുകൾ ജനവാസ മേഖലയിൽ നിന്ന് അകലെയാവണമെന്ന് മാത്രം.
പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് സർക്കാരും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളെ ഇനിയും തള്ളി വിടരുത്. മനുഷ്യൻ്റെ ജീവനും ആരോഗ്യത്തിനും രക്ഷ വേണം. നായ്ക്കളെ പ്രതിയുള്ള മനുഷ്യരുടെ മനസ്സാ സമാധാനമില്ലായ്മക്ക് അറുതി വേണം. തെരുവ് നായ്ക്കളേക്കാൾ വിലയും നിലയുമർഹിക്കുന്നത് മനുഷ്യരാണ്. അത് മറക്കരുത്.
-അഡ്വ. ചാര്‍ളി പോള്‍
(അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ (കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ് - 8075789768)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us