Advertisment

സെറിബ്രൽ പാൾസിയുടെ വെല്ലുവിളികളെക്കുറിച്ചറിയാം ! കൂടെ നിൽക്കാം, കരുത്ത് പകരാം...

author-image
സത്യം ഡെസ്ക്
New Update
ceribral palsy

'ഒരുമിക്കാം ശക്തിയോടെ' (Together Stronger) എന്നതാണ്  ഈ വർഷത്തെ ലോക സെറിബ്രൽ പാൾസി ദിനത്തിന്റെ മുദ്രാവാക്യം. സെറിബ്രൽ പാൾസി ബാധിതരോട് കാണിക്കേണ്ട ഐക്യം, സഹകരണം, പരസ്പര പിന്തുണ എന്നിവയെ വരച്ചു കാണിക്കുന്നതാണ് ഈ സന്ദേശം. സെറിബ്രൽ പാൾസിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.  

Advertisment

ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ചലന വൈകല്യമാണ് സെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാതം. 

ലഭ്യമായ വിവരങ്ങൾ പ്രകാരം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ലിഖിതങ്ങളിലാണ്  ഇതിനെ കുറിച്ചുള്ള ആദ്യ പരാമർശനങ്ങൾ ഉള്ളത്.

ബി.സി അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതുന്നവയാണ് ഇവ. ആധുനിക കാലത്തേക്ക് വന്നാൽ 1860കളില്‍ വില്ല്യം ജോണ്‍ ലിറ്റിലിനാല്‍ എന്ന സർജനാണ് 'സെറിബ്രല്‍ പരാലിസിസ്' എന്ന പേരില്‍ ഈ അസുഖം വിവരിക്കുന്നത്. പ്രമുഖ ഫിസിഷ്യനായിരുന്ന വില്ല്യം ഓസ്ലറാണ് സെറിബ്രല്‍ പാള്‍സി എന്ന പേരിടുന്നത്. 

എന്താണ് സെറിബ്രൽ പാൾസി ? 

ഗർഭാവസ്ഥയിലോ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ ഒരു കുഞ്ഞിനുണ്ടാകുന്ന മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി. 

ഇതിനെ ഒരു പ്രത്യേക രോഗമായി കണക്കാക്കാൻ കഴിയില്ല. ചലനം, ശരീരത്തിന്റെ സന്തുലനം, നിൽപ്പ്, ഏകോപിത പ്രവർത്തനങ്ങൾ, ആശയ വിനിമയം, പഠിക്കാനുള്ള കഴിവ്, ഭക്ഷണം, ഉറക്കം എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങൾ തുടങ്ങി വിവിധ രൂപത്തിലുള്ള ബുദ്ധിമുട്ടുകളെ ഇതിന് കീഴിൽ പറയാൻ കഴിയും. 

അതേസമയം കുട്ടികളുടെ മസ്തിഷ്കത്തിൽ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ്‌ കൂടുതലായി ക്ഷതം അനുഭവപ്പെടുന്നതായി കാണുന്നത്. ഇന്ത്യയിൽ 1000 കുഞ്ഞുങ്ങൾ  ജനിക്കുമ്പോൾ മൂന്ന് പേർ സെറിബ്രൽ പാൾസി ബാധിതരാണെന്നാണ് സ്ഥിതി വിവര കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

സെറിബ്രൽ പാഴ്സി ബാധിതർ നേരിടുന്ന ബുദ്ധിമുട്ടുകൾ 

ഓരോ വ്യക്തികളെയും വിവിധ തരത്തിലാണ് സെറിബ്രൽ പാൾസി ബാധിക്കുന്നത്. കഠിനമായ സെറിബ്രൽ പാൾസിയുള്ളവർക്ക് ഭക്ഷണം വിഴുങ്ങുന്നതിനും ശ്വസിക്കുന്നതിനും തല, കഴുത്ത്, മൂത്രസഞ്ചി, മല വിസർജ്ജനം എന്നിവ നിയന്ത്രിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടാം. 

ചിലരിൽ ഒരു കൈയ്ക്ക് മാത്രമായിരിക്കും ബലഹീനത ഉണ്ടാകുക. ചിലർക്ക് മുഴുവൻ സമയവും പരസഹായം വേണ്ടി വന്നേക്കാം.

പല വ്യക്തികൾക്കും ശബ്ദങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. സെറിബ്രൽ പാൾസിയുള്ള നാലുപേരിൽ ഒരാൾക്ക് സംസാരിക്കാൻ സാധിക്കില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

ചിലരിൽ സെറിബ്രൽ പാൾസിയുമായി ബന്ധപ്പെട്ട മറ്റു വൈകല്യങ്ങൾ മൂലം ശക്തമായ വേദന അനുഭവപ്പെടാറുണ്ട്. ഇത് പെരുമാറ്റം, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, ഉറക്കം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. 

പ്രധാന കാരണങ്ങൾ 

വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങളും ബുദ്ധിമുട്ടുകളുമാണ് സെറിബ്രൽ പാൾസിയുടെ പ്രധാന കാരണം. വിഖ്യാത മനശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ സിഗ്മണ്ട് ഫ്രോയ്ഡായിരുന്നു ഗര്‍ഭസ്ഥശിശുക്കളിലെ വളര്‍ച്ച തകരാറുകളാണ് ഇതിന് പ്രധാന കാരണമെന്ന് കണ്ടെത്തിയത്.  

ഗർഭകാലത്ത് മാതാവിനുണ്ടാകുന്ന അണുബാധകള്‍, വിവിധ വൈറസ്‌ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് അമിത ഭാരക്കുറവ്‌ അനുഭവപ്പെടുക, ഗര്‍ഭാവസ്ഥയില്‍  ഉണ്ടാകുന്ന ശ്വാസതടസം, പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ അവസ്ഥ, രക്തത്തിൽ കാണപ്പെടുന്ന ഗ്ലൂക്കോസിന്‍റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങള്‍, കുഞ്ഞ് കരയാന്‍ വൈകുന്നത്‌ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, മസ്തിഷ്ക സംബന്ധമായ മെനിഞ്ചൈറ്റിസ്‌ എങ്കഫലൈറ്റിസ്‌ പോലെയുള്ള അണുബാധകള്‍, ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയെല്ലാം സെറിബ്രല്‍ പാള്‍സിക്ക് കാരണമായേക്കാം. ഗർഭകാലത്ത് മാതാവ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഇതിന് കാരണമാകാം.

നേരത്തെ തിരിച്ചറിയാൻ കഴിയുമോ ?

കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കുന്നത് വഴി നേരത്തെ തന്നെ സെറിബ്രൽ പാൾസി തിരിച്ചറിയാൻ കഴിയും.

മുലപ്പാല്‍ വലിച്ച്‌ കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന് ബലക്കുറവോ അനിയന്ത്രിതമായ ബലക്കൂടുതല്ലോ ഉണ്ടാകുക എന്നിവ ലക്ഷണങ്ങളാണ്.

രണ്ട്‌ മാസം പ്രായമായ കുഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാതിരിക്കുക, കണ്ണുകളിലേക്ക് നോക്കാന്‍ കഴിയാതിരിക്കുക, നാല്‌ മാസം പ്രായം ആയിട്ടും കഴുത്ത്‌ ഉറക്കാതിരിക്കുക, ശരീരത്തിന്‍റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക എന്നിവയോ വളര്‍ന്ന് തുടങ്ങുമ്പോള്‍ അതാത്‌ സമയങ്ങളില്‍, കുട്ടിയുടെ തല ഉറക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തുടങ്ങിയ കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ കുട്ടിക്ക് സാധിക്കാതിരിക്കുകയോ ചെയ്യുന്നത് രോഗ ലക്ഷണങ്ങളാണ്.

വിദഗ്ദ്ധ ഡോക്ടർമാരുമായി ജനന ചരിത്രം പങ്ക് വെക്കുകയും സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തുകയും വേണം. വിശദമായ  ശാരീരിക പരിശോധനകള്‍, രക്തപരിശോധനകള്‍, ഇ.ഇ.ജി, സി.ടി, എം.ആര്‍.ഐ, കേള്‍വി, കാഴ്ച്ച സംബന്ധമായ പരിശോധനകള്‍ എന്നിവ നടത്തേണ്ടത് അത്യാവശ്യമാണ്.

ചികിത്സ

നിലവിൽ സെറിബ്രൽ പാൾസി പൂർണമായും ഭേദമാക്കാൻ  പ്രത്യേക ചികിത്സകളൊന്നും ഇല്ല. മരുന്ന് കൊണ്ട്‌ മാത്രം ഭേദമാക്കാനും കഴിയില്ല. വിവിധ തരം തെറാപ്പികളും അത്യാവശ്യമാണ്. 

ഇതിനായി ശിശുരോഗ വിദഗ്ദ്ധന്‍, പീഡിയാട്രിക്‌ ന്യൂറോളജിസ്റ്റ്‌, ഏര്‍ളി ഡവലപ്പെമെന്‍റല്‍ തെറാപ്പിസ്റ്റ്‌, പീഡിയാട്രിക്‌ ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സൈക്കോ ബിഹേവിയറല്‍ തെറാപ്പിസ്റ്റ്‌, സ്പെഷ്യല്‍ ടീച്ചേര്‍സ്‌, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിച്ച്‌ വിലയിരുത്തിയതിന്‌ ശേഷമാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. അതേസമയം ചികിത്സ വൈകുന്നത് ഫലപ്രാപ്തി കുറക്കും.

സെറിബ്രൽ പാൾസി ബാധിച്ച 40 ശതമാനം കുട്ടികളെങ്കിലും സാധാരണ ബുദ്ധിശേഷിയുള്ളവർ തന്നെയാണ്. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിത്സ നൽകണം.

കൂടെ നിൽക്കാം, കരുത്ത് പകരാം

ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തെ ദുഷ്ക്കരമാക്കുന്നതാണ് സെറിബ്രൽ പാൾസി മൂലമുണ്ടാകുന്ന വൈകല്യങ്ങൾ. 

സെറിബ്രൽ പാൾസി ബാധിതരുടെ കൂടെ നിന്ന് ആത്മവിശ്വാസവും കരുത്തും പകരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 

ഇതു വഴി അവർക്ക് സമൂഹത്തിലേക്ക് കൂടുതൽ ഇടപഴകാൻ സാധിക്കും. അതേസമയം നൈപുണ്യ വികസനത്തിലൂടെ അവരെ സ്വയം പര്യാപ്തരാക്കാൻ പരിശീലിപ്പിക്കുന്നതും വളരെ നല്ലതാണ്.

സെറിബ്രൽ പാൾസിയുള്ള കുട്ടികൾക്ക് പ്രത്യേക ചികിത്സ ആവശ്യങ്ങളുണ്ട്. ഡോക്ടർമാരും തെറാപ്പിസ്റ്റുകളും കുട്ടിയുടെ ചികിത്സയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുമെങ്കിലും, സ്വന്തം കുട്ടിയുടെ ജീവിതം സുഗമമാക്കാൻ മാതാപിതാക്കൾക്കും കുടുംബാഗങ്ങൾക്കും വലിയ പങ്ക് വഹിക്കാനാകും. 

മക്കളുടെ / സഹോദരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇതോടൊപ്പം ചികിത്സയിൽ പങ്ക് ചേരുന്നതും നല്ലതാണ്. ചികിത്സകൾക്ക് ഫലം ലഭിക്കുന്നുണ്ടോ എന്നറിയാനും ഇത് സഹായിക്കും.

സെറിബ്രൽ പാൾസിയുള്ള ഒരു കുട്ടിക്ക് സഹോദരങ്ങൾക്കോ, സമപ്രായക്കാർക്കോ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും അവരെ പോലെ ചെയ്യാൻ കഴിയില്ല. 

പക്ഷേ പരിമിതിയിൽ  അസ്വസ്ഥനാകാതിരിയ്ക്കാൻ വേണ്ട പിന്തുണ നൽകേണ്ടത് കുടുംബമാണ്. കുടുംബാഗങ്ങൾ ചേർന്ന് സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ മനസ്സ് വിശാലമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. 

ബീച്ചിലേക്കും പാർക്കുകളിലേക്കും കൊണ്ടുപോവുക, എല്ലാത്തരം സംഗീതവും കേൾപ്പിക്കുക, പല കളികളിലും പങ്കെടുപ്പിക്കുക, മാതാപിതാക്കൾ പുതിയ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ, സജീവമായ പങ്ക് വഹിക്കാൻ കുട്ടിക്ക് അവസരം നൽകണം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സ്‌മിലു മോഹൻലാൽ (സീനിയർ സ്പെഷ്യലിസ്റ്റ് - പീഡിയാട്രിക് ന്യൂറോളജി, ആസ്റ്റർ മിംസ്, കോഴിക്കോട്)

Advertisment