/sathyam/media/media_files/HEazZkDgWsdYKg9bSdJj.jpg)
ഞങ്ങളുടെ മെമ്പർ ഇപ്പോൾ ഒരു സാഹസിക യത്നത്തിലാണ്... അറിയില്ലേ തലവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പറായ രഞ്ജിത്തിനെ ? ചില്ലറനാണയങ്ങളുമായി വൈദ്യുതി ബില്ലടയ്‌ക്കാൻ കെഎസ്ഇബി ഓഫീസിൽ പോയി അവരെ വെള്ളം കുടിപ്പിച്ചത്...
മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വാഹനം തലവൂർ വഴി കടന്നു പോകുന്നതിനു മുന്‍പേ ശരീരമാസകലം വെള്ള ചായം പൂശി പ്രതിഷേധിക്കുകയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതും..? അന്നുമുതൽ അദ്ദേഹം കേരളമാകെ അറിയപ്പെടുന്നത് വെറൈറ്റി മെമ്പര്‍ എന്ന പേരിലാണ്.
തമിഴ് പത്രങ്ങളിലും ഗൾഫ് ന്യൂസിലുമൊക്കെ ഇത് വാർത്തയായിരുന്നു. ഇപ്പോൾ അദ്ദേഹം വിശാലമായ ഒരു യാത്രയിലാണ്. അതും സൈക്കിളിൽ ഒറ്റയ്ക്ക്. രാമേശ്വരത്തുനിന്നും അയോദ്ധ്യയിലേക്ക് ഏകദേശം 2500 കിലോമീറ്റർ ദൂരമാണ് ചവിട്ടുന്നത്.
അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ഇക്കഴിഞ്ഞ 22 ന് ഉച്ചയ്ക്ക് 12 മണിക്കാണ് രാമേശ്വരത്ത് നിന്നും രഞ്ജിത്ത് അയോദ്ധ്യയിലേക്ക് സൈക്കിളിൽ പ്രയാണമാരംഭിച്ചത്.
തലവൂർ ഓർത്തോഡോക്സ് വലിയപള്ളിയിൽ നിന്നും, തലവൂർ തൃക്കൊന്നമർക്കോട് ദേവീക്ഷേത്രത്തിൽ നിന്നും ശേഖരിച്ച മണ്ണും ഒപ്പം രാമേശ്വരത്തുനിന്നുള്ള മണ്ണും കൊണ്ടാണ് രഞ്ജിത്തിന്റെ യാത്ര. ഇവ ശ്രീരാമ സന്നിധിയിൽ സമർപ്പിക്കാനുള്ള ഈ സാഹസിക പ്രയാണം ശ്രീരാമ ഭക്തനായ രഞ്ജിത് ഒറ്റയ്ക്കാണ് നടത്തുന്നത്.
അദ്ദേഹം ആന്ധ്രപ്രദേശിലെ കുർണൂൽ (Kurnool) പിന്നിട്ടു. വഴിയിൽ കാണുന്ന സത്രങ്ങളിലും, ക്ഷേത്രങ്ങളിലും, ബസ് സ്റ്റോപ്പുകളിലും ഒക്കെയാണ് ഉറക്കം. കുളിയും ആഹാരവുമൊക്കെ വാഴോയോരത്തെ അപ്പോഴത്തെ സൗകര്യമനുസരിച്ച്.
രാമേശ്വരത്തുനിന്നും അയോദ്ധ്യയിലേക്ക് , രാമനിൽ നിന്നും രാമനിലേക്ക് (RAMESWARAM TO AYODHYA, Ram se Ram Tak) എന്നാണ് യാത്രയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്ന പേര്. ഈശ്വരവിശ്വാസം ഓരോ വ്യക്തിയുടെയും മൗലികമായ അവകാശമാണ്. അത് മറ്റുള്ളവർ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതുമല്ല.
പോകുന്ന വഴികളിലും സ്ഥലങ്ങളിലുമെല്ലാം ആളുകളിൽനിന്നും നല്ല സഹകരണവും സ്നേഹവുമാണ് ലഭിക്കുന്നതെന്ന് രഞ്ജിത് അറിയിച്ചു. ഒരു മുൻസൈനികനായിരുന്ന അദ്ദേഹത്തിന് ഹിന്ദി നല്ല വശമായതിനാൽ ദേശങ്ങളും ഭാഷയുമൊന്നും ഈ നീണ്ട യാത്രയിൽ ബുദ്ധിമുട്ടാകുന്നില്ല.
തലവൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ജനകീയനായ വാർഡ് മെമ്പറായ രഞ്ജിത് ഏതാണ്ട് ഒന്നരമാസത്തെ ലീവ് എടുത്താണ് ഈ യാത്രയ്ക്ക് പുറപ്പെട്ടത്. ഭാരതത്തിന്റെ തെക്കേയറ്റത്തുനിന്നും ആദ്യമായാണ് ഒരാൾ ഇത്ര ദൂരം ഒറ്റയ്ക്ക് സൈക്കിളിൽ അയോധ്യക്ക് പോകുന്നത്. ഇത് ഒരു റിക്കാർഡ് തന്നെയാണ്. ദിവസം ശരാശരി 80 -100 കിലോമീറ്റർ അദ്ദേഹം സൈക്കിൾ ചവിട്ടുന്നുണ്ട്.
ഇതുവരെ 8 ദിവസം കഴിഞ്ഞപ്പോൾ 900 കിലോമീറ്റർ ദൂരം താണ്ടിക്കഴിഞ്ഞിരിക്കുന്നു. ഇനി മുന്നോട്ടുള്ള യാത്രയിൽ തണുപ്പേറിയ കാലാവസ്ഥ അൽപ്പം ബുദ്ധിമുട്ടാകാൻ ഇടയുണ്ട്. രാവിലെയും വൈകുന്നേരങ്ങ ളിലും സൈക്കിൾ യാത്ര ദുഷ്കരമാകും.
തലവൂർ പഞ്ചായത്തിലെ മെമ്പറായ നാൾ മുതൽ വളരെ വേറിട്ട ഒരു പ്രവർത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചുപോന്നത്. പ്രതിഷേധങ്ങൾക്ക് എപ്പോഴും അദ്ദേഹത്തിന്റേതായ ഒരു തനതു രീതിയുണ്ട്.
രണ്ടാലുംമൂട് ജംക്ഷനിൽ ട്രാഫിക്ക് സിഗ്നൽ സ്ഥാപിക്കാനായി സ്വന്തം തലയിൽ ഒരു ആർട്ടിഫിഷൽ ലൈറ്റും ചുമന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഒരു കസേരയിൽ റോഡിലിരുന്നു ട്രാഫിക്ക് നിയന്ത്രിച്ചത് ഏറെ ശ്രദ്ധയാകർഷിക്കുകയും അവിടെ ഉടനടി താൽക്കാലിക സോളാർ ട്രാഫിക്ക് ലൈറ്റ് സ്ഥാപിതമാകുകയും ചെയ്തു.
തലവൂർ പഞ്ചായത്തോഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യവുമായി കാലിൽ പ്ലാസ്റ്റർ ചുറ്റി വീൽ ചെയറിൽ അദ്ദേഹം നടത്തിയ പ്രതിഷേധവും ഫലം കണ്ടു.
നമ്മുടെ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലെ ബോർഡുകളിൽ ഹിന്ദിയിലെഴുതിയിരിക്കുന്ന മൃദുഭാവേ ദൃഢകൃത്യേ ( मृदुभावे ढृढ़कृत्ये ) അതായത് മൃദുഭാവേന ദൃഢമായ കൃത്യനിർവഹണം എന്നത് मृदुभावे हढ़कृत्ये ( മൃദുഭാവേ ഹട് കൃത്യേ) എന്നുവച്ചാൽ മൃദുഭാവേന കൃത്യം ചെയ്യാതിരിക്കുക) എന്ന വലിയ തെറ്റ് അദ്ദേഹം കൊല്ലം റൂറൽ എസ് പി ഓഫീസിനിമുന്നിൽ ഒരു ബോർഡ് സ്ഥാപിച്ച് ഉദ്ദ്യോഗസ്ഥരെ എഴുതിക്കാട്ടി ബോദ്ധ്യപ്പെടുത്തുകയുണ്ടായി.
തൻ്റെ വാർഡിലെ വൃദ്ധകളായ അമ്മമാർക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കിയ വലിയൊരു മാതൃകാ പദ്ധതി നടപ്പാക്കുകയും അടിമാലി ടൗണിൽ വാർദ്ധക്യ പെൻഷനുവേണ്ടി ചട്ടിസമരം നടത്തിയ മറിയക്കുട്ടി അമ്മച്ചിയെ തലവൂരിൽ കൊണ്ടുവന്ന് അവരെക്കൊണ്ട് അമ്മമാർക്കെല്ലാം മൊബൈൽ ഫോണുകൾ കൊടുപ്പിക്കുകയും ചെയ്തശേഷമാണ് രഞ്ജിത് അയോദ്ധ്യക്ക് യാത്രയായത്.
ഒരു പഞ്ചായത്ത് മെമ്പറായിക്കഴിഞ്ഞാൽ താനാണ് നാടിന്റെ സർവ്വസ്വം എന്ന നിലയിൽ പ്രവർത്തിക്കുകയും അതിൻ്റെ തലക്കനത്തോടെ ആളുകളോട് പെരുമാറുകയും ചെയ്യുന്ന ചിലരെയെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ട്.
അടുത്തിടെ ഒരു വലിയ അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പൊതുസദസ്സിൽ ശക്തമായി പ്രതികരിച്ച എന്നെ ഒച്ചവെച്ച് നിശ്ശബ്ദയാക്കാൻ ഒരു കൊച്ചു പഞ്ചായത്ത് മെമ്പർ നടത്തിയ ശ്രമം ഞെട്ടിച്ചുകളഞ്ഞു.സ്വന്തം സമുദായക്കാരനു വേണ്ടിയാണ് അവർ നിലകൊണ്ടത്. അസുഖം വർഗീയതതന്നെ.
അതൊക്കെവച്ചുനോക്കുമ്പോഴാണ് രഞ്ജിത് എന്ന ആകർഷക വ്യക്തിത്വത്തിൻ്റെ തിളക്കം കൂടുതൽ ബോധ്യമാകുന്നത്. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥതയും മതേതരനിലപാടുകളും ആരിലും മതിപ്പുളവാക്കുന്നതാണ്. ഇത്തരം ആളുകൾ ജനസേവകരും ജനപ്രതിനിധികളുമായി മുന്നോട്ടുവന്നാൽ മാത്രമേ നാട് ഗതിപിടിക്കുകയുള്ളു.
വളരെയേറെ ജനകീയനും അഴിമതി തൊട്ടുതീണ്ടിയില്ലാത്ത കറകളഞ്ഞ വ്യക്തിത്വവുമായ രഞ്ജിത് നല്ലൊരു ആർട്ടിസ്റ്റ് കൂടിയാണ്. അദ്ദേഹത്തിന് എല്ലാ യാത്രാമംഗളങ്ങളും ഒപ്പം ആയുരാരോഗ്യവും നേർന്നുകൊള്ളുന്നു.