Advertisment

വിവരമില്ലാത്ത സംഗീത സംവിധായകര്‍ ഒരുപാടുള്ള കാലമാണിത്, പാടാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മാത്രം പാടി താന്‍ പണം വാങ്ങുകയാണെന്നു വെട്ടിത്തുറന്നു പറയാന്‍ ജയചന്ദ്രനു മാത്രമേ കഴിയൂ; പറഞ്ഞു കൊടുത്തത് പാടി മാത്രം ശീലിച്ചവര്‍ക്ക് അതിനുള്ള ആത്മബലമുണ്ടാകണമെന്നില്ല - ബദരി നാരായണന്‍ എഴുതുന്നു

New Update
jayachandran badri narayanan

സ്വാഭിപ്രായങ്ങൾ തുറന്നു പറയുന്നതിലൂടെയല്ലാതെ ആരെയും വേദനിപ്പിക്കാത്ത എന്റെ ഇഷ്ട ഗായകൻ ജയചന്ദ്രന് 80-ാം പിറന്നാൾ. നിങ്ങളിലെ കലാകാരൻ വളരണമെങ്കിൽ ആദ്യം തന്നെ നിങ്ങളിലെ ആസ്വാദകൻ നിത്യ ജാഗ്രതയിലും സജീവതയിലും ശക്തനായിരിക്കണമെന്ന കാര്യമാണ് ജയചന്ദ്രൻ നമ്മളെ പറയാതെ പഠിപ്പിക്കുന്ന ഒന്നാമത്തെ സംഗീതപാഠം.

Advertisment

എത്ര തന്നെ വളർന്നുയർന്നാലും ഒരു കലാകാരൻ തുടങ്ങിയത് അവിടെ നിന്നാണ്. നല്ലതു കേട്ടാൽ ഹരം കയറുന്ന ആസ്വാദകൻ. പണ്ടത്തെ കുട്ടി.. വിദ്യാർത്ഥി.. ആ ആസ്വാദകൻ ശരിയല്ലെങ്കിൽ കലാകാരനിലെ സർഗാത്മകതയുടെ കൂമ്പ് പിന്നീട് അധികം വളരാൻ പോകുന്നില്ല.

തലത് മഹമൂദ്, കിഷോർ കുമാർ, ലതാജി, പി സുശീല, സലിൽ ചൗധരി..... മുൻപേ പോയ വലിയ പ്രതിഭാശാലികളെപ്പറ്റി ചോദിച്ചാൽ ജയചന്ദ്രനിലെ ആസ്വാദകന്റെ മട്ടും ഭാവവും മാറുന്നതു കാണാം.

ഇന്റർവ്യൂ തുടങ്ങി മുഹമ്മദ് റഫിയെപ്പറ്റിയെപ്പറ്റി ആരെങ്കിലും ഓർമിപ്പിച്ചാൽ മതി ആവേശം കൊണ്ട് റാഫി ഗാനങ്ങളും അപദാനങ്ങളും പാടിപ്പറഞ്ഞ് ആ രസിക രോമാഞ്ചം കൊണ്ട് ഇന്റർവ്യൂവാകെ നിറയ്ക്കുന്ന നിഷ്കളങ്കതയായി മാറും ജയചന്ദ്രൻ. ആസ്വാദക ചിത്തം ഗൃഹാതുരതയുടെ മറുകരയെത്തും. 

സെലിബ്രിറ്റികൾക്ക് സാധാരണ സ്വന്തം വലുപ്പം പറഞ്ഞു പിടിപ്പിക്കാനുള്ള സമയമാണത് എന്നോർക്കണം. അതാണാചാരം. അല്ലെങ്കിൽ തനിക്ക് ഹിറ്റുകൾ നൽകിയ ദേവരാജൻ മാസ്റ്ററെയും ബാബുരാജിനെയും ദക്ഷിണാമൂർത്തിയെയും എം എസ് വിയെയും ഇളയരാജയെയും മാത്രം ഓർത്തു പറഞ്ഞാൽ മതിയല്ലോ.

വിവരമില്ലാത്ത സംഗീത സംവിധായകർ ഒരുപാടുള്ള കാലമാണിതെന്നും പാടാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുകയാണെന്നും ഉള്ളതു വെട്ടിത്തുറന്നു പറയാൻ ഈ രംഗത്ത് ഇന്ന് ജയചന്ദ്രനു മാത്രമേ കഴിയൂ. പറഞ്ഞു കൊടുത്തത് പാടി മാത്രം ശീലിച്ചവർക്ക് അതിനുള്ള ആത്മബലമുണ്ടാകണമെന്നില്ല.

സാങ്കേതിക പരിചയമുണ്ടായാൽ കലാകാരനായി എന്നു വന്നിരിക്കുന്ന കാലത്ത് മുതിർന്ന ഒരു കലാകാരൻ ഇത് പറയാതിരിക്കുന്നതാണ് പാതകം. ഇത്തരം സന്ദർഭങ്ങളിൽ ഭാവഗായകൻ എന്നതിലപ്പുറം ഉശിരൻ ഗായകൻ എന്നാണ് ആളെ വിളിക്കേണ്ടത്.

ജയചന്ദ്രനെ ജയചന്ദ്രനാക്കിയ ദേവരാജൻ മാസ്റ്റർ എം എസ് വിശ്വനാഥൻ എന്നിവരെ ഓർത്താൽ വാക്കുകൾക്കതീതമായ ഗുരു കാരുണ്യം ജയചന്ദ്രശബ്ദത്തിൽ അനുഗ്രഹമായി പെയ്തിറങ്ങുന്നത് നമ്മളറിയും. കേശവൻ നമ്പൂതിരി മുതൽ ടി എസ് രാധാകൃഷ്ണൻ വരെയുള്ളവരുടെ ഭക്തി ഗാനങ്ങൾ പാടുമ്പോൾ വർധിത ഭാവപൂർണിമയിൽ ജയചന്ദ്രൻ ഉദിച്ചുയരുന്നത് ആസ്വാദകർക്ക് അനുഭൂതിയായി.

സ്റ്റാർ സിംഗർ പോലെ ചില ഷോകളിൽ ജഡ്ജസായിരിക്കുന്നവർ അതിഥിയായെത്തിയ ഭാവഗായകൻ മുമ്പു പാടിയ പാട്ടുകൾ ഇംപ്രൊവൈസ് ചെയ്തു പാടുന്നതിലെ മാസ്മരിക ഭംഗിയിൽ ലയിച്ച് നിശ്ചിത ടൈം ലിമിറ്റിൽ നിൽക്കാൻ പാടു പെടുന്നതു കണ്ടിട്ടുണ്ട്. ഹരീഷ് ശിവരാമകൃഷ്ണനെ പോലുള്ളവർ പഴയതിന്റെ ഇംപ്രൊവൈസേഷൻ അവതരിപ്പിക്കുന്ന കാലമാണിത്.

അതേ സമയം ജയചന്ദ്രന്റെ ഇംപ്രൊവൈസേഷനുകളിൽ ഒരിക്കലും പഠിച്ചു കൂട്ടി വെച്ച ശാസ്ത്രീയ സംഗീത ജ്ഞാനത്തിന്റെ ഭാരമോ ഘനമോ അല്ല. മനുഷ്യമസ്തിഷ്കത്തിലെ അനുഭൂതി മണ്ഡലത്തിൽ നിന്നാണത് ഉറവയിട്ടു വരുന്നത്. ആ തെളിച്ചവും ശുദ്ധതയുമുണ്ട്. ഘനഗഹനമാകുന്നേയില്ല. സുഖദ സുന്ദരമായ ലാളിത്യമാണത്.

ദേവരാജനും ദക്ഷിണാമൂർത്തിയുമെല്ലാം സംഗീതത്തിലെ മഹാപ്രതിഭകളാണെങ്കിൽ എം എസ് വി സംഗീതം തന്നെയായിരുന്നു എന്നാണ് ജയചന്ദ്രന്റെ ശ്രദ്ധേയമായ മറ്റൊരു സൂക്ഷ്മ നിരീക്ഷണം. ഒരു ചോദ്യത്തിനു മറുപടിയായി അവരെയെല്ലാം അടുത്തറിഞ്ഞ ഒരു ഗായകൻ ഇതു പറയുമ്പോൾ എത്ര അനുഭവസാന്ദ്രതയാണാ വാക്കുകൾ. ആഹഹ !

ദേവരാജൻ മാസ്റ്റർ എന്നു പറയുന്നതു പോലെ രവീന്ദ്രനെ മാസ്റ്റർ എന്നു വിളിക്കാൻ തനിക്കു കഴിയില്ലെന്ന നിലപാട് പറഞ്ഞതിലൂടെ ഈയടുത്ത് അദ്ദേഹം സോഷ്യൽ മീഡിയക്കാലത്തിന്റെ പൊങ്കാലകൾ ഏറ്റുവാങ്ങുകയുണ്ടായി. ശരിയാണ്. തിരുവനന്തപുരത്ത് ചാൻസ് തേടി നടന്ന കുളത്തൂപുഴ രവിയെ തന്റെ സ്വന്തം മുറിയിൽ ഇടം നൽകി വളരാൻ കൂടെ നിന്നു സഹായിച്ചത് ഞാനാണ്.

ജനങ്ങൾ എന്തു വിളിച്ചാലും ശരി. രവിയെ ഞാൻ രവീന്ദ്രൻ മാസ്റ്റർ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു ജയചന്ദ്രന്റെ നിലപാട്. അല്ലെങ്കിൽ തന്നെ സിനിമാഗാന രംഗത്ത് അനേകം വലിയ പ്രതിഭകൾക്കു കീഴിൽ പാടി, എത്രയോ സീനിയറായ ജയചന്ദ്രൻ പിന്നീടുവന്ന രവീന്ദ്രനെ മാസ്റ്റർ എന്നും മറ്റും വിളിച്ചോളണം എന്ന് ആർക്കാണിവിടെ നിർബന്ധം.

ഹൃദയശുദ്ധിയുള്ള കലാകാരന്മാർ ഭാഗ്യവാന്മാർ. 80 -ാം പിറന്നാളിലെത്തിയ നല്ല ഗായകന് ആശംസകൾ...

Advertisment