Advertisment

ബഹുസ്വരതയ്ക്ക്‌ പ്രസക്തി ഉണ്ടെന്നു വാദിക്കുന്നവർ തന്നെ ആധുനിക വൈദ്യശാസ്ത്രത്തെ ഏകശരിയാക്കാനാണ് ശ്രമിക്കുന്നത് എന്നത് വിചിത്രം തന്നെ ! ആധുനിക ശാസ്ത്രം ഇട്ടാൽ അതു ബർമുഡ; മറ്റുള്ളവർ ഇട്ടാലോ, അത് വള്ളിക്കളസം എന്ന നിലപാടുകളെ അംഗീകരിക്കാനാകില്ല; ആധുനിക വൈദ്യശാസ്ത്രവും ഏകശാസ്ത്രവാദവും

author-image
ബദരി നാരായണന്‍
Updated On
New Update
badari narayanan article modern treatement

ആഗോള ഭീമൻ രാസമരുന്നു കമ്പനികളായ മൊഡേണ, ഫൈസർ, ആസ്ട്ര സെനകാ തുടങ്ങിയവരുടെ കൊവിഡ് വാക്സിൻ സ്വീകർത്താക്കളിൽ അത് ചില ആരോഗ്യപ്രശ്നങ്ങൾക്കു വഴി വെക്കുന്നുണ്ട്. ലോകത്തെ 99 ദശലക്ഷം പേരിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയ ഗൗരവമേറിയ ചില ക്ലിനിക്കൽ ഗവേഷണഫലങ്ങളാണ് ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവന്നത്. 

Advertisment

ഹൃദയഭിത്തികൾക്ക് വീക്കം മസ്തിഷ്കത്തിലും സുഷുമ്നാ നാഡിയിലുമുള്ള വീക്കം, രക്തം കട്ടപിടിക്കൽ ഒക്കെയാണ് വാക്സിൻ സ്വീകരിച്ചവരിലെ പാർശ്വഫലങ്ങളായി സ്ഥിരീകരിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ ചെറിയൊരു ശതമാനമാണെങ്കിലും രക്തം കട്ടപിടിക്കുന്ന സ്ഥിതിയിലേക്ക് എത്തുന്നുണ്ട്. രക്തം കട്ടപിടിച്ചാൽ ഹൃദയം നിലയ്ക്കും ചെറുതായൊന്നു മരിക്കും അത്ര തന്നെ എന്ന മട്ടിലാണ് ശാസ്ത്രീയ റിപ്പോർട്ടുകൾ.


പലരും ആദ്യമേ കണ്ടു പറഞ്ഞ കാര്യങ്ങൾ വിദഗ്ദ്ധർ ഇപ്പോൾ സ്ഥിരീകരിച്ചു എന്നു പറയുന്നതാണ് ശരി.


ഇന്ത്യയിൽ വ്യാപകമായി സ്വീകരിക്കപ്പെട്ട കോവിഷീൽഡിനും കോവാക്സിനും പനി - ജലദോഷത്തിനപ്പുറം പാർശ്വഫലങ്ങൾ  എന്തെല്ലാമെന്ന് പറയുന്നു പോലുമില്ല. ഗവേഷണ നിരീക്ഷണങ്ങൾ വഴിയിലാണ്, കാത്തിരുന്നു കാണേണ്ടതുണ്ടെന്ന് മനസ്സിലാക്കിക്കൊള്ളണം.

കോവിഡിന്റെ സംഹാര താണ്ഡവ സാഹചര്യം നിലനിൽക്കേ ഉടനടി വാക്സിനേഷനിലേക്ക് പോകേണ്ടി വന്നുവെങ്കിലും നാലോളം ഫേസുകൾ ട്രയൽ എടുത്ത് വ്യക്തത വരുത്തിയാണ് വാക്സിനുകളെല്ലാം ഇറങ്ങിയത്. ഇനിയും ശാസ്ത്രത്തിന് തുടർ ഗവേഷണ നിരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സമയമെടുത്തേ അനന്തര ഫലങ്ങളെപ്പറ്റി കൂടുതൽ പറയാൻ കഴിയൂ. അതാണതിന്റെ രീതി. 


ആധുനിക വൈദ്യശാസ്ത്രത്തിൽ ഉയർന്ന ഫലപ്രാപ്തി എന്ന പോലെ തന്നെ പാർശ്വഫലങ്ങളും ഉണ്ട്. സ്ഥാപിത ശരിയിലും ആത്യന്തിക കണ്ടെത്തലിലും വിശ്വസിക്കുന്ന രീതിയല്ല ആധുനിക ശാസ്ത്രത്തിന്റേത്. അതുകൊണ്ടു തന്നെ അവസാന വാക്ക് എന്ന ഒന്ന് അതിനെ സംബന്ധിച്ച് പറയുക സാധ്യമല്ല. 


അത് മാറിയും മറിഞ്ഞും പുതുങ്ങാനും നവീകരിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ശരിയിലേക്കാണ് അതിന്റെ ശ്രദ്ധയും ഊന്നലും വളർച്ചയും. അതാണ് പ്രശ്നങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പരിഹാരമായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ഇതേ ആധുനിക ശാസ്ത്രത്തിന്റെ പേരിലുള്ള ഘടാഘടിയൻ വാദങ്ങളാണ് മറ്റൊരു വശത്ത് അരങ്ങേറുന്നത്. നവനാസ്തിക മോർച്ചക്കാരുടെ വേദികളിൽ മുഴങ്ങിക്കേൾക്കാം അത്. 

ശാസ്ത്രം ശാസ്ത്രം.. ആധുനിക വൈദ്യശാസ്ത്രം. അതു മാത്രമാണ് ഏക ശരി, സർവ്വ ശരി, സദാശരി. മറ്റൊന്നും തന്നെ ശരിയല്ലെന്നാണ് അവരുടെ വാദം. പിടിവാദം കേട്ടാൽ ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ ചാക്കോമാഷ് മാറിനിൽക്കും. 


ബഹുസ്വരതയ്ക്കും വ്യത്യസ്ത അഭിപ്രായങ്ങൾക്കും പ്രസക്തി ഉണ്ടെന്നു വാദിക്കുന്നവർ തന്നെ ആധുനിക വൈദ്യശാസ്ത്രത്തെ ഏകശരിയാക്കാനാണ് ശ്രമിക്കുന്നത് എന്ന കാര്യം വിചിത്രം തന്നെ. ഏകദൈവമെന്നു കേട്ടാൽ ഹാലിളകുന്നവരാണ് ഇത്തരക്കാർ എന്നതും പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.


കാലുളുക്കിയാൽ നമ്മൾ കുഴമ്പു ചൂടാക്കി തടവുന്നത് ഇവരറിയാതെ വേണം. രാസ്നാദി പൊടി മുതൽ ച്യവനപ്രാശം വരെ പ്രശ്നമുള്ള കാര്യങ്ങളാണത്രേ. വ്യാജമാണതെല്ലാം. 

വാദം മുറുകുമ്പോൾ മോഹനൻ വൈദ്യരെ വെച്ചാണവർ ആയുർവേദത്തിന്റെ പരാജയം ഉദാഹരിക്കുക. ലോകാരോഗ്യ സംഘടന ആയൂർവേദത്തെ അംഗീകരിച്ചിട്ടുള്ളത് പറഞ്ഞാലും അവർ പിടിച്ച മുയൽക്കൊമ്പ് വിടില്ല. 

ലോകാരോഗ്യ സംഘടന പോലെ ഉത്തരവാദിത്തമുള്ള ആർക്കെങ്കിലും ആധുനിക വൈദ്യശാസ്ത്രമൊഴിച്ച് ലോകത്തുള്ള സമാന്തര വൈദ്യശാസ്ത്ര രീതികളെയെല്ലാം തള്ളിപ്പറയാൻ കഴിയുമോ ?

മഹാമാരികളും ജീവിത ശൈലീ രോഗങ്ങളും

മഹാമാരികളെന്ന പോലെ അല്ലെങ്കിൽ അതിലും അധികം ആളുകളുടെ ജീവനെടുക്കുന്ന മറ്റൊരു ഭീഷണിയായി ഇന്നു മനുഷ്യരാശിയുടെ മുന്നിൽ ജീവിത ശൈലീ രോഗങ്ങളും ഉണ്ട്. രോഗാണുക്കളല്ല; തെറ്റായ ജീവിതശൈലിയാണവിടെ വില്ലനാകുന്നത്. ജീവിതശൈലീരോഗ കാരണമായി വരുന്നതിൽ വ്യായാമക്കുറവും ഉറക്കക്കുറവും ഭക്ഷണവുമെല്ലാം പ്രധാനം തന്നെ.

ജനം വ്യാപകമായി ഭക്ഷിച്ചു കൊണ്ടിരിക്കുന്ന ചില വെളുത്ത വിഷങ്ങളെപ്പറ്റി ഈയടുത്ത കാലത്തായി ചില പുതുതലമുറ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ആധുനിക ശാസ്ത്രം അവിടേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതത്രേ. എന്താണവർ പറയുന്നത്.

വെളുത്ത വിഷങ്ങൾ (white poisons)

വെളുത്ത അരി (തവിടു നീക്കിയ ധാന്യങ്ങൾ), മൈദ, വെളുത്ത പഞ്ചസാര (Refined Sugar), വെളുത്ത ഉപ്പ് (Refined Salt), പാൽ എന്നിവ ആരോഗ്യത്തിന് ദോഷം ചെയ്തുകൊണ്ടിരിക്കുകയാണത്രേ. 

തുടർച്ചയായ ഉപയോഗം കൊളസ്ട്രോൾ, ബിപി, ഷുഗർ ലെവൽ എന്നിവ തെറ്റിക്കും. ക്യാൻസർ സാധ്യത പോലുമുണ്ടത്രേ. പകരം നാരുകളടങ്ങിയ ഭക്ഷണം, പഴം, പച്ചക്കറി, ഇലക്കറികൾ കഴിക്കണമത്രേ. അതാണ് നല്ലതത്രേ.


ചുരുങ്ങിയത് ഇരുപതു വർഷമെങ്കിലുമായി പ്രകൃതി ജീവനം അവലംബിക്കുന്നവർ നിരന്തരം ഇവിടെ പറഞ്ഞു കൊണ്ടിരുന്ന കാര്യമാണിതെല്ലാം എന്ന് നമ്മളിൽ എത്ര പേർക്കറിയാം. 


വെളുത്ത വിഷങ്ങൾ എന്ന പേരിൽ തന്നെയാണ് അവർ അതിനെ പരാമർശിച്ചു പറഞ്ഞിരുന്നത് എന്നും ഓർക്കണം. പ്രശ്നമുള്ളവ ഒഴിവാക്കി നാരുകളടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കേരളത്തിലുടനീളം വെച്ചു വിളമ്പിയവരാണവർ. എല്ലാ നഗരത്തിലുമുണ്ടായിരുന്നു ഒരു പ്രകൃതി ഭക്ഷണശാല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ബർമുഡ

വെളുത്ത വിഷങ്ങൾ... വില കൂടിയ ഡിഗ്രികൾ വാങ്ങിക്കൂട്ടിയ ഡയറ്റീഷ്യൻമാരും ഡോക്ടർമാരും ഇന്ന് അതു തന്നെ നിർദ്ദേശിക്കുന്നു. മുതലാളിത്തം പറയുന്നത് പഷ്ടും മറ്റുള്ളതിനെല്ലാം ഭ്രഷ്ടും എന്നതാണ് നമ്മുടെ വിചാരം. 

ഏതായാലും ആധുനിക ശാസ്ത്രം ഇട്ടാൽ അതു ബർമുഡ; മറ്റുള്ളവർ ഇട്ടാലോ, അത് വള്ളിക്കളസം എന്ന ഇത്തരം നിലപാടുകളെ അംഗീകരിച്ചു കൊടുക്കാൻ ബുദ്ധിമുട്ടുണ്ട്.


കാശുള്ള ഡിഗ്രി വെച്ച ഡോക്ടർ ഡാനിഷ് സലിം പറഞ്ഞാൽ അതു ശരിയാകണം  എന്നുണ്ടോ ? അതേ ഉള്ളടക്കം വായിച്ചും പഠിച്ചും ജേക്കബ് വടക്കാഞ്ചേരി ഇത്രയും കാലം പറഞ്ഞപ്പോൾ അതെല്ലാം വ്യാജമായിരുന്നോ ? സി ആർ ആർ വർമ പറഞ്ഞ പ്രകൃതി ജീവനമെല്ലാം വെറും വിഡ്ഢിത്തമായിരുന്നോ ?


അവർ പറഞ്ഞതിൽ വറ്റൽ മുളകും വാളൻ പുളിയും വർജിക്കാൻ മാത്രമേ ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ ഇനി പറയേണ്ടതുള്ളൂ. ഇപ്പോൾ തന്നെ ഫാസ്റ്റ് ഫുഡുകളും ബേക്കറി ഐറ്റംസും കോളകളും അത്ര പന്തിയല്ലെന്നായിട്ടുണ്ട്. കാത്തിരിക്കാം.

Advertisment