ചണ്ഡനും മുണ്ഡനും കൈതയുടെ രൂപം പൂണ്ട് പാതാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നത്രേ. അതാണ് കൈതച്ചാമുണ്ഡി നാട്ടരങ്ങത്തേക്ക് കൈത വെട്ടിക്കൊണ്ടു വരുന്നതിന്റെ മിത്ത്.
കാവിൻപരിസരത്തെ മത്തവും വന്യവുമായ ആൾക്കൂട്ടത്തിൽ, കോഴിയെ പച്ചയ്ക്ക് കടിച്ചു പറിച്ച് മുഖത്തും മെയ്യിലും ചോര പുരണ്ട് ബീഭത്സമായ അന്തരീക്ഷം സൃഷ്ടിച്ചാണ് തെയ്യം കലാശമാടുക.
പ്രതിരൂപാത്മകമാണ് ശരിയായ ആവിഷ്കാരങ്ങൾ. ചരിത്രപരമായി കലയും അതെ ആചാരവും അതെ. പ്രതിരൂപാത്മകതയാണ് ഭംഗി. ചിന്തയ്ക്ക് ഇടം അതിലാണ്. ധ്വനിപ്പിക്കലാണ്..
ധ്വനിരസമാണ് സൗന്ദര്യം കൊണ്ടു വരുന്നത്. അതിന് വെട്ടും ചോരവീഴ്ത്തലുമല്ല. മഞ്ഞളും ചുണ്ണാമ്പും ചേർത്ത് വേണമെങ്കിൽ നിണം കലക്കണം. അയഥാർത്ഥ പ്രതീതി സൃഷ്ടിക്കാൻ കഴിയണം. വെട്ടിക്കൊണ്ടുവരാൻ കൈത പോരെങ്കിൽ വാഴത്തടയോ പൂക്കിലയോ വെച്ച് ആവിഷ്കാരങ്ങൾ കൊണ്ടുവരാൻ കഴിയണം. അല്ലാതെ, വന്നു നിൽക്കുന്ന മനുഷ്യരോടല്ല പരാക്രമം വേണ്ടത്.
ഭയക്കുക - ഭയപ്പെടുത്തുക. അതാണ് ഭയഭക്തി ബഹുമാനാദരങ്ങൾ. പ്രാക്തന സമൂഹങ്ങളിൽ അതിനെല്ലാം സോഷ്യോ ക്ലിനിക്കലായ ധർമ്മങ്ങൾ നിറവേറ്റാൻ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെ സിവിൽ സൊസൈറ്റിയിൽ അത്തരം കാര്യങ്ങളുടെ യാതൊരാവശ്യവുമില്ല.
പഴയതിലേക്ക് തിരിച്ചുപോക്ക് നല്ലതല്ല. പഴയതെല്ലാം അനുവർത്തിക്കുന്നതും ശരിയല്ല. കാരണം രണ്ടും അസ്ഥാനത്താണ് എന്നതു തന്നെ. അസ്ഥാനത്തു കടന്നുവരുന്നതെല്ലാം പ്രയാസകരമാകും. നമ്മൾ കടന്നു പിന്നിട്ട വഴിയാണതെല്ലാം. അങ്ങനെയൊരു പ്രസക്തിയേ ഉള്ളൂ പുരാചാരങ്ങൾക്ക്.
ഉറച്ചു പറയാം. ആത്മപീഢനപരമോ പരാക്രമപരമോ ആയ എല്ലാത്തിൽ നിന്നും വിവേകപൂർവ്വം പിന്തിരിഞ്ഞില്ലെങ്കിൽ തെയ്യം ആധുനിക സമൂഹത്തിനു തന്നെ ബാധ്യതയായി മാറും.
അവനവനോ മറ്റുള്ളവർക്കോ ബാഹ്യമോ ആഭ്യന്തരമോ ആയ ഇടിവിനു കാരണമാകുന്ന യാതൊന്നും സാധനയല്ല. പതനം സംഭവിപ്പിക്കുന്നതേതും ആത്മീയ വിരുദ്ധവുമാണ്. അതൊന്നും ഭക്തിയല്ല; സദാചാരവുമല്ല. ഇപ്പറയുന്നതിനെല്ലാം അടിസ്ഥാന ഗ്രന്ഥങ്ങൾ പ്രകാരം പ്രമാണങ്ങളുണ്ട്.
പഴയ പുസ്തകങ്ങളും പുതിയ പുസ്തകങ്ങളും രണ്ടിനെയും അംഗീകരിക്കുന്നില്ല. ഇക്കാലത്ത് മാറുന്ന ലോകത്ത് തീരെ ഇതാവശ്യമില്ല. പൊലീസ് സ്റ്റേഷനുകൾ പോലും ആവശ്യമില്ലാത്ത പര്യാപ്തതയിലേക്കെത്താൻ ലോകത്ത് സിവിൽ സമൂഹങ്ങൾ മാറി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് തെയ്യത്തിന്റെ തട്ടിവീഴ്ത്തലും കാണികളെ അടിച്ചോടിക്കലും മറ്റും.
കഷ്ടം. ഭയക്കുക ഭയപ്പെടുത്തുക - ഒരേ ചോദനയിൽ നിന്നാണത് വരുന്നത്. മാറാത്തതല്ലത്. ഇന്നത്തെ അധ്യാപകനും വിദ്യാർത്ഥിക്കുമിടയിൽ നിന്ന് അതു മാറിയില്ലേ.
നമ്മുടെ അച്ഛനോ മകനോ ആണ് മുന്നിലെന്നു ചിന്തിച്ചാൽ നമ്മൾ ഇങ്ങനെ ചെയ്യുമോ എന്ന് തെയ്യം ചിന്തിക്കണം. ചുറ്റും നിൽക്കുന്നവർ മുഴുവൻ പഴയ മനുഷ്യരല്ലാ... നാട്ടിലുള്ളവരെല്ലാം വിശ്വാസികൾ ആകണമെന്നും ഇല്ലാ. തെയ്യക്കാരൻ അനുഷ്ഠാന നർത്തകൻ, പാവം അയാൾ തീച്ചാമുണ്ഡി കെട്ടി തീയിൽ ചാടി മറിഞ്ഞ് തടി കേടാക്കുന്നത് ഇരിക്കേയാണ് ഈ വിധം മറ്റുള്ളവരോട് പരാക്രമങ്ങൾ കാട്ടുന്ന തെയ്യങ്ങൾ കെട്ടാനും നിയോഗിക്കപ്പെടുന്നത്.
ആ മനുഷ്യൻ മദ്യപിച്ചില്ലെങ്കിലാണ് അതിശയം. സാമൂഹ്യ അന്ധകാരാവസ്ഥയുടെ നേർ ചിത്രമാണ് വടക്കേ മലബാറിൽ തെയ്യത്തിന്റെ ഒരു വശത്ത് തെളിയുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി പറഞ്ഞതു പോലെ മോശം മോശം മോശം.. വളരേ മോശം.
എന്നാൽ തെയ്യം അതു മാത്രമല്ല. പ്രകൃതിപരമായ വൈരുധ്യ യാഥാർത്ഥ്യങ്ങളാണതിന്റെ ശക്തി. ശാന്തസൗഹൃദ സ്വഭാവികളും ഉഗ്രരൗദ്ര പ്രതാപികളും നർമ പൊറാട്ടുകളും തെയ്യാട്ട പ്രപഞ്ചത്തിലുണ്ട്.
അപ്സരസുന്ദരിയായാലും ചവിട്ടേറ്റു ചത്തവളായാലും എന്തിന് പുലിയും മുതലയും വരെ തെയ്യമായാൽ ആരാധിക്കപ്പെടും. തെയ്യക്കാവുകൾക്ക് മുമ്പെങ്ങും ഇല്ലാത്തവിധം ജനകീയ സ്വീകാര്യതയുടെ മുഖമാണിന്ന്....ചിന്തിക്കേണ്ടുന്ന ഘട്ടം.
അതാണ് വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നത്. ആത്മപീഢാപരമോ പരാക്രമപരമോ ആയ എല്ലാത്തിൽ നിന്നും പിന്തിരിഞ്ഞില്ലെങ്കിൽ തെയ്യം പുതിയ സമൂഹത്തിനു ബാധ്യതയായി നമ്മെ നോക്കി പല്ലിളിക്കും.