Advertisment

പുകവലി നിർത്താം... പാൻക്രിയാറ്റിക് കാൻസറിന്റെ സാധ്യതകൾ കുറയ്ക്കാം... പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം - ഡോ. ശ്രീലേഷ് കെ.പി എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update
pancreatic cancer dr. sreelesh kp

താരതമ്യേന അപൂർവമായി കണ്ടുവരുന്നതും എന്നാൽ ഏറെ ഗുരുതരവുമായ കാൻസർ രോഗങ്ങളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. രോഗ നിർണയവും ചികിത്സയും സങ്കീർണമായതിനാൽ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി വന്നേക്കാം. 

Advertisment

ഇൻസുലിൻ ഉൾപ്പെടെ മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒരു കൂട്ടം ഹോർമോണുകളെ ഉല്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് പാൻക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ഥി. 

പാൻക്രിയാസിൽ അനിയന്ത്രിതമായി കാൻസർ രോഗങ്ങൾ പെരുകുകയും ട്യൂമറായി രൂപപ്പെടുകയും ചെയ്യുന്നതാണ് രോഗത്തിന് വഴിവെക്കുന്നത്. 

2020ലെ ഗ്ലോബ്ലോക്കോൺ റിപ്പോർട്ട് പ്രകാരം പുതുതായി കാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ 13-ആം സ്ഥാനത്താണ് പാൻക്രിയാറ്റിക് കാൻസർ. രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ ഏഴാമതും. 

പാൻക്രിയാറ്റിക് കാൻസർ എന്ന നിശബ്ദ കൊലയാളി !

മരണ നിരക്ക് ഏറ്റവും കൂടുതലുള്ള അർബുദ രോഗങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. അതേസമയം നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു രോഗം കൂടിയാണിത്. പലപ്പോഴും രോഗ നിർണയം നടത്തുന്നത് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴാണ്. ഇതാണ് നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാൻ കാരണം. 

ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പലപ്പോഴും അസഹ്യമായ വയർ വേദനയെ തുടർന്ന് ചികിത്സ തേടുമ്പോഴായിരിക്കും രോഗ നിർണയം നടക്കുന്നത്. 

ചെറുതും വലുതുമായ ഞരമ്പുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന അവയവമായതിനാൽ പാൻക്രിയാസിലുണ്ടാകുന്ന കുഞ്ഞു ട്യൂമറുകൾ പോലും ശക്തമായ വേദനയുണ്ടാക്കുന്നതാണ്. അനിയന്ത്രിതമായി ശരീര ഭാരം കുറയുന്നതും വിശപ്പില്ലായ്മയുമാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. 

ആരെ വേണമെങ്കിലും  ബാധിക്കാമെങ്കിലും പുകവലിക്കാരിലും  സ്ഥിരമായി മദ്യപിക്കുന്നവരിലും രോഗ സാധ്യത വളരെ കൂടുതലാണ്.

പുകവലിക്കുന്നവർ ജാഗ്രത !

മിക്ക കാൻസർ രോഗങ്ങളിലും കണ്ടുവരുന്നത് പോലെ രോഗ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകവലി. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള  സാധ്യത പലമടങ്ങ് കൂടുതലാണ്.

സിഗരറ്റ്, ബീഡി, ചുരുട്ട്, മുറുക്കാൻ ഉൾപ്പെടെ പുകയിലയുടെ ഉപയോഗം വഴി ഏറെ ഹാനികരമായ നിരവധി രാസവസ്തുക്കളാണ് ശരീരത്തിലേക്ക് എത്തുന്നത്. ഇവയിൽ പലതും ഡി.എൻ.എയെ തകരാറിലാക്കുന്നത്ര അപകടകാരികളാണ്. ഇത് ശരീര വളർച്ചക്ക് ഏറ്റവും അത്യാവശ്യമായ കോശവിഭജനത്തെ പ്രതികൂലമായി ബാധിക്കുന്നു. 

കോശവിഭജനം അനിയന്ത്രിതമായ വർധിക്കുന്നത് കാൻസറിന് കാരണമാകും. പാൻക്രിയാസിന് പുറമേ വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി തുടങ്ങി മിക്ക ആന്തരികാവയവങ്ങളിലും പുകയിലയുടെ ഉപയോഗം മൂലം കാൻസർ സാധ്യത കൂടുതലാണ്.

പുകയിലക്ക് പുറമേ അമിതമായ മദ്യപാനവും പാൻക്രിയാറ്റിക് കാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പാൻക്രിയാസിലുണ്ടാകുന്ന നീർക്കെട്ട്, കല്ലുകൾ, ജനിതക പാരമ്പര്യം തുടങ്ങിയവും പാൻക്രിയാസ് കാൻസറിന് കാരണമാകുന്നുണ്ട്.

ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ... !

അസഹ്യമായ വയർ വേദന: പാൻക്രിയാറ്റിക് കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് അസഹനീയമായ വയർ വേദന. നെഞ്ചിന് താഴെ പൊക്കിളിന് മുകളിൽ വരുന്ന ഭാഗത്തിൽ ഒരു അസ്വസ്ഥത തോന്നുകയും വേദന പിന്നിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ്. 

വിശപ്പില്ലായ്മയും അനിയന്ത്രിതമായ ഭാരക്കുറവും: വ്യക്തമായ കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് കുറയുന്നതും അതുപോലെ തന്നെ വിശപ്പില്ലായ്മയും കാൻസറിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
 
നടുവേദന: പാൻക്രിയാറ്റിക് കാന്‍സറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണ് നടുവേദന. കാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.

പ്രമേഹം: പെട്ടെന്നുണ്ടാകുന്ന പ്രമേഹം. നിലവിൽ പ്രമേഹം ഉള്ളവരിൽ പെട്ടെന്ന് അനിയന്ത്രിതമായി വർദ്ധിക്കുകയും ഇൻസുലിൻ കുത്തിവച്ചാൽ പോലും കുറയാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നതും ലക്ഷണമാണ്. 

മഞ്ഞപ്പിത്തം, ചർമ്മത്തിെലെ ചൊറിച്ചിൽ: ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും മഞ്ഞപ്പിത്തവും പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. പിത്തക്കുഴലിലുണ്ടാകുന്ന തടസത്തെ തുടർന്നാണ്   മഞ്ഞപ്പിത്തം ബാധിക്കുന്നത്

ഓക്കാനം, ഛർദി, ദഹനപ്രശ്നങ്ങൾ: ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നത് ശരീരത്തിൽ ട്യൂമർ വളരുന്നതിന്റെ ലക്ഷണമാണ്. ദഹനക്കേട്, ക്ഷീണം, ബലഹീനത തുടങ്ങിയ ബുദ്ധിമുട്ടുകളും കാൻസർ ലക്ഷണമാകാം.

വിദഗ്ദ്ധരായ ഡോക്ടർമാരുടെ ചികിത്സ തേടാം: മിക്ക അർബുദ രോഗങ്ങളെയും അപേക്ഷിച്ച് രോഗ നിർണയവും ചികിത്സയും സങ്കീർണ്ണമാണ്. സി.ടി സ്കാൻ വഴിയാണ് പ്രധാനമായും രോഗനിർണയം നടത്തുന്നത്. തുടർന്ന് എൻഡോസ്കോപ്പി വഴി സാമ്പിളുകൾ ശേഖരിച്ച് ബയോപ്സി പരിശോധന നടത്തും. 

അതേസമയം രോഗം സ്ഥിരീകരിക്കുന്നത് പലപ്പോഴും അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ്. അത് കൊണ്ട് തന്നെ കീമോ തെറാപി കൊണ്ടോ റേഡിയേഷൻ ചികിത്സ കൊണ്ടോ സുഖപ്പെടുത്താൻ കഴിയില്ല. ശസ്ത്രക്രിയയാണ് ഏകമാർഗ്ഗം. രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരും. 

അതിസങ്കീർണമായ ശസ്ത്രക്രിയയാണ് ഇതിന് വേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വിദഗ്ദ്ധനായ സർജനെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗം മൂർച്ഛിച്ച് ശസ്ത്രക്രിയ കൊണ്ട് ഫലം ലഭിക്കാത്തവരിൽ കീമോതെറാപ്പി ചെയ്യുന്നത് ആയുസ് നീട്ടാൻ സഹായിക്കും.

തയ്യാറാക്കിയത്: ഡോ. ശ്രീലേഷ് കെ.പി (മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് - ആസ്റ്റർ മിംസ് കോഴിക്കോട്)

Advertisment