Advertisment

അന്ന് ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി മധ്യകേരളത്തില്‍ നിന്നും ഹൈറേഞ്ചിലേയ്ക്കും മലബാറിലേയ്ക്കും കുടിയേറിയ കര്‍ഷകര്‍ പടുത്തുയര്‍ത്തിയത് ഒരു സംസ്കാരമാണ്. അവരിപ്പോള്‍ കുടിയിറങ്ങേണ്ട അവസ്ഥയിലും. ഇന്നിപ്പോള്‍ കുടിയേറ്റത്തിന്‍റെ ആഗോള സാധ്യതകള്‍ പരീക്ഷിക്കയാണ് പുതിയ തലമുറ. അവിടെയും ചില ആകുലതകള്‍ ബാക്കിയാണ് - കര്‍ഷകരുടെ കുടിയേറ്റ ചരിത്രം വിവരിച്ച് ഇന്‍ഫാം ദേശീയ ചെയര്‍മാര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ ലേഖനം

New Update
Fr. thomas mattamundayil-3

കുടിയേറ്റങ്ങൾക്ക് മാനവരാശിയുടെ ആരംഭത്തോളം തന്നെ പഴക്കമുണ്ട്. ചരിത്രങ്ങളിൽ നിന്നും മനസ്സിലാകുന്നത് മനുഷ്യൻ പ്രകൃത്യാ തന്നെ കുടിയേറ്റസ്വഭാവമുള്ളവനാണെന്നാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി ആദിമുതലേ മനുഷ്യൻ കുടിയേറ്റം നടത്തിക്കൊണ്ടേയിരുന്നു. 

Advertisment

ആദ്യകാല കുടിയേറ്റങ്ങൾ നദീതടങ്ങളെയും ഫലപൂയിഷ്ടമായ താഴ്വാരങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു. തൻ്റെ കുടിയേറ്റ പ്രയാണത്തിൽ അനുകൂലമായ സാഹചര്യങ്ങൾ കണ്ടെത്തിയപ്പോൾ അവിടെ വാസമുറപ്പിക്കുകയും അവിടുള്ള വിഭവങ്ങൾ ഉപയോഗിച്ച് ജീവിതാഭിവൃദ്ധി ആർജിക്കുകയും ചെയ്‌തു. അങ്ങനെ നദീതടങ്ങൾ പുതിയ സംസ്‌കാരത്തിൻ്റെ ഈറ്റില്ലങ്ങളായി മാറി. 


ആ നാടിനും ആ ദേശത്തിനും ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ ജനപ്പെരുപ്പവും മൃഗപ്പെരുപ്പവും ഉണ്ടാകുമ്പോൾ അവിടെനിന്നും വിഭജിതമായി പുതിയ സാധ്യതകളും ഇടങ്ങളും തേടി വീണ്ടും യാത്രയാരംഭിക്കുന്നു. ആരംഭകാലങ്ങളിലെ കുടിയേറ്റയാത്രയുടെ ദൂരം ഹ്രസ്വമായിരുന്നുവെങ്കിലും പിൽക്കാലത്ത് അവ ദൈർഘ്യമുള്ളവയായി.

കുടിയേറ്റങ്ങളുടെ തുടക്കം

കേരളത്തിന്റെ തന്നെ കുടിയേറ്റ ചരിത്രം പരിശോധിച്ചാൽ മധ്യതിരുവിതാംകൂറിൽ നിന്നും ഭോരണാധികാരികളുടെ താൽപ്പര്യപ്രകാരം ഹൈറേഞ്ചിലേക്കും മലബാറിലേക്കുമൊക്കെ നടത്തിയ ആഭ്യന്തര കുടിയേറ്റങ്ങൾ പ്രധാനമായും ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പിന്നീട് തൊഴിലിന്റെയും കൃഷിയുടെയും വ്യവസായത്തിന്റെയും സാധ്യതകൾ തേടി അന്തർസംസ്ഥാന കുടിയേറ്റങ്ങൾ നടന്നു. 


ഇന്ന് ആഗോള സാധ്യതകളെക്കുറിച്ച് പഠിച്ച് മറ്റു രാജ്യങ്ങളിലേക്ക് വളരെയധികം കുടിയേറ്റങ്ങൾ നടക്കുന്നു. അത് പഠനം, ജോലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, ബിസിനസ്, ഖനനം, കൃഷി എന്നീ കാര്യങ്ങളുടെ സാധ്യതകൾ തേടിയുള്ളതാണ്.


എന്തിനേറെ, ശാസ്ത്ര സാങ്കേതിക മികവിൻ്റെ ചിറകിലേറി അന്യഗ്രഹങ്ങളിൽ ചെന്നു പാർക്കാൻ വ്യക്തികളും രാജ്യങ്ങളും മത്സരബുദ്ധിയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ചെറുതും വലുതും ഹ്രസ്വവും ദീർഘവുമായി ഇന്നും നടന്നുകൊണ്ടിരിക്കുന്ന നിരവധി കുടിയേറ്റങ്ങൾ സംസ്കാര രൂപീകരണത്തിനും സമഗ്രവികസനത്തിനും കാരണമായി മാറുന്നു.

കുടിയേറ്റങ്ങളുടെ ഫലമായി രൂപപ്പെട്ട സിന്ധുനദീതട സംസ്‌കാരവും നൈൽ നദീതട സംസ്കാരവുമൊക്കെ ചരിത്ര സാക്ഷ്യങ്ങളായി നമ്മുടെ മുമ്പിലുണ്ട്. ഭാഷാന്തരങ്ങൾക്കുമപ്പുറം ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ടി നടക്കുന്ന അന്തർ സംസ്ഥാന കുടിയേറ്റങ്ങൾ പുതിയ സംസ്കാര രൂപീ കരണത്തിന് കാരണമാകുന്നതിന് ഇന്നും നമ്മൾ സാക്ഷികളാണ്. 


തൊഴിൽ തേടി അന്യ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്ന അതിഥി തൊഴിലാളികൾ കേരളത്തിൻ്റെ സംസ്കാരത്തിൽ വരുത്തുന്ന മാറ്റങ്ങളും നമുക്ക് അനുഭവവേദ്യമാണ്.


കുടിയേറ്റങ്ങള്‍ അത്യന്താപേക്ഷിതമാകുമ്പോള്‍

അന്തർദേശീയ കുടിയേറ്റങ്ങൾ കേരളത്തിൽ വളരെ വിശാലമായ ഒരു ആഗോള സംസ്‌കാര ത്തിന് രൂപം കൊടുക്കുന്നതും ഇന്നു നമുക്ക് കാണാൻ കഴിയും. അങ്ങനെ നോക്കിയാൽ വ്യക്തികളുടെ വളർച്ചയ്ക്കും കുടുംബങ്ങളുടെ നിലനിൽപ്പിനും രാജ്യത്തിൻ്റെ പുരോഗതിക്കും കുടിയേറ്റം അത്യന്താപേക്ഷിതമാണ്. 

ചുരുക്കം ചില മനസുകളിലെങ്കിലും കുടിയേറ്റം അസ്വസ്ഥജനകമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള യുവ തലമുറയുടെ കുടിയേറ്റങ്ങൾ കേരളത്തെ ഒരു വൃദ്ധസദനമാക്കുമോയെന്ന് ആകുലപ്പെടുന്നവരുമുണ്ട്. 


കുടിയേറ്റങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ ഭാവിജീവിതത്തെക്കുറിച്ചും ജീവിത സുരക്ഷയെക്കുറിച്ചും അസ്വസ്ഥമാകുന്ന മനസ്സുകളും പണ്ടെന്നതുപോലെ ഇന്നും സമൂഹത്തിലുണ്ട്.


കുടിയേറ്റങ്ങളുടെ പ്രത്യക്ഷ കാരണങ്ങൾ പലപ്പോഴും വികസനത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ള ആഗ്രഹങ്ങളുടെ സാധ്യത തേടലുകളായിരുന്നുവെങ്കിലും അടിസ്ഥാന കാരണങ്ങൾ പലപ്പോഴും ജീവിത ദുരിതങ്ങളും ഞെരുക്കങ്ങളുമായിരുന്നു. 

കുടിയേറ്റം നടത്തുന്നവർ ധൈര്യശാലികളും പ്രത്യാശാഭരിതരുമാണെങ്കിലും അവരുടെ ബന്ധുമിത്രാദികളും ഗുണകാംഷികളും എന്നും ആശങ്കാകുലരും അസ്വസ്ഥരുമാണ്.

ഇവരുടെ ആശങ്കകളും അസ്വസ്‌ഥതകളും പരിഗണിച്ചാലും അവയ്ക്കുപരി കുടിയേറ്റം നടത്താൻ ഇന്നും പലരും നിർബന്ധിതരാവുകയാണ്. 


സാഹചര്യ സമ്മർദത്താലാണെങ്കിലും കുടിയേറ്റങ്ങൾ പൊതുവേയും കാർഷിക കുടിയേറ്റങ്ങൾ പ്രത്യേകിച്ചും വ്യക്തികളുടെ വളർച്ചയ്ക്കും കുടുംബങ്ങളുടെ നിലനിൽപ്പിനും രാജ്യത്തിൻ്റെ പുരോഗതിക്കും സംസ്‌കാരത്തിൻ്റെ രൂപീകരണത്തിനും നിർണാ യകമായ പങ്കാണ് വഹിക്കുന്നത്.


ഇപ്പോള്‍ കുടിയിറക്കു ഭീഷണി ? 

ദീർഘവീഷണമുള്ള ഭരണാധികാരികളുടെ താത്‌പര്യപ്രകാരം ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി കുടി യേറ്റപ്പെട്ട കർഷകർ കാട്ടുമൃഗങ്ങളുടെ ശല്യത്താലും കപടപരിസ്ഥിതിവാദികളുടെ സ്വാർഥതയാലും ഭേദഗതി ചെയ്യപ്പെടാത്ത വന - ഭൂ നിയമങ്ങളുടെ കുരുക്കുകളാലും ബഫർസോണിൻ്റെ കരിനിഴലിൽപ്പെട്ട് ഇന്ന് കുടിയിറക്കിൻ്റെ ഭീഷണിയിലാണെന്നുള്ള വസ്‌തുത വിസ്‌മരിച്ചുകൂടാ. 


കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാതെ അവർക്കാവശ്യമായ സഹായവും നിയമപരിരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് ജീവിതവിജയം നേടാൻ സഹായിക്കുക എന്നതാണ് അധികാരികളുടെ ഉത്തര വാദിത്വം. 


കൂടിയേറ്റങ്ങൾ കാർഷികമോ, വ്യാവസായികമോ, തൊഴിൽപരമോ, വിദ്യാഭ്യാസപരമോ ആയിരുന്നാലും അവയെക്കുറിച്ചുള്ള വിലാപനിഷ്ക്രിയത്തെത്തേക്കാൾ നല്ലത് വിജയത്തിനുള്ള ക്രിയാത്മക നടപടികളാണ്.

Advertisment