Advertisment

പുണ്യപാപങ്ങൾ ഇരുമുടിക്കെട്ടെടുത്ത് പേട്ടതുള്ളി, പൂങ്കാവന കല്ലും മുള്ളും ചവിട്ടി, നീലിമലയും കരിമലയും കയറിയിറങ്ങി ശബരിമലയിലേയ്ക്ക്... ഭക്തിയുടെ പരിമളം പരത്തി വീണ്ടുമൊരു മണ്ഡലക്കാലത്തിന്റെ ശരണവീചികൾ കേരളത്തിന്റെ വീഥികളിൽ

New Update
subash tr article

മഞ്ഞിന്റെ മൂടുപടം വാരിപ്പുതച്ച് നിൽക്കുന്ന വൃശ്ചികപ്പുലരിയിൽ ആറ്റിലോ തോട്ടിലോ കുളത്തിലോ കിണറ്റിൻ കരയിലോ കുളിമുറിയിലോ കുളിച്ച് ഈറനുടുത്ത് തണുത്ത് വിറച്ച് പുൽനാമ്പുകളിൽ തിളങ്ങുന്ന വൈരമുത്തുകളെ കാൽപാദങ്ങളാൽ തട്ടിത്തെറിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോയിരുന്നത് ഓർമ്മിപ്പിയ്ക്കാൻ വൃശ്ചികം വീണ്ടുമെത്തി.

Advertisment

പാട്ടുകാലം

shasthampattu

വൃശ്ചികനിലാവിന്റെ തിരുമുടിയിൽ പാലപ്പൂവിന്റെ പരിമളം തങ്ങി നിന്നപ്പോൾ, സന്ധ്യകൾ ശരണം വിളിയുടെ വാതായനങ്ങൾ തുറന്നിട്ടു. കർപ്പൂരഗന്ധം ശ്രീകോവിൽ നിന്ന് പുറത്തേയ്ക്ക് ഒഴുകി പരന്ന് ഭക്തരിലേയ്ക്ക്, പിന്നെ മതിലിന് പുറത്തേയ്ക്ക് ഒഴുകി ഇടവഴികളിലേയ്ക്ക്.

മലയാളിയുടെ ആത്മീയ പാതയിൽ ശബരിമലയും അയ്യപ്പനും പമ്പയാറ് പോലെ നിറഞ്ഞൊഴുകുന്ന നാൽപ്പത്തൊന്ന് ദിനരാത്രങ്ങൾ. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഭജനയും പാട്ടും കൊണ്ട് ഭക്തിയുടെ പാരമ്യതയിൽ വിശ്വാസികളെ ഉണർത്തുന്ന പാട്ടുകാലം.

ക്ഷേത്രത്തിൽ പൂജിച്ച തുളസിമാല,  ശരണം വിളിയുടെ അകമ്പടിയോടെ കഴുത്തിൽ അണിഞ്ഞ് ഇനി ആത്മീയ വഴിയിലൂടെ ഒരു മണ്ഡലക്കാലത്തിലേയ്ക്ക്. ജീവിതപുസ്തകത്തിന്റെ തിക്കിലും തിരക്കിലും അലങ്കോലമായിപ്പോയ ചര്യകളെ അടുക്കിപ്പെറുക്കാനൊരു പുണ്യകാലം.

വെളുപ്പാൻകാലത്തെ സുഖമുള്ള കുളിരിലെ ഗാഢമായ ഉറക്കം ഉപേക്ഷിച്ച് തനിയെ ഉണരുന്ന നിർബ്ബന്ധം. ദിനചര്യകൾ അയപ്പസ്വാമിയ്ക്ക് കാണിയ്ക്കയിട്ട് തൊഴുന്ന ചിട്ടകളായി.

ഓരോ ഭക്തന്റെയും  നെഞ്ചിലെ കിളിക്കൂട്ടിൽ കൂടുകൂട്ടിയ കൽമഷങ്ങളെ കഴുകി ഒഴുക്കി ആത്മീയ തേജസ്സിനെ ഉണർത്തുന്ന പരിപാവനമായ അനുഷ്ഠാന ദിനങ്ങൾ. മനസ്സിന് താലോലിയ്ക്കാൻ എത്രയെത്ര മണ്ഡലക്കാലങ്ങളുടെ ശരണം വിളികൾ.!

വില്ലാളിവീരനായ ഹരിഹരസുതൻ

ayyappan

മലയാളിയുടെ ആചാരാനുഷ്ഠാനങ്ങളിലേയ്ക്കും ദൈവീക ആരാധനയിലേയ്ക്കും വില്ലുകുലച്ചെത്തിയ പരംപൊരുളിന്റെ പൊരുളുമായി ദേവാസുരൻമാരും പാലാഴിമഥനവും മഹിഷനെന്ന അസുരനും അസുരസോദരി മഹിഷിയും, മോഹിനിയും പരമശിവനും നാരദനും ഇന്ദ്രാദി ദേവഗണങ്ങളും എല്ലാം ശബരിമലയോടും അയ്യപ്പനോടും ചേർന്ന് നിൽക്കുന്നു.

ഈ കഥയുടെ രണ്ടാം ഭാഗത്തിന് വേദി ഒരുക്കിയത് പമ്പയും പന്തളവും ശബരിമലയും എരുമേലിയും നിബിഡ വനങ്ങളും ആണെന്നത് ഓരോ മലയാളിയ്ക്കും അഭിമാനിയ്ക്കാം. 

തെക്കൻ കേരളത്തിലെ പന്തളമെന്ന ഒരു കൊച്ചു നാട്ടുരാജ്യത്തിലെ ഭരണാധികാരിയുടെ കൊട്ടാരത്തിലെ അന്തപ്പുരത്തിൽ നീറിപ്പുകയുന്ന അനപത്യ സങ്കടക്കടലിലേയ്ക്ക്,  പമ്പാനദീതടത്തിൽ കൈകാലുകൾ ഇളക്കി കരഞ്ഞ ഇളം പൈതലിനെ മാറോട് ചേർത്ത് വാരിപ്പുണർന്ന്, വാത്സല്യാതിരേകത്തോടെ പന്തള രാജൻ കൊണ്ടുവന്നപ്പോൾ ആ സങ്കടക്കടലിൽ തിരയടിച്ചത് ആനന്ദ തിരമാലകൾ.

ayyappan-2

പൈതലിന്റെ കുഞ്ഞിളം കഴുത്തിലുണ്ടായിരുന്ന മണിയുടെ തേജസ്സിൽ പൈതലിനെ മണികണ്ഠൻ എന്ന് നാമകരണം ചെയ്തതും, കൊട്ടാരക്കെട്ടിനകത്തും പുറത്തും പിച്ചവെച്ചതും, ഗുരുകുലവാസവും മൂകനായ ഗുരുപുത്രനെ വാചാലനാക്കിയതും, ചീരപ്പൻചിറയിലെ കളരിഗുരുക്കളുടെ കീഴിൽ എണ്ണം തികഞ്ഞ അഭ്യാസിയും വാൾപ്പയറ്റിലും അമ്പിലും വില്ലിലും അഗാധ പ്രായോഗിക ജ്ഞാനം നേടി വില്ലാളി വീരനായതും, കൊള്ളക്കാരെ അമർച്ചചെയ്തതും, കടൽ കടന്ന് കൊള്ളയടിയ്ക്കാൻ വന്ന വാവരെ തോഴനാക്കിയതും വളർത്തമ്മയ്ക്ക് ഉണ്ണി പിറന്നതോടെ, ഉപജാപകവൃന്ദത്തിന്റെ ഉപദേശത്താൽ സ്വപുത്രന് രാജ്യഭാരം കിട്ടാനായി കാട്ടിൽ നിന്ന് കിട്ടിയവനെ കാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉപായമായി പുലിപ്പാല് കൊണ്ടുവരുവാൻ വിട്ടതും, തിരുപ്പിറവിയുടെ ആത്യന്തിക ലക്ഷ്യമായ മഹിഷീനിഗ്രഹം ചെയ്ത് പുലിവാഹനനായി കൊട്ടാരത്തിലെത്തി തിരുസ്വരൂപം കാട്ടി ശിഷ്ടകാലം കാനനവാസം തിരഞ്ഞെടുത്ത്, തന്റെ തന്നെ നിർദേശപ്രകാരം പതിനെട്ട് മലകൾക്ക് നടുവിൽ ശബരിമലയിൽ നിർമ്മിച്ച ക്ഷേത്രത്തിലെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചതും, തലമുറകൾ തലമുറകളായി പാടിപ്പതിഞ്ഞ കലിയുഗവരദന്റ ധീര വീര കഥകൾ.

ശൈവ വൈഷ്ണ തേജസ്സിന്റെ പ്രഭ പ്രസരിപ്പിയ്ക്കുന്നു അയ്യപ്പസ്വാമി എന്ന വിശ്വാസം കാടും മലകളും പുഴകളും കടന്ന്, ഏഴ് കടലും താണ്ടി പരന്നൊഴുകിയത് വിഷ്ണുമായയിൽ പിറന്ന മുരാരിപുത്രനാണ് മണികണ്ഠൻ എന്ന ഭക്തിയുടെ കർപ്പൂരാഴി തൊഴുത് ആയിരുന്നു. 

നദീതട സംസ്കാരവും അവതാരങ്ങളും 

ഭാരതസംസ്കാരം മുളച്ച് പൊന്തിയത് നദീതടങ്ങളിൽ നിന്നായിരുന്നു എന്നത്  കൗതുകമുണർത്തുന്നു. ഗംഗയുടെ, യമുനയുടെ, കാളിന്ദിയുടെ, സരസ്വതിയുടെ, കാവേരിയുടെ, മാലിനിയുടെ നദീതടങ്ങൾ വേദങ്ങളുടെയും ദൈവീക ആരാധനയുടെയും ഹോമയാഗങ്ങളുടെയും കർമ്മപീഠമായി. ആദിമ മനുഷ്യരുടെ ഭാവനകളിൽ വിശ്വോത്തര സാഹിത്യ സൃഷ്ടികൾ വിരചിതമായി. നദീതടങ്ങളിൽ അവതാരങ്ങൾ പിറന്ന് പിച്ചവച്ചു. കാമ ക്രോധ ലോഭ മോഹങ്ങളുള്ള മനുഷ്യരായി  ദൈവങ്ങൾ ജനിച്ചു.

pamba river

ഇങ്ങ്, കേരളത്തിൽ പമ്പാസരസ്സിൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന  കൊടുംകാട്ടിലെ കൊടുംതണുപ്പിൽ ശൈവ വൈഷ്ണവ ശക്തി പ്രസരിപ്പിച്ച് കിടന്ന പൈതലിനെ സുരക്ഷിതമായി വളർത്താൻ കൊട്ടാരക്കെട്ടിനകത്തല്ലാതെ മറ്റെവിടെയും പറ്റത്തില്ലായിരുന്നു.

നിയോഗങ്ങൾ ചിലർക്ക് ഏറ്റെടുക്കേണ്ടി വരുന്നത് ദൈവിക ഇച്ഛയായിരിയ്ക്കണം. 

മണികണ്ഠന്റെ ഭക്തിനിർഭരമായ അപദാനങ്ങൾ കേട്ട ബാല്യങ്ങൾ വളരുന്തോറും വിശ്വാസങ്ങൾ രൂഢമൂലമായി ഉൾത്തടത്തിൽ പ്രതിഷ്ഠിതമാകും. ജീവിതയാത്രാരംഭത്തിൽ തന്നെ മനുഷ്യസഹജമായ സുഖദുഃഖങ്ങൾ പിൻതുടരാൻ തുടങ്ങവേ ഈശ്വര വിശ്വാസങ്ങളിൽ തലചായ്ച്ച് വിശ്രമിയ്ക്കും സജ്ജനങ്ങൾ.

ശബരിമലയിലേക്ക് 

shabarimala yathra

മലയാളിയുടെ സ്വകാര്യസ്വത്തായ അയ്യപ്പസ്വാമി ഒരു "വിളിപ്പാടകലെ" ശബരിമലയിൽ പള്ളികൊള്ളുമ്പോൾ ഒരു മണ്ഡലക്കാലം അഥവാ നാൽപ്പത്തൊന്ന് ദിവസം വ്രതമെടുത്ത് കെട്ട് നിറച്ച് ശബരിമലയ്ക്ക് പോകാത്തവർ വിരളമാണ്. 

വീട്ടിലെ പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ അടുത്ത ക്ഷേത്രത്തിലോ വെച്ച് കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിൽ പെരിയസ്വാമിയുടെ കാർമികത്വത്തിൽ, തേങ്ങയിൽ നെയ് നിറച്ച്, കെട്ട് മുറുക്കി തേങ്ങ എറിഞ്ഞുടച്ച് ശബരിമല യാത്ര.

മഹിഷീനിഗ്രഹം നടന്നതെന്ന് കരുതുന്ന എരുമേലിയിൽ, നിറങ്ങൾ വാരിപ്പൂശി, പച്ചിലകൾ തുന്നിക്കെട്ടിയ വസ്ത്രങ്ങൾ അണിഞ്ഞൊരു പേട്ട തുള്ളൽ. കന്നി അയ്യപ്പന്മാർ പേട്ടതുള്ളി അയ്യപ്പന്റെ ചങ്ങാതിയായ വാവരെ കണ്ട് വണങ്ങി വീണ്ടും വനയാത്ര.

erumeli petta offer

നിറഞ്ഞൊഴുകുന്ന പമ്പയാറ്റിലെ തണുത്ത വെള്ളത്തിൽ മുങ്ങിനിവർന്നാൽ അലൗകികമായ ഊർജ്ജപ്രവാഹമായി. ഈറ്റയിലും ഈന്തിലയിലും തീർത്ത കൊച്ചു വിരികളിൽ ഒന്ന് കിടന്നാൽ കിട്ടുന്ന സുഖം ഒരിടത്തും കിട്ടത്തില്ല. 

ചവിട്ടിയാൽ കാൽ തെന്നിപ്പോകുന്ന കറുത്തനിറത്തിലുള്ള പശിമയുള്ള നനഞ്ഞമണ്ണിൽ പാദമുദ്രകൾ പതിപ്പിച്ച് അതീവ സൂക്ഷ്മതയോടെ മലകയറ്റം തുടങ്ങും. പമ്പാഗണപതിയെയും ശ്രീരാമനെയും ഹനുമാനെയും കണ്ട് വണങ്ങി അനുവാദം വാങ്ങി അയ്യപ്പസന്നിധിയിലേയ്ക്ക്.

pamba bath

"പള്ളിക്കെട്ട്..ശബരിമലയ്ക്ക് ! കല്ലും മുള്ളും കാല്ക്ക് മെത്ത" 

ഇരുളടഞ്ഞ വനത്തിലെ ശീതക്കാറ്റേറ്റ് വന്യവൃക്ഷങ്ങളുടെ ആകാരസൗഷ്ടവവും തലയെടുപ്പും ആദരവോടെ നോക്കി നിന്ന്, ഈറ്റക്കാടുകളിൽ, മുളങ്കൂട്ടങ്ങളിൽ കാറ്റേറ്റുപാടുന്നത് കേട്ട് നിന്ന്, അയ്യപ്പതൃപ്പാദങ്ങൾ പതിഞ്ഞ വനഭൂമിയുടെ വശ്യചാരുതയിൽ മുങ്ങി മയങ്ങി, പുള്ളിക്കുയിലിന്റെ സ്വരമാധുരി നുകർന്ന്, വാനരക്കൂട്ടങ്ങളുടെ കലപില കണ്ട്, വഴിതെറ്റി പാഞ്ഞ് മുന്നിൽ വന്ന് ഒരു നിമിഷം പകച്ച് നിന്ന്  ഓടിമറഞ്ഞ കേഴമാന്റെ പരിഭ്രാന്തി കണ്ട് അറിയാതെ ചിരിച്ച്, വൃക്ഷശിഖിരങ്ങളിൽ മയങ്ങുന്ന പെരുമ്പാമ്പുകളെ കണ്ട്, യാത്രയുടെ ക്ഷീണമറിയാതെ ദൂരങ്ങൾ കടന്ന് അയ്യന്റെ സന്നിധാനത്തിലേയ്ക്ക്.

sannidhanam

"പാദബലം താ..ദേഹബലംതാ.. സ്വാമിയേ..അയ്യപ്പോ.. അയ്യപ്പോ... സ്വാമിയേ..!"

നഷ്ടപ്രണയം 

കന്നി അയ്യപ്പന്മാർ മലകയറുമ്പോൾ ശരക്കോല് കുത്തിയിരുന്ന ആൽമരം സ്വയം ജീർണ്ണിച്ച് പോയത്, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ മോഹിച്ച പെൺകൊടിയുടെ സ്വപ്നം ഒരിയ്ക്കലും സാഫല്യമാകത്തില്ല എന്ന സത്യം അറിയാമായിരുന്നു എന്നത് കൊണ്ടാവാം. 

മണികണ്ഠനെ ആയോധനകല അഭ്യസിപ്പിച്ച ചീരപ്പൻചിറയിലെ കളരിഗുരുക്കളുടെ മകൾ അയ്യപ്പനിൽ അനുരക്തയായതും, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻ പ്രണയാഭ്യർത്ഥന നിരസിച്ചതും, അവർ വീണ്ടും നിർബ്ബന്ധിച്ചപ്പോൾ, തന്റെ സമീപത്ത് മാളികപ്പുറത്ത് വസിയ്ക്കാൻ അനുവദിച്ചതും, കന്നി അയ്യപ്പന്മാർ വരാത്ത കാലം അവരെ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്തതും മനസ്സിലോടിയെത്തും.

ഉത്സവകാലത്ത്  മാളികപ്പുറത്തമ്മ ശരംകുത്തിയാലിലേയ്ക്ക് എഴുന്നുള്ളുന്നത് കന്നിക്കാരാരും ഉണ്ടാവരുതേ എന്ന ആഗ്രഹത്തോടെ ആണ്. പക്ഷേ, ആലിൻചുവട് മറച്ച്  പതിനായിരക്കണക്കിന് ശരക്കോലുകൾ കിടക്കുന്നത് കണ്ട് നിരാശയോടെ മടങ്ങുന്ന അമ്മയുടെ നിസ്സഹായാവസ്ഥ കണ്ട് ആൽ സ്വയം ജീവൻ വെടിഞ്ഞതാകാം. നഷ്ടപ്രണയത്തിന്റെ തേങ്ങലുകൾ തങ്ങി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ കണ്ണീർ പൊഴിച്ചുവോ.

malikappurathamma

ജീവിതപന്ഥാവിലെ കല്ലും മുള്ളും ചവിട്ടി നടന്നവർക്ക്  ശബരിമലയിലെ കല്ലും മുള്ളും തുലോം നിസ്സാരമായി തോന്നുന്നത് സ്വാഭാവികം. കാനനഭംഗി രുചിച്ചും കൊതിച്ചും ഇരുമുടിക്കെട്ട് ശിരസ്സിൽ താങ്ങി ശരണമന്ത്രം വിളിച്ച് ഉള്ളിലെ നെരുപ്പോടിലെ അഗ്നിനാമ്പുകളെ തുഷാരകണങ്ങളാക്കി മാറ്റി, പാപപങ്കിലമനസ്സ് കടഞ്ഞ് തെളിനീരാക്കി ദിവ്യദർശനത്തിന് മനസ്സ് ഒരുങ്ങും.

തത്വമസി 

പല ദേശങ്ങളിൽ നിന്നുള്ള വിവിധ ഭാഷകൾ സംസാരിയ്ക്കുന്നവർ, പണ്ഡിതരും പാമരരും, സമ്പന്നരും ദരിദ്രരും, ജാതിഭേദമില്ലാതെ എല്ലാവരും ഒരേ ഒരാൾ..സ്വാമിഅയ്യപ്പൻ.! പേരെടുത്തു വിളിയ്ക്കാതെ സ്വാമിയെന്നോ അയ്യപ്പാ എന്നോ മാളികപ്പുറം എന്നോ,  ദർശനത്തിന് വരുന്നവരെ പരസ്പരം അഭിസംബോധന ചെയ്യുന്ന ദാർശനികത.

പതിനെട്ടാം പടി കയറുമ്പോൾ ഭക്തിയിൽ വിതുമ്പുന്ന മനസ്സ്. കണ്ണിലൂടെ ഒഴുകുന്ന ആനന്ദക്കണ്ണീർ കൊണ്ട് അയ്യന്റെ തൃപ്പാദാഭിഷേകം. ശ്രീകോവിലിൽ നിന്നും ഒഴുകുന്ന അലൗകികതേജസ്സിൽ പുണ്യപാപങ്ങൾ ഒഴുകി നടക്കുന്നത് അനുഭവിച്ച് അറിയുന്നു.

മനുഷ്യരോടൊപ്പം, കാടും കാട്ടാറും വന്യമൃഗങ്ങളും വന്യവൃക്ഷങ്ങളും പച്ചിലച്ചാർത്തുകളും പ്രകൃതിയും കാത്തുകാത്തിരുന്ന മകരവിളക്ക്. ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടിൽ തിരയുന്ന മിഴികളിലെ ഭക്തിസാന്ദ്രത. മകരനക്ഷത്രം ആകാശത്ത് ഉദിച്ചെന്ന് പാറിപ്പറന്നു വന്ന് പരുന്ത് സന്ദേശം അറിയിച്ചു.

makarajyothi

ലക്ഷക്കണക്കിന് കണ്ഠങ്ങളിൽ നിന്ന് ഉയരുന്ന ശരണം വിളികൾ പതിനെട്ട് മലകളിലും തട്ടി പ്രതിധ്വനിച്ചു.  ഇരുളിൽ തെളിഞ്ഞ മകരജ്യോതി ലക്ഷങ്ങളുടെ കണ്ണിൽ നിന്ന് പമ്പാ നദിയായി ഒഴുകി. ജന്മസാഫല്യമായി മകരദീപം. 

ഇരുമുടിക്കെട്ടിൽ കൊണ്ടുവന്ന നെയ്തേങ്ങയിലെ നെയ്യ് ,ദേഹി, അയ്യപ്പനിൽ അഭിഷേകം ചെയ്ത് ലയിപ്പിച്ച് ,തേങ്ങയാകുന്ന ദേഹത്തെ, അഹം എന്ന ഭാവത്തെ പതിനെട്ടാം പടിയുടെ മുന്നിലെരിയുന്ന ആഴിയിൽ ദഹിപ്പിച്ച് ആത്മനിർവൃതിയോടെ മടക്കയാത്ര.

ഭക്തിയുടെയും വിശ്വാസത്തിന്റെയും സുഖംപകരുന്ന മണ്ഡലക്കാലം. ദേവനും ഭക്തനും ഒന്നാണെന്ന് ശബരിമല പറഞ്ഞുതരുന്ന സത്യമായ തത്വം. തന്നെക്കാണാൻ വരുന്നവരുടെ ഭക്തിയിൽ മാത്രം പ്രസാദിയ്ക്കുന്ന കലിയുഗ വരദൻ. ഏഴകൾക്ക് ഈശൻ.!

 

Advertisment